2013-10-01 17:49:33

‘ഉപദേശക സമിതി’യുടെ യോഗം ആരംഭിച്ചു


01 ഒക്ടോബര്‍ 2013, വത്തിക്കാന്‍
സാര്‍വ്വത്രിക സഭയുടെ ഭരണകാര്യങ്ങളില്‍ തന്നെ സഹായിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ രൂപം നല്‍കിയ ഉപദേശക സമിതിയുടെ പ്രഥമ യോഗം വത്തിക്കാനില്‍ ആരംഭിച്ചു. പേപ്പല്‍ അരമനയിലെ സ്വകാര്യ ഗ്രന്ഥശാലയിലാണ് മാര്‍പാപ്പ കര്‍ദിനാള്‍മാരുമായി സമ്മേളിക്കുന്നത്. മാര്‍പാപ്പ താമസിക്കുന്ന സാന്താ മാര്‍ത്താ മന്ദിരത്തില്‍ തന്നെയാണ് ഉപദേശക സമിതിയിലെ അംഗങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 1ന് രാവിലെ സാന്താ മാര്‍ത്തായിലെ കപ്പേളയില്‍ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ഉപദേശക സമിതിയിലെ അംഗങ്ങള്‍ സഹകാര്‍മ്മികരായിരുന്നു.
‘ഈ ശുശ്രൂഷ നമ്മെ കൂടുതല്‍ വിനയാന്വിതരും ശാന്തശീലരും ദൈവാശ്രയ ബോധമുള്ളവരും ആക്കിത്തീര്‍ക്കട്ടെ’ എന്ന പ്രാര്‍ത്ഥന ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ മാര്‍പാപ്പ പങ്കുവച്ചു.
തങ്ങളെ സ്വീകരിക്കാന്‍ കൂട്ടാക്കത്തവരെ സ്വര്‍ഗത്തില്‍ നിന്ന് അഗ്നിയിറക്കി ദഹിപ്പിച്ചു കളയട്ടേ എന്നു ചോദിച്ച ശിഷ്യന്‍മാരെ യേശു ശകാരിച്ച സംഭവം വിവരിക്കുന്ന സുവിശേഷഭാഗം ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ വചന സമീക്ഷ. പ്രതികാരം ക്രിസ്തീയമല്ല. എളിമയുടേയും ലാളിത്യത്തിന്‍റേയും പ്രശാന്തതയുടേയും മാര്‍ഗ്ഗമാണ് ക്രൈസ്തവര്‍ പിന്തുടരേണ്ടതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. വിശുദ്ധ കൊച്ചു ത്രേസ്യായുടെ തിരുന്നാള്‍ ദിനത്തില്‍ വിശുദ്ധയുടെ ജീവിത വിശുദ്ധിയെക്കുറിച്ച് അനുസ്മരിച്ച പാപ്പ, എളിമയുടേയും ആര്‍ദ്രതയുടേയും ഔദാര്യത്തിന്‍റേയും അരൂപിയെക്കുറിച്ച് ധ്യാനിക്കാന്‍ ഏവരേയും ക്ഷണിച്ചു. സ്നേഹത്തിന്‍റെ കരുത്താണ് ഈ അരൂപിയില്‍ നിന്ന് ഉത്ഭവിക്കുക. അതു നമ്മെ സ്നേഹവും ഉപവിയും ദൈവാശ്രയബോധവും ഉള്ളവരാക്കി മാറ്റും.
സ്നേഹം ദീര്‍ഘക്ഷമയും ദയയുള്ളതുമാണ്. അത് ആത്മപ്രശംസ ചെയ്യുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. അത് സകലതും സഹിക്കുന്നു. എല്ലാം ക്ഷമിക്കുന്നു. അത് മനുഷ്യ മാഹാത്മ്യത്തോടുള്ള അവഹേളനമാണെന്ന് കരുതുന്ന തത്വജ്ഞാനികളുണ്ട്. അങ്ങനെ ചിന്തിക്കുന്നത് ഫലശൂന്യമാണ്. എന്നാല്‍ വിവേകവതിയായ സഭ, എളിമയോടുകൂടി ദൈവാശ്രയ ബോധത്തില്‍ ജീവിച്ച കൊച്ചു ത്രേസ്യയെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥയായി പ്രഖ്യാപിച്ചു. ഉണ്ണിയേശുവിന്‍റെ കൊച്ചുത്രേസ്യയെപ്പോലെ ഒരു കൊച്ചു കന്യാസ്ത്രി പ്രേഷിത പ്രവര്‍ത്തനങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥയായി പ്രഖ്യാപിക്കപ്പെട്ടത് അവളുടെ മാതൃക അനേകര്‍ക്കു പ്രചോദനമായതിനാലാണ്.
മതപരിവര്‍ത്തനത്തിലൂടെയല്ല സഭയെ വളര്‍ത്തേണ്ടത്, മനോഹരമായ സാക്ഷൃത്തിലൂടെയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുള്ളതാണ്. നമ്മുടെ വിനയാന്വിതമായ ജീവിത സാക്ഷൃവും ഉപവി പ്രവര്‍ത്തനങ്ങളുമാണ് അന്യരെ സഭയിലേക്ക് ആകര്‍ഷിക്കുക. ദൈവാരാധനവും പരസ്നേഹ പ്രവര്‍ത്തികളും വഴിയായി നാം നല്കുന്ന സാക്ഷൃത്തിലൂടെയാണ് സഭയെ വളര്‍ത്തേണ്ടതെന്നും പാപ്പ വിശദീകരിച്ചു.
ഉപദേശക സമിതിയിലെ അംഗങ്ങള്‍ ഈ കുര്‍ബ്ബാനയില്‍ സഹകാര്‍മ്മികരാണെന്ന് അനുസ്മരിച്ച മാര്‍പാപ്പ, ‘ഈ ശുശ്രൂഷ നമ്മെ കൂടുതല്‍ വിനയാന്വിതരും ശാന്തശീലരും ദൈവാശ്രയ ബോധമുള്ളവരും ആക്കിത്തീര്‍ക്കട്ടെ’, അതുവഴി കത്തോലിക്കാ സഭയെ, ദൈവജനത്തെ വീക്ഷിക്കുന്നവര്‍ സഭയിലേക്ക് ആകര്‍ഷണീയരായി തീരുന്നത്ര മനോഹരമായ ഒരു സാക്ഷൃം നല്‍കാന്‍ നമുക്ക് സാധിക്കുമാറകട്ടെയെന്ന പ്രാര്‍ത്ഥനാശംസയോടെയാണ് തന്‍റെ വചനസമീക്ഷ ഉപസംഹരിച്ചത്.

ഒക്ടോബര്‍ 1ന് ആരംഭിച്ച സമ്മേളനം 3ന് സമാപിക്കും. ഒക്ടോബര്‍ 4ന് ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ഉപദേശക സമിതിയും അസീസിയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നുണ്ട്.









All the contents on this site are copyrighted ©.