2013-10-08 17:00:30

ലാമ്പെദൂസായില്‍ മരണമടഞ്ഞവര്‍ക്ക് വത്തിക്കാന്‍റെ അശ്രുപൂജ


08 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഇറ്റാലിയന്‍ ദ്വീപായ ലാമ്പെദൂസായ്ക്കു സമീപമുണ്ടായ അപകടത്തില്‍ മരണമടഞ്ഞവര്‍ക്കു വേണ്ടിയുള്ള അനുസ്മരണ ദിവ്യബലി വി.പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടും. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘമാണ് ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യയിലേയും എറിത്രേയയിലേയും അലക്സാണ്‍ട്രിയന്‍ റീത്തിലെ മെത്രാന്‍മാരുടെ സഹകരണത്തോടെ ഈ അനുസ്മരണ ദിവ്യബലിയര്‍പ്പണത്തിനു നേതൃത്വം നല്‍കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ലാമ്പെദൂസാ തീരത്തുണ്ടായ ബോട്ടപകടത്തില്‍ ഇരുനൂറിലേറപ്പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ 232 പേരുടെ മൃതശരീരങ്ങളാണ് കടലില്‍നിന്ന് കണ്ടെടുത്തത്. 155പേരുടെ ജീവന്‍ രക്ഷിക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്കു സാധിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 500പേരാണ് അപകടം നടക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്നത്. അനധികൃതമായി ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ആഫ്രിക്കന്‍ അഭയാര്‍ത്ഥികളായിരുന്നു യാത്രികരില്‍ ഭൂരിഭാഗവുമെന്ന് കരുതപ്പെടുന്നു. മരണമടഞ്ഞവരില്‍ നല്ലൊരു ശതമാനവും എറിത്രേയന്‍ പൗരന്‍മാരാണ്.
ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി ഒക്ടോബര്‍ 9ാം തിയതി ബുധനാഴ്ച രാവിലെ 8മണിക്ക് വി.പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രി മുഖ്യകാര്‍മ്മികനായിരിക്കും. പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിലെ അംഗങ്ങള്‍ക്കു പുറമേ, എത്യോപ്യായുടേയും എറിത്രേയയുടേയും പ്രതിനിധികളും ദിവ്യബലിയില്‍ സംബന്ധിക്കും. പരിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച്ചയിലും അവര്‍ പങ്കെടുക്കും.
കൊല്ലപ്പെട്ട അഭയാര്‍ത്ഥികളുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
നിരന്തരം അഭ്യര്‍ത്ഥിക്കുന്നുണ്ട്. അസീസിയിലേക്കുള്ള തീര്‍ത്ഥാടനത്തിനിടയിലും, ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിലും അവരെ അനുസ്മരിച്ച പാപ്പ, ട്വിറ്ററിലൂടേയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയിരുന്നു. അപകടത്തില്‍പ്പെട്ടവരോട് ഐക്യദാര്‍ഢ്യറിയിക്കാനായി തന്‍റെ ദാനധര്‍മ്മകാര്യങ്ങളുടെ ചുമതലയുള്ള ആര്‍ച്ചുബിഷപ്പ് കൊണ്‍റാഡ് ക്രയേവ്സ്ക്കിയെ പാപ്പ ലാമ്പെദൂസായിലേക്ക് അയച്ചിരിക്കുകയാണ്.








All the contents on this site are copyrighted ©.