2013-09-30 17:38:34

സമാധാനസ്ഥാപകരാകാന്‍ ലോക മതനേതാക്കളെ മാര്‍പാപ്പ ക്ഷണിക്കുന്നു


30 സെപ്തംബര്‍ 2013, വത്തിക്കാന്‍
സമാധാനം എല്ലാവരുടേയും ഉത്തരവാദിത്വമാണ്. സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും എല്ലാവരും കടപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്‍ എജിഡിയോ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ റോമില്‍ നടക്കുന്ന സര്‍വ്വമത സമാധാന – പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കുന്ന മുന്നൂറോം വിവിധ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സെപ്തംബര്‍ 30ാം തിയതി തിങ്കളാഴ്ച്ച രാവിലെയായിരുന്നു കൂടിക്കാഴ്ച്ച.
‘പ്രത്യാശയുടെ ധീരത’ എന്ന ശീര്‍ഷകത്തില്‍ സെപ്തംബര്‍ 29ന് ആരംഭിച്ച സമ്മേളനം ഒക്ടോബര്‍ 1ന് സമാപിക്കും.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ 1986ല്‍ അസീസിയില്‍ നടന്ന സര്‍വ്വമത സംഗമത്തിന്‍റേയും ലോകസമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടേയും അനുസ്മരണയില്‍ നടത്തുന്ന ഈ സംഗമത്തില്‍ പങ്കെടുക്കുന്നവരോട് പാപ്പ തന്‍റെ കൃതജ്ഞത അറിയിച്ചു. യുദ്ധത്തിന്‍റേയും ദുരിതത്തിന്‍റേയും തടവില്‍ കഴിയുന്ന ജനതകളുടെ വേദന അംഗീകരിച്ച് കീഴടങ്ങാതെ, പ്രത്യാശയുടെ പ്രകാശം എന്നും ലോകത്തിനേകണമെന്ന് മാര്‍പാപ്പ മതനേതാക്കളോടഭ്യര്‍ത്ഥിച്ചു. കുഞ്ഞുങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വയോധികര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ നിസംഗതയോടെ നോക്കി നില്‍ക്കാന്‍ നമുക്കാവില്ല. ചുരുക്കം പേരുടെ മനസിനെ ബാധിച്ചിരിക്കുന്ന ഭീകരത അനേകരുടെ സഹനത്തിനിടയാക്കുന്നതും അനുവദിക്കാനാവില്ല. ആക്രമണത്തിന് മതപരമായ യാതൊരു ന്യായീകരണവുമില്ലെന്ന് നാം ആവര്‍ത്തിച്ചു പറയേണ്ടിയിരിക്കുന്നുവെന്ന് മാര്‍പാപ്പ മതനേതാക്കളെ ഓര്‍മ്മിപ്പിച്ചു.
സമാധാനം എല്ലാവരുടേയും ഉത്തരവാദിത്വമാണ്. മതനേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. പ്രത്യാശ പകരുന്ന സംവാദത്തിന്‍റെ മാര്‍ഗത്തിലേക്ക് ധൈര്യപൂര്‍വ്വം ചുവടുവെയ്ക്കാന്‍ അവര്‍ തയ്യാറാകണം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വെടിഞ്ഞ് ആത്മാര്‍ത്ഥമായ സംവാദമായിരിക്കണം അവരുടെ ലക്ഷൃം. പരസ്പര സംവാദത്തിലൂടെ മാത്രമേ സമാധാനം നേടിയെടുക്കാന്‍ സാധിക്കൂ. സമാധാസ്ഥാപനത്തിന്‍റെ മധ്യസ്ഥരായിരിക്കണം മത നേതാക്കള്‍. ഇരു വിഭാഗങ്ങളില്‍ നിന്നും ലാഭം നേടാന്‍ ശ്രമിക്കുന്ന ഇടനിലക്കാരെപ്പോലെയാകരുത് അവര്‍. തനിക്കായി ഒന്നും കരുതി വയ്ക്കാതെ ഔദാര്യപൂര്‍വ്വം മധ്യസ്ഥശ്രമം നടത്തി സമാധാനം നേടിയെടുക്കാന്‍ അവര്‍ ശ്രമിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.