2013-10-07 16:15:34

കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കേണമേ!
(മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)


ഒക്ടോബര്‍ 7, വത്തിക്കാന്‍

നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ കര്‍ത്താവിനോടപേക്ഷിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്. ഒക്ടോബര്‍ 6ാം തിയതി ഞായറാഴ്ച നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ഉത്ബോധനം നല്‍കിയത്. അസീസി തീര്‍ത്ഥാടനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് തന്‍റെ വാക്കുകള്‍ ആരംഭിച്ച മാര്‍പാപ്പ നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ദൈവത്തോട് യാചിക്കേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ചും ജപമാല മാസമായ ഒക്ടോബര്‍ മാസത്തില്‍ ജപമാല ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ലാംപെദൂസാ ദ്വീപിനു സമീപമുണ്ടായ ഒരപകടത്തില്‍ കൊല്ലപ്പെട്ട അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ത്രികാലജപപ്രാര്‍ത്ഥയില്‍ പങ്കെടുക്കാനെത്തിയവരെ പാപ്പ ക്ഷണിച്ചു. 14ാമത്തെ വയസില്‍ വിശ്വാസത്തിന്‍റെ പേരില്‍ വധിക്കപ്പെട്ട സെമിനാരി വിദ്യാര്‍ത്ഥി വാഴ്ത്തപ്പെട്ട റൊനാള്‍ദോ റിവിന്‍റെ വിശ്വാസ സാക്ഷ്യത്തെക്കുറിച്ചും ത്രികാല പ്രാര്‍ത്ഥനാവേളയില്‍ മാര്‍പാപ്പ ജനങ്ങളുമായി പങ്കുവച്ചു.

പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ മലയാള പരിഭാഷ ചുവടെ ചേര്‍ക്കുന്നു.

പ്രിയ സഹോദരീ സഹോദരന്‍മാരേ സുപ്രഭാതം,

അസീസിയിലെ സന്ദര്‍ശനം

അസീസിയില്‍ ചിലവഴിച്ച ദിവസത്തെ പ്രതി ദൈവത്തിനു നന്ദി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അസീസിയിലേക്കുള്ള എന്‍റെ ആദ്യ തീര്‍ത്ഥാടനമായിരുന്നതെന്ന് നിങ്ങള്‍ക്കറിയാമോ! . വിശുദ്ധന്‍റെ തിരുന്നാള്‍ ദിനത്തില്‍ തന്നെ ഈ തീര്‍ത്ഥാടനം നടത്താന്‍ സാധിച്ചതില്‍ എനിക്കേറെ സന്തോഷമുണ്ട്. എന്നെ ഊഷ്മളമായി വരവേറ്റ അസീസിയിലെ ജനങ്ങളോട് ഏറെ നന്ദിയുണ്ട്.

വിശ്വാസം വര്‍ധിപ്പിക്കണമേ എന്ന പ്രാര്‍ത്ഥന


“അപ്പോള്‍ അപ്പസ്തോലന്‍മാര്‍ കര്‍ത്താവിനോടു പറഞ്ഞു ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കേണമേ” (ലൂക്ക 17, 5-6): ഈ വാക്യത്തോടെയാണ് ഇന്നത്തെ സുവിശേഷ വായന ആരംഭിച്ചത്. നാമേവരും സ്വായത്തമാക്കേണ്ട പ്രാര്‍ത്ഥനയാണിതെന്ന് ഞാന്‍ കരുതുന്നു. അപ്പസ്തോലന്‍മാരേപ്പോലെ നമുക്കും കര്‍ത്താവിനോടു പറയാം, “ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കേണമേ!” അതേ കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം ചെറുതാണ്, അതു ദുര്‍ബലവും ബലഹീനവുമാണ്. എങ്കിലും ആ ചെറിയ വിശ്വാസം അങ്ങേ സന്നിദ്ധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ വിശ്വാസം അങ്ങു വര്‍ധിപ്പിക്കേണമേ. നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം.....(എല്ലാവരുമൊരുമിച്ച്), കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കേണമേ.... കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കേണമേ....

കര്‍ത്താവ് നമ്മോട് പ്രത്യുത്തരിക്കുന്നതെങ്ങനെയായിരിക്കും? “നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമൂര്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും!(ലൂക്ക 17,6) ” കടുകുമണി എത്ര ചെറുതാണെന്ന് നമുക്കറിയാം. നമ്മുടെ വിശ്വാസം അത്ര ചെറുതാണെങ്കിലും അത് ആത്മാര്‍ത്ഥവും സത്യസന്ധവുമാണെങ്കില്‍ മാനുഷികമായി അസാധ്യമായ കാര്യങ്ങള്‍ അചിന്തനീയമായ കാര്യങ്ങള്‍ ചെയ്യുവാന്‍ നമുക്കു സാധിക്കുമെന്ന് യേശു പറയുന്നു. അതു സത്യവുമാണ്. മലകളെ മാറ്റാന്‍ തക്കവിധം ശക്തമായ വിശ്വാസമുള്ള സാധാരണക്കാരായ വ്യക്തികളെ നാമെല്ലാവരും പരിചയപ്പെട്ടിട്ടുണ്ടാകും. ചില മാതാപിതാക്കന്‍മാരെത്തന്നെ ഉദാഹരണമായെടുക്കാം. ഭാരമേറിയ എന്തൊക്കെ സാഹചര്യങ്ങളാണ് അവര്‍ വിശ്വാസപൂര്‍വ്വം നേരിടുന്നത്. ചില രോഗികളും വിശ്വാസത്തിന്‍റെ അതി ശക്തമായ സാക്ഷൃം നല്‍കുന്നുണ്ട്. രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചില വ്യക്തികള്‍ ശാന്തി വാഹകരായിരിക്കുന്നു. തങ്ങളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും അവര്‍ സമാധാനം പകരുന്നു. തങ്ങളുടെ വിശ്വാസത്തില്‍ അഹങ്കരിക്കുകയോ അഭിമാനിക്കുകയോ അല്ല അവര്‍ ചെയ്യുന്നത്. നേരെ മറിച്ച്, സുവിശേഷത്തില്‍ ക്രിസ്തു പറഞ്ഞതുപോലെ, “കല്‍പിക്കപ്പെട്ടതുപോലെ ചെയ്ത ശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്‍മാരാണ്, കടമ നിര്‍വ്വഹിച്ചതേയുള്ളൂ” (ലൂക്ക17:10) എന്നു പറയുന്നവരാണവര്‍. എളിമയോടെ ഉറച്ച വിശ്വാസത്തില്‍ ജീവിക്കുന്ന എത്രയോ പേര്‍ നമ്മുടെ ഇടയിലുണ്ട്. അവര്‍ ചെയ്യുന്നത് വലിയ നന്‍മയാണ്.

ഒക്ടോബര്‍ പ്രേഷിത മാസം

പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രത്യേകം സമര്‍പ്പിക്കപ്പെട്ടരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ സുവിശേഷ ശുശ്രൂഷകരായ മിഷനറിമാരെ നമുക്ക് പ്രത്യേകം അനുസ്മരിക്കാം. സുവിശേഷപ്രചരണത്തിനായി സ്വജീവിതം സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിക്കുന്ന അവര്‍ നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തുകൊണ്ടാണ് തങ്ങളുടെ ദൗത്യം നിറവേറ്റുന്നത്. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന് നല്‍കിയ ആഹ്വാനം: “ നമ്മുടെ കര്‍ത്താവിനു സാക്ഷൃം നല്‍കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്‍റെ തടവുകാരനായ എന്നെ പ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്‍റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കുവഹിക്കുക.” (2തിമോ.1:8) പ്രാവര്‍ത്തികമാക്കുന്നവരാണ് മിഷനറിമാര്‍. പക്ഷേ മിഷനറിമാര്‍ക്കു മാത്രമുള്ള ആഹ്വാനമല്ല ഇത്. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. വിശ്വാസത്തിന്‍റെ കരുത്തില്‍, ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട്, നമ്മുടെ ജീവിതത്തിലൂടെ നാം ക്രിസ്തുവിനു സാക്ഷൃം നല്‍കണം. നമ്മുടെ വിശ്വാസം, അതെത്ര ചെറുതായാലും, ശക്തിയുള്ളതായിരിക്കണം. വിശ്വാസത്തിന്‍റെ ഈ കരുത്തോടെ യേശുക്രിസ്തുവിന് നാം സാക്ഷൃം നല്‍കണം. ക്രിസ്ത്യാനിയായി ജീവിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിലൂടെയായിരിക്കണം നമ്മുടെ സാക്ഷൃം.

വിശ്വാസവും പ്രാര്‍ത്ഥനയും
വിശ്വാസത്തിന്‍റെ ഈ കരുത്ത് നാമെങ്ങനെ നേടിയെടുക്കും? പ്രാര്‍ത്ഥനയിലൂടെ ദൈവത്തില്‍ നിന്നും സ്വീകരിക്കേണ്ടതാണ് ഈ കരുത്ത്. പ്രാര്‍ത്ഥന വിശ്വാസത്തിന്‍റെ ശ്വാസോച്ഛാസമാണ്. വിശ്വസ്തതയുടേയും സ്നേഹത്തിന്‍റേയും ബന്ധമാണത്. പരസ്പര ഭാഷണം അതില്‍ അനിവാര്യമാണ്. ആത്മാവും ദൈവവും തമ്മിലുള്ള ഭാഷണമാണ് പ്രാര്‍ത്ഥന. ഒക്ടോബര്‍ മാസം ജപമാല മാസം കൂടിയാണ്. ഒക്ടോബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ച പോംപേയിലെ ജപമാല നാഥയുടെ മാധ്യസ്ഥം തേടുന്ന പാരമ്പര്യമുണ്ടല്ലോ. നമുക്കൊരുമിച്ച് ജപമാല നാഥയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കാം. പ.മാതാവിന്‍റെ കരങ്ങളില്‍ നിന്ന് ജപമാലയുടെ കിരീടം നമുക്കു സ്വീകരിക്കാം. ജപമാല, പ്രാര്‍ത്ഥനയുടെ വിദ്യാലയമാണ്. വിശ്വാസത്തിന്‍റേയും!

ഈ വാക്കുകളെ തുടര്‍ന്ന് ത്രികാല പ്രാര്‍ത്ഥന ആരംഭിച്ച മാര്‍പാപ്പ പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ഏവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വാദമേകി

വാഴ്ത്തപ്പെട്ട റൊനാള്‍ഡ് റിവിയുടെ മാതൃക
പ്രാര്‍ത്ഥനയ്ക്കുശേഷം ജനങ്ങളെ ഒരിക്കല്‍കൂടി അഭിവാദ്യം ചെയ്യവേ, ഇറ്റലിയിലെ മൊദേനയില്‍ ശനിയാഴ്ച നടന്ന വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന ചടങ്ങില്‍ വച്ച് വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയര്‍ത്തപ്പെട്ട റൊനാള്‍ഡ് റിവിയെ മാര്‍പാപ്പ അനുസ്മരിച്ചു. 1945ല്‍ വിശ്വാസത്തിന്‍റെ പേരില്‍ വധിക്കപ്പെട്ട റിവി പതിനാല് വയസു പ്രായമുള്ള ഒരു സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. യുദ്ധാനന്തരം നടന്ന കൂട്ടക്കൊലകള്‍ക്കെതിരേ ദൈവനാമത്തില്‍ ശബ്ദമുയര്‍ത്തിയ വൈദികര്‍ക്കെതിരേ ആക്രമണങ്ങള്‍ രൂക്ഷമായിരുന്ന അക്കാലത്ത് അവന്‍ ചെയ്ത ഏക തെറ്റ് വൈദിക വിദ്യാര്‍ത്ഥികളുടെ ളോഹ ധരിച്ചുവെന്നതാണ്. പക്ഷേ യേശുവിലുള്ള വിശ്വാസം ലോകാരൂപിക്കുമേല്‍ വിജയം നേടി. ധീരമായി സുവിശേഷത്തിനു സാക്ഷൃമേകിയ ഈ യുവ രക്തസാക്ഷിയെ പ്രതി നമുക്കു ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കാം. താന്‍ എന്താണ് ചെയ്യുന്നതെന്നും, എങ്ങോട്ടാണ് പോകുന്നതെന്നും റിവിക്കറിയാമായിരുന്നു. യേശുവിന്‍റെ സ്നേഹം തിരിച്ചറിഞ്ഞ്, തന്‍റെ ഹൃദയം അവിടുത്തേക്കായി സമര്‍പ്പിച്ച റിവി പതിനാലുവയസുകാര്‍ക്കു മുന്‍പില്‍ മാതൃകയായി വിളങ്ങുന്നു. യുവജനങ്ങള്‍ക്ക് മികച്ചൊരു മാതൃകയാണ് റൊനാള്‍ഡ് റിവി...

ലാമ്പെദൂസായില്‍ മരണമടഞ്ഞ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ലാമ്പെദൂസായില്‍ ബോട്ടു മറിഞ്ഞ് മരണമടഞ്ഞ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ത്രികാല പ്രാര്‍ത്ഥനയില്‍ സന്നിഹിതരായിരുന്ന ഏവരേയും മാര്‍പാപ്പ ക്ഷണിച്ചു. “കഴിഞ്ഞ വ്യാഴാഴ്ച ലാമ്പെദൂസായിലെ അപകടത്തില്‍ മരിച്ചവര്‍ക്കുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. ആ സഹോദരീ സഹോദര്‍മാര്‍ക്കുവേണ്ടി നമുക്ക് നിശ്ബ്ദമായി പ്രാര്‍ത്ഥിക്കാം. അവരെ പ്രതി ഹൃദയത്തില്‍ വിലപിക്കാം. നിശബ്ദമായി പ്രാര്‍ത്ഥിക്കാം”.

ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വി.പത്രോസിന്‍റെ ചത്വരത്തിലെത്തിയ വിവിധ തീര്‍ത്ഥാടക സംഘങ്ങളെ അഭിവാദ്യം ചെയ്ത മാര്‍പാപ്പ സെഞ്യാര്‍ ദെ ലാ മിലാഗ്രോസ് അഥവാ അത്ഭുതങ്ങളുടെ കര്‍ത്താവ് എന്ന പേരിലറിയപ്പെടുന്ന ക്രിസ്തുവിന്‍റെ തിരുസ്വരൂപവുമേന്തിയുള്ള പ്രദക്ഷിണത്തിനു ശേഷം ത്രികാല പ്രാര്‍ത്ഥനയ്ക്കെത്തിയ പെറൂവിയന്‍ തീര്‍ത്ഥാടകരെ പ്രത്യേകം അഭിവാദ്യം ചെയ്തു. അവര്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന സ്വരൂപം താന്‍ കാണുന്നുണ്ടെന്നും പാപ്പ പറഞ്ഞു.

വിവിധ തീര്‍ത്ഥാടക സംഘങ്ങളെ പേരെടുത്തു പറഞ്ഞ് അഭിവാദ്യം ചെയ്ത മാര്‍പാപ്പ പതിവുപോലെ ഒരു നല്ല ഞായറാഴ്ചയും നല്ല ഉച്ചഭക്ഷണവും എല്ലാവര്‍ക്കും ആശംസിച്ചുകൊണ്ടാണ് തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.