2013-09-30 15:31:57

മെച്ചപ്പെട്ട ലോകം തേടുന്ന മനുഷ്യപ്രവാഹം
പാപ്പായുടെ പ്രവാസിദിന സന്ദേശം


1. വളരുന്ന പാരസ്പര്യത്തിന്‍റെ സംസ്ക്കാരം
പാരസ്പര്യത്തിന്‍റെയും സംവേദനത്തിന്‍റെയും ഗുണപരമായ സൗകര്യങ്ങള്‍ ആഗോളതലത്തില്‍ മനുഷ്യന്‍ മുന്‍പത്തേക്കാളുപരി അനുഭവിക്കുന്ന കാലഘട്ടമാണിത്. വിപരീതാത്മകവും പ്രശ്നസങ്കീര്‍ണ്ണവുമായ സംഭവവികാസങ്ങള്‍ക്ക് ഇന്ന് കുറവില്ലെങ്കിലും, സമൂഹത്തിന്‍റെ ക്രിയാത്മകവും ദീപ്തവുമായ സംവേദനശക്തിയും പരസ്പരബന്ധങ്ങളും മാനവകുടുംബത്തിന്‍റെ ജീവിതചുറ്റുപാടുകളെ സാമ്പത്തികമായി മാത്രമല്ല, രാഷ്ട്രീയമായും സാംസ്ക്കാരികമായും മെച്ചപ്പെടുത്തുന്നുണ്ട്. ഓരോ വ്യക്തിയും സമൂഹത്തിന്‍റെ ഭാഗമാണ്. അതിനാല്‍ വ്യക്തികള്‍ ആഗോളസമൂഹത്തോടു ചേര്‍ന്നുനിന്നുകൊണ്ടാണ് അവരുടെ ഭാവിപ്രത്യാശകള്‍ സാക്ഷാത്ക്കരിക്കേണ്ടത്. ഈ ചിന്തയാണ് ഇത്തവണത്തെ പ്രവാസിദിന സന്ദേശം എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

ബനഡിക്ട് 16-ാമന്‍ പാപ്പായുടെ വാക്കുകളില്‍, ധൃതഗതിയില്‍ പരിവര്‍ത്തന വിധേയമാകുന്ന ലോകത്ത് വളര്‍ന്നുവരുന്ന കുടിയേറ്റപ്രതിഭാസം ‘കാലത്തിന്‍റെ കാലൊച്ച’യാണ്. (cf. message World Day of Migrants and Refugees 2006). അന്താരാഷ്ട സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ കുടിയേറ്റ പ്രക്രിയ മുഖ്യമായും പരാജയത്തിന്‍റെയും പരിമിതികളുടെയും കദനകഥകളാണ് വെളിപ്പെടുത്തുന്നത്. എങ്കിലും വൈവിധ്യങ്ങളെ അംഗീകരിച്ചു ജീവിക്കുവാനും, സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്തുവാനും, വ്യക്തികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുവാനും, ഭൂമിയുടെ സമ്പത്ത് തുല്യാമായി പങ്കുവച്ചു ജീവിക്കുവാനുമുള്ള തുറവിന്‍റെയും ആതിഥേയത്വത്തിന്‍റെയും മനോഭാവമാണ് മനുഷ്യപ്രവാഹത്തിന്‍റെ ഈ നവപ്രതിഭാസം വെളിപ്പെടുത്തുന്നത്.

2. മെച്ചപ്പെട്ട ചുറ്റുപാടുകള്‍ തേടുന്ന മനുഷ്യപ്രവാഹം
കുടിയേറ്റം ക്രിസ്തീയ കാഴ്ചപ്പാടില്‍ കൃപാസ്പര്‍ശത്താലും രക്ഷാകര രഹസ്യത്താലും ശ്രദ്ധേയമാകുന്ന പ്രതിഭാസമാണ്. സൃഷ്ടിയുടെ മനോഹാരിതയും മനുഷ്യജീവിതത്തിലെ തിന്മയുടെയും യാഥാര്‍ത്ഥ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേയ്ക്ക് അത് വിരല്‍ചൂണ്ടുന്നുണ്ട്. ഐക്യദാര്‍ഢ്യം, തുറവ്, സാഹോദര്യം, പാരസ്പര്യം എന്നിവയ്ക്കു സമാന്തരമായി ഈ മേഖലയില്‍ തിരസ്ക്കരണം, വിവേചനം, മനുഷ്യക്കടത്ത്, ചൂഷണം, പീഡനം, മരണം എന്നിവയും അതിരിട്ടുനില്ക്കുന്നു. പ്രത്യേകിച്ച്, കുടിയേറ്റം നിര്‍ബന്ധിതമാകുന്ന ചുറ്റുപാടുകളില്‍ മനുഷ്യക്കച്ചവടം, അടിമത്തം എന്നിവയ്ക്ക് പ്രേരകമാകുന്ന അപച്യുതിയുടെ സാഹചര്യങ്ങള്‍ ഏറെ അസ്വസ്ഥതയുളവാക്കുന്നതും വേദനാജനകവുമാണ്. കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ അടിമക്കച്ചവടവും ഇന്ന് വളര്‍ന്നുവരുകയാണ്. പ്രശ്നങ്ങളും അപകടസാധ്യതകളും പ്രതിബന്ധങ്ങളും നിലനില്ക്കെ, തങ്ങള്‍ക്കു മാത്രമല്ല ഉറ്റവര്‍ക്കും ഉടയവര്‍ക്കും ലഭ്യമാകേണ്ട നല്ലഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസത്തോടും പ്രത്യാശയോടുംകൂടെയാണ് ആഗോളതലത്തില്‍ വന്‍ മനുഷ്യപ്രവാഹം സംഭവിക്കുന്നത്.

എന്താണ് ഈ ‘മെച്ചപ്പെട്ട ലോകം’? അത് അമൂര്‍ത്തമോ അയാഥാര്‍ത്ഥ്യമോ അപ്രാപ്യമോ ആയ ഒന്നല്ല. യഥാര്‍ത്ഥവും സമഗ്രവുമായ വികസനവും, എല്ലാവര്‍ക്കും മാന്യമായ ജീവിത ചുറ്റുപാടുകളും, കുടുംബങ്ങളുടെയും വ്യക്തികളുടെയും ആവശ്യങ്ങള്‍ക്കുള്ള ന്യായമായ സാദ്ധ്യതകളും ഉറപ്പുവരുത്തുന്ന ജീവിതസാഹചര്യമാണ് അത്. ദൈവത്തിന്‍റെ സൃഷ്ടിയെ മാനിക്കുകയും പരിരക്ഷിക്കുകയും, പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയുമാണത്. ധന്യനായ പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകളില്‍, ‘ഭക്ഷൃസുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യം മെച്ചപ്പെടുത്തുക, തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, വ്യക്തിഗത ഉത്തരവാദിത്വം വളര്‍ത്തുക, അറിവു നേടുക, പണം സമ്പാദിക്കുക’ എന്നിവ കുയേറ്റക്കാരായ ജനങ്ങളുടെ അടിസ്ഥാന അഭിലാഷങ്ങളാണ് (ജനതകളുടെ പുരോഗതി 6).

3. ഇനിയും വളരേണ്ട ഐക്യദാര്‍ഢ്യത്തിന്‍റെ സംസ്ക്കാരം
ഭൗതിക നേട്ടങ്ങള്‍ക്കപ്പുറം മനുഷ്യഹൃദയങ്ങള്‍ മറ്റെന്തോ ആഗ്രഹിക്കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറംമ വളരുവാനുള്ള അഭിവാഞ്ഛയാണിത്. പാവങ്ങളും നിരാലംബരുമായവരെ അവഗണിച്ചുകൊണ്ടുള്ള സാമ്പത്തിക നേട്ടം മാത്രമായി വികസനത്തെ ചുരുക്കാനാവില്ല. പ്രവാസികള്‍ ലക്ഷൃംവയ്ക്കുന്ന ‘മെച്ചപ്പെട്ട ലോകം’ വ്യക്തികള്‍ക്കു ശ്രദ്ധനല്കുന്നതായിരിക്കണം. മാനുഷികവികാസം സമഗ്രമാവുകയും ആത്മീയമേഖല ഉള്‍പ്പെടെ വ്യക്തിയുടെ സമ്പൂര്‍ണ്ണ വളര്‍ച്ചയില്‍ ശ്രദ്ധിക്കുകയും, പാവങ്ങളും പരദേശികളും രോഗികളും, ജയില്‍വാസികളും പരിത്യക്തരും ഉള്‍പ്പെടെ ആരും അവഗണിക്കപ്പെടാത്ത സഹോദര്യത്തിന്‍റെ ലോകമാണത് വിഭാവനംചെയ്യുന്നത് (മത്തായി 25, 31-46). അവഗണനയുടെ സംസ്ക്കാരം കൈവെടിഞ്ഞ്, അംഗീകാരത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സംസ്കൃതി ആഗോളതലത്തില്‍ നാം ഉള്‍ക്കൊള്ളേണ്ടതാണ്.

മാനവികതയുടെ ചതുരംഗത്തട്ടിലെ കരുക്കളായി അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും കാണരുത്. വിവിധ കാരണങ്ങളാല്‍ നാടുംവീടും വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായ കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരുമാണവര്‍. മറ്റാരേയുംപോലെ അറിവുനേടുവാനും സമ്പാദിക്കുവാനും നിലനില്ക്കുവാനുമുള്ള ന്യായമായ ആഗ്രഹവും അവകാശവും അവര്‍ക്കുമുണ്ട്. അങ്ങനെ ഒരു ഭൂഖണ്ഡത്തില്‍നിന്നു മറ്റൊന്നിലേയ്ക്കും രാജ്യാതിര്‍ത്തിയുടെ വിവിധ ഭാഗങ്ങളിലേയ്ക്കും വ്യത്യസ്ത കാരണങ്ങളാല്‍ കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നവര്‍ നിരവധിയാണ്.

4. വിപ്രവാസികളോടുള്ള സഭയുടെ പ്രതിബദ്ധത
സമകാലീന കുടിയേറ്റപ്രതിഭാസം വ്യക്തികളുടേതായാലും സമൂഹങ്ങളുടേതായാലും ഏറെ സങ്കീര്‍ണ്ണവും ഭീതിജനകവുമാണ്. കൂടുവിട്ടു കൂടുതേടുന്നവരുടെ സഹായത്തിനെത്തുന്ന സഭ വിപ്രവാസത്തിന്‍റെ കാരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്താറുണ്ട്; അതിന്‍റെ ദൂഷ്യവശങ്ങളെ ദുരീകരിക്കാന്‍ പരിശ്രമിക്കാറുമുണ്ട്. കൂടാതെ കുടിയേറ്റപ്രക്രിയയില്‍ ഉറവിട രാഷ്ട്രങ്ങളുടെയും, വിപ്രവാസത്തിന്‍റെ ദുര്‍ഘടമായ വഴികളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അധികൃതരുടെയും, ആതിഥേയ രാഷ്ട്രങ്ങളുടെയും നിയന്ത്രണവും നിര്‍ബന്ധങ്ങളും പരമാവധി സുഗമമാക്കാനും മെച്ചപ്പെടുത്തുവാനും സഭ പരിശ്രമിക്കുന്നുണ്ട്.

മെച്ചപ്പെട്ട ജീവിത ചുറ്റുപാടുകള്‍ തേടുന്ന മനുഷ്യസഞ്ചയത്തെ തുണയ്ക്കുന്ന പ്രക്രിയയില്‍ അവര്‍ നേരിടേണ്ടിവരുന്ന വിവിധ തരത്തിലുള്ള ദാരിദ്യത്തിന്‍റെ ദുരവസ്ഥയ്ക്കു മുന്നില്‍ നോക്കിനില്ക്കാന്‍ സഭയ്ക്കാവില്ല. അക്രമം, ചൂഷണം, വിവേചനം, പാര്‍ശ്വവത്ക്കരണം, വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്വാതന്ത്ര്യത്തിനു വിഘ്നമാകുന്ന നടപടിക്രമങ്ങള്‍ എന്നിവയാണ് കുടിയേറ്റക്കാരുടെ ദാരിദ്ര്യത്തെ കൂടുതല്‍ ദുര്‍ഘടമാക്കുന്നതും, എന്നാല്‍ കുടിയേറ്റപ്രക്രിയയില്‍ ദുരീകരിക്കേണ്ടതുമായ സാമൂഹ്യതിന്മകള്‍. ദേശാടകരുടെ സഞ്ചാരത്തെ ദോഷകരമായി സ്വാധീനിക്കുന്നതും കുടിയേറ്റത്തെ കൊടുംദാരിദ്ര്യത്തില്‍ ആഴ്ത്തുന്നതുമായ പ്രശ്നങ്ങളും ഇവതന്നെയാണ്.. ദാരിദ്ര്യത്തിന്‍റെയും പീഡനത്തിന്‍റെയും സങ്കീര്‍ണ്ണമായ ചുറ്റുപാടുകളില്‍നിന്ന് ഒളിച്ചോടി, ജീവന്‍ രക്ഷിക്കാമെന്നും നല്ലൊരുഭാവി കെട്ടിപ്പടുക്കാമെന്നുള്ള പ്രത്യാശയിലാണ് ആയിരങ്ങള്‍ ഇറങ്ങിപ്പുറപ്പെടുന്നത്. അവരുടെ പ്രത്യാശയെയും പ്രതീക്ഷയെയും തമസ്ക്കരിച്ചുകൊണ്ട്, ചെന്നെത്തുന്ന ഇടങ്ങളില്‍ നേരിടുന്ന ദുരന്തങ്ങള്‍ക്കും കെടുതികള്‍ക്കും പുറമേ, മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന വിധത്തില്‍ ചിലപ്പോള്‍ അവര്‍ വഞ്ചിതരാകുകയും പരിത്യക്തരാവുകയും ഒറ്റപ്പെടുകയും ചെയ്യാറുണ്ട്.

5. അന്തര്‍ദേശീയ സമൂഹത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം
ആഗോളവത്ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ കുടിയേറ്റ പ്രതിഭാസത്തെ നവവും നീതിപൂര്‍വ്വകവും ഫലപ്രദവുമായ വിധത്തില്‍ കാണേണ്ടതാണ്. അന്തര്‍ദേശിയ സമൂഹത്തിന്‍റെ സഹകരണവും സഹാനുഭാവവും, ആഴമായ ഐക്യദാര്‍ഢ്യവും പ്രവാസികള്‍ക്കു നല്കേണ്ടതാണ്. അവര്‍ക്കായി വിവിധതലങ്ങളില്‍ സഹകരണപദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതാണ്. കുടിയേറ്റ നിയമങ്ങളും നടപടിക്രമങ്ങളും വിപ്രവാസികളെ വ്യാപകമായി സംരക്ഷിക്കുകയും തുണയ്ക്കുകയും ചെയ്യുന്നവിധത്തില്‍ ക്രമീകരിക്കേണ്ടതാണ്. ഉറപിടമായ രാഷ്ട്രങ്ങളുടെയും ആതിഥേയ സമൂഹത്തിന്‍റെയും അറിവോടും സഹായത്തോടുംകൂടെ കുടിയേറുന്നത് അഭിമാക്യമെന്നാണ് ബനഡിക്ട് 16-ാംമന്‍ പാപ്പാ ഉദ്ബോധിപ്പിച്ചിട്ടുള്ളത്. കുടിയേറ്റക്കാരായ വ്യക്തികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടുവാന്‍ പര്യാപ്തമായ വിധത്തില്‍ രാഷ്ട്രങ്ങളില്‍, വിശിഷ്യാ ആതിഥേയ രാഷ്ട്രങ്ങളില്‍ അന്താരാഷ്ട്ര നിയമ സംവിധാനങ്ങള്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതാണ് (സത്യത്തില്‍ സ്നേഹം, 62). കുടിയേറ്റമേഖലയില്‍ അപരിഹാര്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം, മെച്ചപ്പെട്ട ലോകനിര്‍മ്മിതിക്ക് ഉതകുംവിധം തുറവിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും അരൂപിയില്‍ രാഷ്ട്രങ്ങള്‍ പ്രവാസികളെ തുണയ്ക്കുകയാണു വേണ്ടത്. അനിയന്ത്രിതമായ ആഗോളീകരണം വലിയ സാമൂഹ്യ സാമ്പത്തിക അസമതുലിതാവസ്ഥയാണ് രാഷ്ട്രങ്ങളില്‍ സൃഷ്ടിക്കുന്നത്. ഇതുകൊണ്ടാണ് വ്യക്തികള്‍ പുരോഗതിയുടെ പ്രയോക്താക്കളാകുന്നതിനു പകരം അധോഗതിയുടെ ഇരകളാകുന്ന അവസ്ഥ കുടിയേറ്റമേഖലയില്‍ ഇന്ന് വളര്‍ന്നുവരുന്നത്. ഭൂഖണ്ഡങ്ങള്‍ വ്യാപകമായി നേരിടുന്ന കുടിയേറ്റത്തിന്‍റെയും (immigration) പ്രവാസത്തിന്‍റെയും (emigration) ഇരട്ടപ്രതിഭാസം ഒരു രാഷ്ട്രത്തിനും തനിയെ നേരിടാനാവത്ത വിധത്തില്‍ ഇന്ന് വളര്‍ന്നു കഴിഞ്ഞു.

ജീവിതത്തില്‍ സമാധാനവും, നീതിയും സുരക്ഷയും, മനുഷ്യാന്തസ്സിനോടുള്ള ആദരവും തേടുന്നവര്‍ക്കുള്ള ഏകമാര്‍ഗ്ഗം കുടിയേറ്റമാണെന്ന ധാരണ മാറ്റിയെടുക്കുന്ന വിധത്തില്‍ അതാതു രാഷ്ട്രങ്ങളിലുള്ള സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകളും സഹകരണവും വളര്‍ത്തിയെടുക്കുവാന്‍ പരിശ്രമിക്കേണ്ടതാണ്. രാജ്യങ്ങളിലെ തൊഴില്‍ സാദ്ധ്യതകള്‍ മെച്ചപ്പെടുത്തുകയാണെങ്കില്‍ കുടിയേറ്റം കാരണമാക്കുന്ന കുടുംബ ബന്ധങ്ങളുടെ അകല്‍ച്ചയും ശിഥിലീകരണവും ഒഴിവാക്കി കൂട്ടായ്മയും സുസ്ഥിതിയും സന്തോഷവും സ്വന്തം നാട്ടില്‍ വളര്‍ത്തിയെടുക്കാനാവും.

6. പ്രവാസികളോടുള്ള മാധ്യമധര്‍മ്മം
അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും ജീവിതചുറ്റുപാടിനെ തുണയ്ക്കുവാനുള്ള പ്രായോഗിക നിര്‍ദ്ദേശം അവരെക്കുറിച്ചുള്ള മുന്‍വിധികളും തെറ്റിധാരണകളും ഒഴിവാക്കുക എന്നതാണ്. ഒരു രാജ്യത്തേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ നിരന്തരമായ പ്രവാഹം അവിടെ സംശയവും ശത്രുതയും വളര്‍ത്തുമെന്നതില്‍ സംശയമില്ല. സമൂഹ്യസുരക്ഷ കുറയുന്ന അവസ്ഥ, തങ്ങളുടെ സംസ്ക്കാരത്തനിമയും പൈതൃകവും നഷ്ടമാകുമെന്ന ഭീതി, തൊഴില്‍ മാത്സര്യം വര്‍ദ്ധിക്കുന്നതിന്‍റെ സംഘര്‍ഷാവസ്ഥ, കുറ്റകൃത്യങ്ങള്‍ പെരുകുന്ന ചുറ്റുപാട് എന്നിങ്ങനെയുള്ള ആശങ്കകളാണ് ഇതിനു പിന്നില്‍. മാധ്യമങ്ങള്‍ക്ക് ഈ മേഖലയില്‍ വലിയ ഉത്തരവാദിത്വമാണുള്ളത്. സാങ്കല്പിക ധാരണകളും സ്ഥിരപ്രതിഷ്ഠകളും മാറ്റിയെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. കുടിയേറ്റക്കുരുടെ കുറവുകള്‍ ഊതിവീര്‍പ്പിക്കുന്നതിനു പകരം, വസ്തുതകളും സംഭവങ്ങളും സത്യസന്ധമായും ആര്‍ജ്ജവത്തോടുംകുടെ ബഹുഭൂരിപക്ഷത്തിന്‍റെ നന്മയ്ക്കായി സാമൂഹ്യമാധ്യമങ്ങള്‍ വിനിമയംചെയ്യേണ്ടതാണ്. നല്ല നാളെയ്ക്കു രൂപനല്കാന്‍ ഉതകുന്ന നീതിനിഷ്ഠവും സാഹോദര്യത്തിന്‍റേതുമായ ലോകം സൃഷ്ടിക്കുന്നതിന്, കുടിയേറ്റക്കാരോടു കാണിക്കുന്ന ‘സങ്കുചിത സംസ്ക്കാര’ത്തിന്‍റെ ലക്ഷണങ്ങളായ എതിര്‍പ്പിന്‍റെയും ഭീതിയുടെയും, നിസംഗതയുടെയും പാര്‍ശ്വവത്ക്കരണത്തിന്‍റെയും മനോഭാവം മാറ്റി, ‘ഐക്യദാര്‍ഢ്യത്തിന്‍റെ സംസ്ക്കാരം’ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കാം. മെച്ചപ്പെട്ട ജീവിതാവസരങ്ങള്‍ തേടി അലയുന്ന മനുഷ്യരോടുള്ള സമീപനത്തില്‍ മാധ്യമലോകം ഗുണപരവും വസ്തുനിഷ്ഠവുമായ മനോഭാവം അവലംബിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

7. കൂടുതേടിയ നസ്രത്തിലെ കുടുംബം
നസ്രത്തിലെ തിരുക്കുംബം അനുഭവിച്ച അവഗണന ഇത്തരുണത്തില്‍ അനുസ്മരണീയമാണ്. ‘സത്രത്തില്‍ അവര്‍ക്ക് ഇടം ലഭിക്കായ്കയാല്‍, മറിയം തന്‍റെ കടിഞ്ഞൂല്‍പുത്രനെ കാലിത്തൊഴുത്തില്‍ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി’ (ലൂക്കാ 2, 6-7). ഹെറോദേസ് രാജാവിന്‍റെ അധികാരപ്രമത്തതമൂലമാണ് നസ്രത്തിലെ കുടുംബം നാടും വീടും വിട്ട് ഈജിപ്റ്റിലേയ്ക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായത്. (മത്തായി 2, 13-14). എന്നാല്‍ മറിയത്തിന്‍റെ മാതൃഹൃദയവും, തിരുക്കുടുംബ പാലകനായ ജോസഫിന്‍റെ കാരുണാര്‍ദ്രഭാവവും, ദൈവപരിപാലനയിലുള്ള അവരുടെ പതറാത്ത വിശ്വാസവുമാണ് ജീവിതത്തില്‍ മുന്നേറാന്‍ അവരെ സഹായിച്ചത്. തിരുക്കുടുംബത്തിന്‍റെ മദ്ധ്യസ്ഥതയാല്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായ ഏവര്‍ക്കും പ്രത്യാശയും ഉറപ്പും ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

8. കുടിയേറ്റവും സുവിശേഷവത്ക്കരണവും
‘ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിന്‍’ (മാര്‍ക്കോസ് 16, 15) എന്ന ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ടും, വേദനിക്കുന്ന ഓരോ മനുഷ്യന്‍റെ പിന്നിലും ഒളിഞ്ഞിരിക്കുന്നത് മുറിപ്പെട്ട ക്രിസ്തുവിന്‍റെ രൂപമാണെന്നു മനസ്സിലാക്കിക്കൊണ്ടും ഈ ഭൂമിയില്‍ സകലരെയും ആശ്ലേഷിക്കുന്ന ദൈവജനമാകുവാന്‍ സഭ പരിശ്രമിക്കുകയാണ്. എന്നും ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യാന്തസ്സിന്‍റെ ആഴമായ അടിത്തറ ഇവിടെ കണ്ടെത്താം. മനുഷ്യര്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്, അതിനാല്‍ നാം ദൈവമക്കളാണ് (ഉല്പത്തി 1, 26-27). അങ്ങനെ നിങ്ങളും ഞാനും ക്രിസ്തുവിന്‍റെ പ്രതിച്ഛായയുള്ളവരുമാണ്!! കാര്യക്ഷമതയുടെയും, ഉല്പാദനശേഷിയുടെയും സാമൂഹ്യനിലവാരത്തിന്‍റെയും വംശീയ-മത വിഭാഗീയതയുടെയും മാനദണ്ഡങ്ങളെക്കാള്‍ മനുഷ്യാന്തസ്സിന് ആധാരം നാം ദൈവപുത്രരാണെന്ന സത്യമാണ്.

കുടിയേറ്റക്കാരെയും പ്രവാസികളെയും പരിഹരിക്കപ്പെടേണ്ട പ്രശ്നമായി കാണരുത്. സന്തോഷത്തോടെ സ്വീകരിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ട സഹോദരങ്ങളായി അവരെ വീക്ഷിക്കുകയും, അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. നീതിനിഷ്ഠവും ജനകീയവും ഐക്യപൂര്‍ണ്ണവുമായ ‘പുതിയഭൂമിയും പുതിയ ആകാശവും’ പടുത്തുയര്‍ത്തുന്നതിനും, സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്തുന്നതിനും, തുറവും സുവിശേഷദാര്‍ഢ്യവുമുള്ള ക്രൈസ്തവ സമൂഹങ്ങള്‍ രൂപപ്പെടുത്തുന്നതിന് ദൈവപരിപാലന നല്കുന്ന അവസരമായി കുടിയേറ്റപ്രതിഭാസത്തെ നമുക്കു ദര്‍ശിക്കാം. ‘വിദൂരനാട് സ്വന്തമാക്കപ്പെടുന്നതും, ജന്മനാട് അന്യവത്ക്കരിക്കപ്പെടുന്നതുമായ’ രക്ഷാകര രഹസ്യത്തില്‍ നിഴലിക്കുന്ന വാഗ്ദത്തഭൂമി തേടിയുള്ള പ്രവാസിപ്രവാഹം നവസുവിശേഷവത്ക്കരണത്തിന്‍റെ ബൃഹത്തായ സാദ്ധ്യതയും മേഖലയുമാണ്.

9. ഉപസംഹാരം
പ്രിയ പ്രവാസികളേ, യാത്രയുടെ അന്ത്യത്തില്‍ നിങ്ങള്‍ സ്വീകാര്യരാകും, ഐക്യദാര്‍ഢ്യത്തിന്‍റെയും ഊഷ്മളമായ സാഹോദര്യത്തിന്‍റെയും അനുഭവം നിങ്ങള്‍ക്കുണ്ടാകും. അതുപോലെ കൂടുതല്‍ സുരക്ഷയുള്ളതും നേട്ടമുള്ളതുമായ നാട്ടില്‍ നിങ്ങള്‍ എത്തിച്ചേരുമെന്ന പ്രത്യാശ ഒരിക്കലും കൈവെടിയരുത്! നിങ്ങള്‍ക്കും, നിങ്ങളുടെ ശുശ്രൂഷയ്ക്കും സഹായത്തിനുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഏവര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നുകൊണ്ട്
നിങ്ങളെ ഞാന്‍ ഹൃദയപൂര്‍വ്വം ആശീര്‍വ്വദിക്കുന്നു!

വത്തിക്കാനില്‍നിന്നും,
25 സെപ്റ്റംബര്‍ 2013 + പാപ്പാ ഫ്രാന്‍സിസ്


Published by Pontifical Council of Migrants and Refugees
Translated : fr. William Nellikal, Radio Vatican








All the contents on this site are copyrighted ©.