2013-09-30 17:34:48

കുരിശില്‍ നിന്ന് ഓടിയൊളിക്കാതിരിക്കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം


30 സെപ്തംബര്‍ 2013, വത്തിക്കാന്‍
കുരിശില്‍ നിന്ന് ഓടിയൊളിക്കാതിരിക്കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കരെ ആഹ്വാനം ചെയ്യുന്നു. സെപ്തംബര്‍ 28ന് സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നല്‍കിയത്. യേശു തന്‍റെ പീഢാനുഭവത്തെക്കുറിച്ച് ശിഷ്യന്‍മാരോട് സംസാരിക്കുന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ വചന സമീക്ഷ.
വിജയം പ്രതീക്ഷിച്ച് നടന്നിരുന്ന ശിഷ്യന്‍മാര്‍ക്ക് യേശു പീഢകള്‍ സഹിച്ചു മരിക്കണമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. അവര്‍ കുരിശിനെ ഭയപ്പെട്ടു. ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാണ് ക്രിസ്തുവെന്ന് ഏറ്റുപറഞ്ഞ വി.പത്രോസ് അപ്പസ്തോലന്‍ പോലും കുരിശിനെ ഭയപ്പെട്ടു. വി.പത്രോസ് ശ്ലീഹായോ, മറ്റു ശിഷ്യന്‍മാരോ മാത്രമല്ല, യേശുവിനും ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് പെസഹാ വ്യാഴാഴ്ച്ച രാത്രി അവിടുന്ന് രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ചത്. സാധിക്കുമെങ്കില്‍ ഈ പാനപാത്രം തന്നില്‍ നിന്ന് അകന്നുപോകട്ടെയെന്ന് യേശു പിതാവിനോട് പ്രാര്‍ത്ഥിച്ചു. എന്നാല്‍ തന്‍റെ ഹിതമല്ല, പിതാവിന്‍റെ ഹിതം നിറവേറണമെന്നായിരുന്നു അവിടുത്തെ പ്രാര്‍ത്ഥന.
ഇന്നത്തെ സുവിശേഷവല്‍ക്കരണ ദൗത്യത്തില്‍ നമുക്കും കുരിശുകളെ ഭയമാണ്. ‘ഗുരുവിനേക്കാള്‍ വലിയ ശിഷ്യനില്ല’ എന്നൊരു ചൊല്ലുണ്ടല്ലോ. രക്തം ചിന്താതെ രക്ഷ സാധ്യമല്ലാത്തതുപോലെ കുരിശുകളില്ലാതെ പ്രേഷിത ദൗത്യവും ഫലമണിയുകയില്ലെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
“എനിക്കെന്താണ് സംഭവിക്കാന്‍ പോകുന്നത്? എന്‍റെ കുരിശ് എന്തായിരിക്കും?” എന്ന് ചിന്തിക്കുന്നവരാണ് നാം. നമ്മുടെ കുരിശ് എന്താണെന്ന് അറിഞ്ഞുകൂടെങ്കിലും അതില്‍ നിന്നും ഒളിച്ചോടാതിരിക്കാന്‍ വേണ്ട ദൈവകൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. കുരിശിനോടു ചേര്‍ന്നു നിന്ന പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥം നമുക്ക് യാചിക്കാം എന്ന ക്ഷണത്തോടെയാണ് മാര്‍പാപ്പ തന്‍റെ വചനസന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.