2013-09-30 17:34:39

സ്നേഹവും സമാധാനവും ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളങ്ങള്‍: മാര്‍പാപ്പ


30 സെപ്തംബര്‍ 2013, വത്തിക്കാന്‍
ആസൂത്രണ മികവോ, കാര്യപരിപാടികളോ അല്ല, സമാധാനവും സന്തോഷവുമാണ് ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളങ്ങളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്തംബര്‍ 30ന് സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ ദിവ്യബലിമധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
സഭയുടെ വളര്‍ച്ചയില്‍ തല്‍പരരായിരുന്ന അപ്പസ്തോലന്‍മാര്‍ ഉത്സാഹപൂര്‍വം സഭയുടെ ഭാവിഘടന ആസൂത്രണം ചെയ്യുകയായിരുന്നു. തങ്ങളില്‍ ആരാണ് വലിയവന്‍ എന്നും തങ്ങളുടെ കൂട്ടത്തില്‍പ്പെടാത്തവര്‍ക്ക് യേശുവിന്‍റെ നാമത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാമോ എന്നുമൊക്കെ ചര്‍ച്ച ചെയ്യുകയായിരുന്നു അവര്‍. അപ്പോള്‍ യേശു ഒരു കുഞ്ഞിനെ എടുത്ത് അടുത്തു നിറുത്തിയിട്ടു പറഞ്ഞു “നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് ഏറ്റവും വലിയവന്‍.” യേശുവിന്‍റെ വാക്കും പ്രവര്‍ത്തിയും ശിഷ്യരെ ആശ്ചര്യപ്പെടുത്തിയിരിക്കണം!
ദൈവ നഗരത്തെക്കുറിച്ചുള്ള വിവരണത്തില്‍ വി.സഖറിയാ പ്രവാചകന്‍റെ വിവരണവും മികച്ച ആസൂത്രണമോ കുറ്റമറ്റ ക്രമീകരണമോ അല്ല സൂചിപ്പിക്കുന്നത്. “പ്രായാധിക്യമുള്ള വയോധികര്‍ ഊന്നുവടിയുമായി ജറുസലേം നഗരമൈതാനിയില്‍ ഇരിക്കും. കളിച്ചുല്ലസിക്കുന്ന ബാലികാ ബാലന്‍മാരെക്കൊണ്ട് തെരുവീഥികള്‍ നിറയും.”(സഖറിയാ 8:1-8) . വയോധികരും കുഞ്ഞുങ്ങളും സമൂഹത്തിന്‍റെ ഭാവിക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. അവരെക്കൂടാതെ സമൂഹത്തിന് ഭാവിയില്ലെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.
സഭ പ്രശ്നരഹിതമായി മുന്നോട്ടു പോകണെമെന്ന് ആഗ്രഹിച്ച അപ്പസ്തോലന്‍മാര്‍ കാര്യക്ഷമതയ്ക്കും പ്രായോഗികതയ്ക്കുമാണ് മുന്‍തൂക്കം നല്‍കിയത്. പക്ഷേ അത് ഒരു പ്രലോഭനമാണെന്നും, അങ്ങനെ മുന്നോട്ടു പോയാല്‍ ഒരു പ്രവര്‍ത്തന സ്ഥാപനം മാത്രമായി സഭ ചുരുങ്ങിപ്പോകുമെന്നും മാര്‍പാപ്പ വിശദീകരിച്ചു. സ്വന്തം ചരിത്രവും ദൈവിക വാഗ്ദാനങ്ങളും അനുസ്മരിച്ചുകൊണ്ടാണ് സഭ മുന്നോട്ടു പോകേണ്ടത്. ഈ സ്മരണ ഇല്ലാതാകുമ്പോള്‍ അധികാര വടം വലിയും, സഭാംഗങ്ങള്‍ തമ്മിലുള്ള മാത്സര്യവും അസൂയയുമെല്ലാം ഉടലെടുക്കും.
ആസൂത്രണ യോഗങ്ങളും കാര്യക്ഷമതയും കണക്കിലെടുത്തുകൊണ്ടല്ല സഭയുടെ ഊര്‍ജ്ജസ്വലത വിലയിരുത്തേണ്ടത്. അതെല്ലാം ആവശ്യമാണെങ്കിലും അവ ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളങ്ങളല്ലെന്ന് ഓര്‍ക്കണം. സമാധാനവും സന്തോഷവുമാണ് ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളങ്ങള്‍, അതായിരിക്കണം സഭയിലുണ്ടായിരിക്കേണ്ടതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.