2013-10-03 19:29:02

സഭാ ഭരണസംവിധാനങ്ങളില്‍
കാതലായ മാറ്റമുണ്ടാകുമെന്ന്


3 ഒക്ടോബര്‍ 2103, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ കര്‍ദ്ദിനാളന്മാരുടെ നിര്‍ദ്ദേശക കമ്മിഷന്‍ സംഘനാപരമെന്നതിനേക്കാള്‍ ആത്മീയമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
സഭാനവീകരണത്തിനായി പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിളിച്ചുകൂട്ടിയിരിക്കുന്ന 8 അംഗ കര്‍ദ്ദിനാള്‍ നിര്‍ദ്ദേശക കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാന്‍ ഒക്ടോബര്‍ 3-ാം തിയതി വ്യാഴാഴ്ച റോമില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി പാപ്പാ പ്രത്യേകമായി വിളിച്ചുകൂട്ടിയ കര്‍ദ്ദിനാളന്മാരുടെ 8 അംഗകൗണ്‍സില്‍ സഭയില്‍ ഉടനെ അഴിച്ചുപണികള്‍ നടത്തുന്ന സംഘമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും, സംഘടനാപരമായ നവീകരണത്തെക്കാള്‍ സഭയുടെ ആദ്ധ്യാത്മീകവും സഭാശാസ്ത്രപരവുമായ ദര്‍ശനത്തോടുകൂടിയായിരിക്കും നവീകരണപദ്ധതികള്‍ സാവധാനം ആവിഷ്ക്കരിക്കുകയെന്നും ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചു. 4-ാം തിയതി വെള്ളിയാഴ്ച വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാള്‍ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് 8 അംഗകര്‍ദ്ദിനാള്‍ സംഘത്തോടൊപ്പം അസ്സിസി സന്ദര്‍ശിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രബോധിപ്പിക്കുന്ന സഭാദൗത്യം, ആഗോളസഭയും ദേശീയ പ്രാദേശിക സഭകള്‍ തമ്മിലുള്ള ബന്ധം, സഭയിലെ കൂട്ടായ്മയും പങ്കാളിത്തവും, പൗരോഹിത്യകൂട്ടായ്മ, പാവങ്ങളുടെ സഭ, സഭയിലെ അല്മായരുടെ പങ്കാളിത്തം, സഭയുടെ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ലക്ഷൃം എന്നിങ്ങനെ വളരെ പ്രായോഗികവും, എന്നാല്‍ കാലികവുമായതുമായ ആത്മീയ നവീകരണത്തിന് ഉതകുന്നതുമായ വിഷയങ്ങളായിരിക്കും പാപ്പായ്ക്കൊപ്പം കര്‍ദ്ദിനാള്‍ കൗണ്‍സില്‍ ആദ്യദിവസം (ഒക്ടോബര്‍ 1-ാം തിയതി) പഠനവിഷയമാക്കിയതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. സഭയുടെ പ്രവര്‍ത്തന സംവിധാനങ്ങളിലുള്ള നവീകരണവും മാറ്റങ്ങളും ബാഹ്യമായ ഭംഗിപിടിപ്പിക്കലിനെക്കാള്‍ ആന്തരീകവും ആത്മീയവുമായ മാറ്റമായിരിക്കുമെന്നും, അതുസംബന്ധിച്ച് പാപ്പായുടെ ഔദ്യോഗിക പ്രബോധനം ഉണ്ടാകുന്നതുവരെ കര്‍ദ്ദിനാളന്മാരുടെ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശങ്ങളുടെ അന്തിമരൂപത്തിനായി കാത്തിരിക്കണമെന്നും വാര്‍ത്താ സമ്മേളത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

ഒക്ടോബര്‍ 1-ാം തിയതി ചൊവ്വാഴ്ച പേപ്പല്‍ വസതിയിലെ കപ്പേളയില്‍ പാപ്പായ്ക്കൊപ്പം കര്‍ദ്ദിനാളന്മാര്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന രാവിലെ 9 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് 4 മണിമുതല്‍ 7 മണിവരെയും അപ്പസ്തോലിക അരമനയിലെ പാപ്പായുടെ സ്വകാര്യ ലൈബ്രറിയിലാണ് സമ്മേളിച്ചത്.

മെത്രാന്മാരുടെ സിനഡു സമ്മേളനത്തിനുള്ള വിഷയവും കരടുരൂപവുമായിരുന്നു രണ്ടാം ദിവസം (ഒക്ടോബര്‍ 2, ബുധന്‍) കൗണ്‍സില്‍ ചര്‍ച്ചചെയ്ത പ്രധാനവിഷയം. അടുത്ത സിനഡു സമ്മേളനത്തിനുള്ള വിഷയത്തിലേയ്ക്കും രണ്ടാംദിന ചര്‍ച്ചകള്‍ നീങ്ങിയെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. ‘വ്യക്തികളും കുടുംബവും സുവിശേഷവീക്ഷണത്തില്‍,’ എന്ന വളരെ സാമൂഹ്യവും മാനുഷികവുമായ വിഷയത്തിലേയ്ക്കാണ്‍ കര്‍ദ്ദിനാളന്മാരുടെ നിര്‍ദ്ദേശങ്ങളും ചര്‍ച്ചാ വിഷയങ്ങളും വിരല്‍ചൂണ്ടിയതെന്നു ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു. മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ സെക്രട്ടറി കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസ്സേരിയും കൗണ്‍സിലിന്‍റെ ചര്‍ച്ചകളില്‍ സന്നിഹിതനായിരുന്നു.

രണ്ടാം ദിവസം, ബുധനാഴ്ച രാവിലെ പാപ്പാ പൊതുകൂടിക്കാഴ്ച പരിപാടിയുടെ തിരക്കിലായിരുന്നു. കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ അന്ന് പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലാണ് സമ്മേളിച്ചത്. വത്തിക്കാന്‍റെ സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഭരണസംവിധാനങ്ങളുടെ നവീകരണ സാദ്ധ്യതകളെക്കുറിച്ചാണ് ചര്‍ച്ച നടന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ശ്രമകരവും ഒപ്പം സമയമെടുക്കുന്നതുമായ വത്തിക്കാന്‍ ഭരണസംവിധാനത്തിന്‍റെ നവീകരണത്തിനുതകുന്ന ധാരാളം നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ പൊന്തിവന്നതായി ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. കൗണ്‍സിലിന് ഉപദേശക സ്വഭാവത്തോടൊപ്പം ഔദ്യോഗികതയും ഉണ്ടെങ്കിലും നിര്‍ദ്ദേശങ്ങള്‍ക്കുശേഷം അന്തിമതീരമാനം പാപ്പായുടേതായിരിക്കുമെന്നാണ് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.