2013-10-01 17:51:34

മാര്‍പാപ്പയും പത്രാധിപരും തമ്മിലുള്ള സംവാദം തുടരുന്നു


01 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസും ഇറ്റാലിയന്‍ ദിനപത്രം ‘ല റിപ്പുബ്ലിക്ക’യുടെ (la Republica) സ്ഥാപക പത്രാധിപരായ എവുജെനിയോ സ്കാല്‍ഫാരിയും തമ്മിലുള്ള സംവാദം തുടരുന്നു. മാര്‍പാപ്പയെ അഭിസംബോധന ചെയ്ത് സ്കാല്‍ഫാരി എഴുതിയ രണ്ട് പത്രാധിപക്കുറിപ്പുകള്‍ക്കു മറുപടിയായി മാര്‍പാപ്പ ഒരു സന്ദേശമയച്ചത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ലേഖനങ്ങളിലൂടെയുള്ള സംവാദത്തിനു ശേഷം മാര്‍പാപ്പ സ്കാല്‍ഫാരിയുമായി നേരില്‍ സംവദിച്ചു. സെപ്തംബര്‍ 24ന് വത്തിക്കാനില്‍ നടന്ന ഈ സംവാദത്തെക്കുറിച്ച് ഒരു സ്പെഷ്യല്‍ പേജുമായാണ് ഒക്ടോബര്‍ 1ന് la Republica പുറത്തിറങ്ങിയത്. സമകാലിക ലോകത്തില്‍ സഭയുടെ സ്ഥാനം, വിശ്വാസികളും വിശ്വാസമില്ലാത്തവരും തമ്മിലുളള സംവാദവും സഹകരണവും തുടങ്ങി നിരവധി വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മാര്‍പാപ്പയുടേയും സ്കാല്‍ഫാരിയുടേയും സംവാദം.
മതപരിവര്‍ത്തനമല്ല സഭയുടെ ലക്ഷൃം, അങ്ങനെ കരുതുന്നത് ശുദ്ധ അസംബന്ധമാണ്. ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങളും നിരാശകളും പ്രത്യാശയുമൊക്കെ ശ്രവിക്കാനാണ് സഭ ശ്രമിക്കുന്നതെന്ന് സംവാദത്തില്‍ മാര്‍പാപ്പ പ്രസ്താവിച്ചതായി സ്കാല്‍ഫാരി വെളിപ്പെടുത്തി. 800 വര്‍ഷങ്ങള്‍ക്കു മുന്‍പ് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസില്‍ ദര്‍ശിച്ച ദരിദ്രയായ സഭ ഇന്ന് എന്നത്തേക്കാളുമുപരിയായി അന്വര്‍ത്ഥമാണെന്നും, ആ പാതയിലൂടെ സഞ്ചരിച്ചുകൊണ്ട് യുവജനങ്ങള്‍ക്ക് പ്രത്യാശ പകരാനും വയോജനങ്ങളെ സഹായിക്കാനും സ്നേഹത്തിന്‍റെ സന്ദേശം ലോകത്തോട് പങ്കുവയ്ക്കാനും സഭ ആഗ്രഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു. പുറന്തള്ളപ്പെട്ടവരെക്കൂടി ഉള്‍ക്കൊള്ളാനും സമാധാനത്തിന്‍റെ സന്ദേശം അവരോട് പങ്കുവയ്ക്കാനും നാം കടപ്പെട്ടിരിക്കുന്നു. അക്കാരണത്താലാണ് രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് സഭയുടെ വാതായനങ്ങള്‍ ആധുനിക ലോകത്തിനു മുന്‍പില്‍ തുറന്നിട്ടതെന്നും പാപ്പ സമര്‍ത്ഥിച്ചു. സഭൈക്യ സംരംഭങ്ങള്‍ക്കും മതാന്തര സംവാദത്തിനും നിരീശ്വരവാദികളോടുള്ള സംവാദത്തിനും രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രാധാന്യം നല്‍കിയെങ്കിലും അതിനു ശേഷം ഈ മേഖലകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പാപ്പ അംഗീകരിച്ചു. അതു നിറവേറ്റാനുള്ള തന്‍റെ എളിയ അഭിലാഷവും മാര്‍പാപ്പ തദവസരത്തില്‍ വെളിപ്പെടുത്തി. ദൈവജനത്തിന്‍റെ കൂട്ടായ്മയിലേക്കുള്ള ഒരു മടക്കയാത്ര സഭയില്‍ അനിവാര്യമാണ്. ദൈവജനത്തെ ആത്മാര്‍ത്ഥമായി ശുശ്രൂഷിക്കുന്ന മെത്രാന്‍മാരും വൈദികരുമുണ്ടായിരിക്കണം. അതിനായി എന്തുചെയ്യാനും താന്‍ തയ്യാറാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചുവെന്നും എവുജെനിയോ സ്കാല്‍ഫാരി തന്‍റെ ലേഖനത്തില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.