2013-10-04 17:04:11

പാപ്പാ ഫ്രാന്‍സിസ് അസീസിയില്‍


04 ഒക്ടോബര്‍ 2013, അസീസി
പാപ്പാ ഫ്രാന്‍സിസിനെ അസീസി വരവേറ്റു. വി.ഫ്രാന്‍സിസ് അസീസിയുടെ തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ നാലിനാണ് പാപ്പാ ഫ്രാന്‍സിസ് വി.ഫ്രാന്‍സിസിന്‍റെ ജന്‍നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തിയത്. സാര്‍വ്വത്രിക സഭാ ഭരണത്തിലും റോമന്‍ കൂരിയായുടെ പരിഷ്ക്കരണത്തിനും തന്നെ സഹായിക്കാന്‍ വേണ്ടി പാപ്പ സ്ഥാപിച്ച ‘ഔദ്യോഗിക ഉപദേശക സമിതി’ യിലെ അംഗങ്ങളും മാര്‍പാപ്പയോടൊപ്പമുണ്ടായിരുന്നു.
4ാം തിയതി വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വത്തിക്കാനില്‍ നിന്നും ഹെലികോപ്ടറില്‍ യാത്ര തിരിച്ച മാര്‍പാപ്പ സന്ധ്യയ്ക്ക് 7 മണിവരെ അസീസിയില്‍ ചിലവഴിച്ചു. സന്ദര്‍ശനം ഒരു പകല്‍ മാത്രമായിരുന്നെങ്കിലും മാര്‍പാപ്പയുടെ ഒരു ഡസനിലേറെ കൂടിക്കാഴ്ച്ചകള്‍ക്കും സംഗമങ്ങള്‍ക്കും അസീസി സാക്ഷിയായി. അസീസിക്കാര്‍ക്കുപുറമേ, ലോകത്തിന്‍റെ നാനാഭാഗത്തു നിന്നെത്തിയ അനേകം തീര്‍ത്ഥാടരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പാണ് മാര്‍പാപ്പയ്ക്കും സംഘത്തിനും നല്‍കിയത്.

അസീസിയിലെ സെറാഫിക് ആതുരാലയ സന്ദര്‍ശനം, സാന്‍ ഡാമിയാനോയിലെ ഫ്രാന്‍സിസ്ക്കന്‍ ആശ്രമത്തില്‍ ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിമാരോടൊപ്പമുള്ള പ്രാര്‍ത്ഥനാ സംഗമം, കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസിന്‍റെ സേവനം സ്വീകരിക്കുന്ന അനാഥരോടും അഗതികളോടുമുള്ള കൂടിക്കാഴ്ച്ച, വി.ഫ്രാന്‍സിസിന്‍റെ പേരിലുള്ള നഗരമൈതാനത്തെ സമൂഹബലിയര്‍പ്പണം, വി.ഫ്രാന്‍സിസ് ഏകാന്ത ധ്യാനത്തില്‍ ചിലവഴിച്ചിരുന്ന ‘എര്‍മോ ദെല്ലെ കാര്‍ചെരി’ ആശ്രമസന്ദര്‍ശനം, സാന്‍ റൂഫീനോ കത്തീഡ്രലില്‍ വച്ച് അസീസി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെ സമ്മേളനം, ക്ലാരമഠത്തിലെ സന്ന്യാസിനികളുമായുള്ള കൂടിക്കാഴ്ച്ച, യുവജനസംഗമംഎന്നിവയായിരുന്നു മാര്‍പാപ്പയുടെ അസീസി സന്ദര്‍ശനത്തിലെ മുഖ്യ പരിപാടികള്‍.








All the contents on this site are copyrighted ©.