2013-09-28 10:49:02

ദുഃഖത്തിന്‍റെ പെരുമഴക്കാലത്ത്
സമാശ്വാസത്തിന്‍റെ ആത്മഹര്‍ഷം


RealAudioMP3
മത്തായി 15, 21-28 ശ്ലീബാക്കാലം മൂന്നാം ഞായര്‍
കാനാന്‍കാരിയുടെ വിശ്വസം

യേശു അവിടെനിന്നു പുറപ്പെട്ട് ടയര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ആ പ്രദേശത്തുനിന്ന് കാനാന്‍കാരി വന്ന് കരഞ്ഞപേക്ഷിച്ചു. കര്‍ത്തവേ, ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയണമേ. എന്‍റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍, അവിടുന്ന് ഒരു വാക്കുപോലും ഉരിയാടിയില്ല. അപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോട് അഭ്യര്‍ത്ഥിച്ചു. ഗുരോ, അവളെ പറഞ്ഞയച്ചാലും, അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ. അവിടുന്ന് മറുപടി പറഞ്ഞു. ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ആ സ്ത്രീ അവിടുത്തെ പ്രണമിച്ച് “കര്‍ത്താവേ, അങ്ങ് എന്നെ സഹായിക്കണമേ,” എന്നപേക്ഷിച്ചു. അവിടുന്നു പറഞ്ഞു. മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്കു എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവള്‍ പറഞ്ഞു. അതേ, കര്‍ത്താവേ, നായ്ക്കളും യജമാന്മാരുടെ മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. അപ്പോള്‍ ക്രിസ്തു പറഞ്ഞു. സ്ത്രീയേ, നിന്‍റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയം മുതല്‍ അവളുടെ പുത്രി സുഖംപ്രാപിച്ചു.

നല്ലൊരു ചലച്ചിത്രമാണ് ‘പെരുമഴക്കാലം.’ കമല്‍ സംവിധാനംചെയ്ത പടത്തിന്‍റെ തിരക്കഥ റ്റി. എ. റസാക്കിന്‍റെതാണ്. പ്രകൃതിയിലേയ്ക്കും മനുഷ്യരിലേയ്ക്കും പെരുമഴ പെയ്യുമ്പോള്‍ അത് ഭാവങ്ങളും ഭാവമാറ്റങ്ങളുമുണ്ടാക്കുന്നു. മനുഷ്യജീവിതത്തിന്‍റെ വേദനകളിലേയ്ക്കും സന്തോഷങ്ങളിലേയ്ക്കും പെരുമഴ അനുദിനം പെയ്തിറങ്ങുന്നുണ്ട്. തന്‍റെ കഥയെക്കുറിച്ചു റസാക്ക് പറഞ്ഞത് ശ്രദ്ധേയമാണ്.
“ജീവിതത്തില്‍ നഷ്ടഭാരം പേറുന്നവരാണധികവും. നഷ്ടഭാരം മഹത്തായ മനുഷ്യഭാവമാണ്. എനിക്കുള്ളില്‍ വേദനിക്കുന്ന മനസ്സുണ്ട്. അത് മനഃശ്ശാസ്ത്രപരവും ജീവശാസ്ത്രപരവുമായി എന്നോട് ഏറെ ബന്ധപ്പെട്ടതാണ്. കുട്ടിക്കാലത്തെ രോഗങ്ങളിലൂടെയും ദാരിദ്ര്യത്തിലൂടെയും ഒറ്റപ്പെടലിലൂടെയും രൂപപ്പെട്ടതാകാമത്. അതൊരു മാനസിക ദൗര്‍ബല്യമോ, വൈകല്യമോ ആകാം. നമ്മുടെയൊക്കെ അടിസ്ഥാന വികാരം ദുഃഖമല്ലേ?” റസാക്ക് വ്യക്തിപരമായി വിവരിക്കുന്ന മനുഷ്യന്‍റെ ജീവിതനഷ്ടവും ദുഃഖവുമാണ് സത്യത്തില്‍ പെരുമഴക്കാലത്തിന്‍റെ പശ്ചാത്തലം.

പെരുമഴക്കാലത്ത് ജീവിതം തള്ളിനീക്കേണ്ടിവന്ന ഒരമ്മയുടെയും മകളുടെയും കഥ പറയട്ടെ. സൗഖ്യത്തിനായി ക്രിസ്തുവിനെ സമീപിച്ച കാനാന്‍കാരി സ്ത്രീയുടെയും രോഗിണിയായ അവളുടെ മകളുടെയും കഥയാണ് ഇന്നത്തെ സുവിശേഷം. യഹൂദന്മാരും കാനാന്യരും തമ്മില്‍ നടന്നിട്ടുള്ള അനേകം യുദ്ധങ്ങളെപ്പറ്റി പഴയനിയമം സാക്ഷൃപ്പെടുത്തുന്നുണ്ട്. അങ്ങനെ ചരിത്രപരമായി അവര്‍ ബദ്ധശത്രുക്കളാണ്. എന്നിട്ടും, മകളുടെ ദുഃഖത്തിന്‍റെ പെരുമഴയില്‍ ക്രിസ്തുവെന്ന വിമോചകനെ സമീപിക്കാന്‍ അവള്‍ ധൈര്യപ്പെടുന്നു. അവിടുന്ന് ശത്രുഗോത്രത്തില്‍പ്പെട്ടവനാണെന്ന് ആ സ്ത്രീ ചിന്തിക്കുന്നേയില്ല. ജീവിത ദുരന്തങ്ങള്‍ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നു.

“മക്കള്‍ക്കുള്ള അപ്പമെടുത്ത് എങ്ങനെ നായ്ക്കള്‍ക്കു കൊടുക്കും.?” എന്ന വാദമുഖം ക്രിസ്തു മനഃപൂര്‍വ്വം ഉന്നയിച്ചതാവാം. യഹൂദരുടെ വിമോചകനാണ് താന്‍ എന്നല്ലേ, പറഞ്ഞതിന്‍റെ ധ്വനി! താന്‍ അയക്കപ്പെട്ടത് ഇസ്രായേല്‍ വംശജനരെ രക്ഷിക്കാനാണെന്ന് ക്രിസ്തുവും ധരിച്ചിരുന്നിരിക്കാം.
‘മക്കള്‍’ എന്ന വാക്കുകൊണടിവിടെ ഉദ്ദേശിക്കുന്നത് സ്വന്തം ജനമായ ഇസ്രായേലിനെയാണ് – യഹൂദജനത്തെയാണ്. അവര്‍ക്കു മാത്രമാണ് താന്‍ പങ്കുവയ്ക്കുന്ന രക്ഷയുടെ അപ്പം നല്കപ്പെടുന്നത്. അതെടുത്ത് പുറംജാതിക്കാര്‍ക്ക് കൊടുക്കണമോ, കൊടുക്കണ്ടയോ എന്നതാണ് ഇവിടത്തെ വാദം.

പക്ഷേ, ആ സ്ത്രീ ധിഷണാശാലിയായിരുന്ന. അവള്‍ പറഞ്ഞു,
“ഞാന്‍ മക്കളുടെ അപ്പം ചോദിച്ചില്ലല്ലോ. ഞാന്‍ ചോദിച്ചത് നായ്ക്കളുടെ അപ്പമാണ്. യജാമാനന്‍റെ മേശയ്ക്കടിയില്‍ വീഴുന്നത് നായ്ക്കള്‍ക്കുള്ളതല്ലേ.” ക്രിസ്തുവിനെ സംബന്ധിച്ചടത്തോളം ഇതൊരു ഞെട്ടിപ്പിക്കുന്ന പ്രസ്താവനയായിരുന്നു. അന്നുവരെയ്ക്കുള്ള തന്‍റെ വീക്ഷണം പരിവര്‍ത്തന വിധേയമാകുന്ന നിമിഷമായിരുന്നു അത്. ആ വിജാതീയ സ്ത്രീയിലൂടെ ക്രിസ്തുവിന്‍റെ സാമൂഹ്യദര്‍ശനം മാറ്റിമറിക്കപ്പെടുകയാണെന്ന് നമുക്കു വ്യാഖ്യാനിക്കാം. തന്‍റെ ജീവിതദൗത്യത്തിന്‍റെ ദര്‍ശനമാണ് മാറ്റിമറിക്കപ്പെടുന്നത്. ക്രിസ്തു വന്നിരിക്കുന്നത് മക്കളായ യഹൂദന്മാര്‍ക്കുവേണ്ടി മാത്രമല്ല, സജാതിയരെന്നോ വിജാതിയരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരെയും രക്ഷയിലേയ്ക്കു നയിക്കാനാണ് അവിടുന്ന് ആഗതനായത്. ഈ പുതിയ ദൈവികപ്രകാശത്തിന്‍റെ, വെളിപ്പെടുത്തല്‍ ക്രിസ്തു ആ സ്ത്രീയുടെ മകളെ തൊട്ടു സുഖപ്പെടുത്തി.

‘ക്രിസ്തു ഏക രക്ഷകന്‍’ എന്ന ആശയം നല്ലതാണ്. എന്നാല്‍ അവിടുന്ന് എല്ലാവരുടെയും വിമോചകനാണെന്ന് നാം മനസ്സിലാക്കണം. രക്ഷയുടെ സുവിശേഷം എല്ലാവര്‍ക്കും ഉള്ളതാണ്. തന്‍റെ സഹായം തേടിയെത്തിയ വിജാതിയ സ്ത്രീയെ ക്രിസ്തു പരിവര്‍ത്തനം ചെയ്യാന്‍ പരിശ്രമിച്ചില്ല. എന്നാല്‍ അവളുടെ വിശ്വാസത്തെ അവിടുന്നു പ്രശംസിച്ചു.

വിശ്വാസം ജീവിതത്തിന് അലങ്കാരമോ ആടയാഭരണോ അല്ല. വലിയ കേക്കുണ്ടാക്കി അതിന്‍റെ പുറമേ ക്രീംകൊണ്ട് അലങ്കരിക്കുന്നതുപോലെ, മതാത്മകതകൊണ്ട്, അല്ലെങ്കില്‍ കുറെ അനുഷ്ഠാനങ്ങള്‍കൊണ്ട് നമ്മുടെ ജീവിതത്തെ അലങ്കരിക്കുന്നതാണ് വിശ്വാസമെന്നു ധരിക്കരുത്. ദൈവത്തെ ജീവിതത്തില്‍ സകലത്തിനും മാനദണ്ഡമായി സ്വീകരിക്കുന്നതാണ് വിശ്വാസം. എന്നാല്‍ ദൈവം ശൂന്യതയോ, നിസ്സംഗതയോ അല്ല, മറിച്ച് അവിടുന്ന് നന്മയും സ്നേഹവുമാണ്. സ്നേഹം ക്രിയാത്മകവുമാണ്.
ക്രിസ്തു ഈ ലോകത്ത് അവതരിച്ച് നമ്മൊടൊത്തു വസിച്ചതിനാല്‍, ഇനി നമുക്ക് ദൈവത്തെ അറിയില്ല എന്നു പറയുവാനോ, ദൈവത്തെ അറിയാത്തതുപോലെ ജീവിക്കുവാനോ സാദ്ധ്യമല്ല. അവിടുന്ന് അമൂര്‍ത്തമോ, ശൂന്യമോ, നാമമാത്രമോ ആയ ഒരാളല്ല. ദൈവം സ്നേഹത്തിന്‍റെയും, കാരുണ്യത്തിന്‍റെയും മൂര്‍ത്തരൂപമാണ്. അവിടുന്ന് വിശ്വസ്തനാണ്. നമ്മുടെ ജീവന്‍ അവിടുത്തെ ദാനമാണ്. മനുഷ്യനെ പരസ്പരം ഖണ്ഡിക്കാന്‍ ക്രിസ്തു ആഗ്രഹിക്കുന്നില്ല, മറിച്ച് നമ്മില്‍ സമാധാനവും അനുരജ്ഞനവും വളര്‍ത്തുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ക്രിസ്തു വിഭാവനംചെയ്യുന്ന സമാധാനം സ്മശാനത്തിന്‍റെ മൂകതയോ, നിസ്സംഗതയുടെ നിര്‍വ്വികാരതയോ, നിഷ്പക്ഷതയുടെ സമതുലിതാവസ്ഥയോ അല്ല. ക്രിസ്തു തരുന്ന സമാധാനം വെല്ലുവിളികളിലെ വിട്ടുവീഴ്ചയുമല്ല. മറിച്ച് സത്യത്തിനും നീതിക്കും നന്മയ്ക്കും വേണ്ടിയുള്ള നിലപാടാണത്.

വലിയ ത്യാഗം ആവശ്യപ്പെട്ടാലും, എന്‍റേതായ താല്പര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നാലും ജീവിതത്തിലെ തിന്മയും സ്വാര്‍ത്ഥതയും അകറ്റി, നല്ലതും സത്യമായതും, നീതിയുള്ളതും തിരഞ്ഞെടുക്കുന്നതാണ് ക്രിസ്തു പകര്‍ന്നു നല്കുന്ന സമാധനത്തിന്‍റെ പാത. അവിടുത്തെ അനുകരിക്കുന്നവര്‍ ദൃശ്യമാക്കുന്ന ദൈവികകാരുണ്യം സകല മനുഷ്യര്‍ക്കും അനുഭവവേദ്യമാകണമെന്നത് മൗലികമായ കാഴ്ചപ്പാടാണ്.

വിശ്വാസപ്രചരണത്തിന് ബലപ്രയോഗം ഒരിക്കലും യുക്തമല്ല. മറിച്ചാണ് : അക്രമത്തിന്‍റെ എല്ലാ മാര്‍ഗ്ഗങ്ങളും പരിത്യജിക്കുന്ന സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ശക്തിയാണ് വിശ്വാസജീവിതത്തില്‍ ക്രൈസ്തവന്‍റെ കരുത്ത്, ഏതു മതസ്ഥന്‍റെയും കരുത്ത്. വിശ്വാസവും അധിക്രമവും ഒരിക്കലും പൊരുത്തപ്പെടുകയില്ല! എന്നാല്‍ വിശ്വാസവും ധീരതയും പൊരുത്തപ്പെടുന്നവയുമാണ്. വിശ്വാസി ഒരിക്കലും അക്രമിയല്ല, മറിച്ച് ധൈര്യശാലിയാണ്. ആ ധൈര്യം എളിമയുടെയും, സൗമ്യതയുടെയും, സ്നേഹത്തിന്‍റെയും കരുത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. ക്രിസ്ത്വാനുകരണം പിന്നെ നിസ്സംഗനാക്കുന്നുമില്ല. അത് പ്രവര്‍ത്തന നിരതമായ വെല്ലുവിളിയാണ്. അതു പങ്കുചേരലും പങ്കുവയ്ക്കലുമാണ്. വിശ്വാസം വ്യക്തിജീവിതത്തിന്‍റെ വെറും അലങ്കാരമല്ല, ഊര്‍ജ്ജമാണ്. ആത്മാവിന്‍റെ ക്രിയാത്മകമായ ചാലകശക്തിയാണത്!

ഭൂമുഖത്തെ ഓരോ വ്യക്തിക്കും, പിറക്കാന്‍പോകുന്ന കുഞ്ഞിനും, ജീവിത സായാഹ്നത്തിലെത്തിയ വയോധികനും മാന്യമായൊരു ജീവിത ചുറ്റുപാട് ഒരുപോലെ ഉറപ്പുവരത്തുമ്പോഴായിരിക്കും ലോക സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നത്. ബോധപൂര്‍വ്വകമായ സായുധ സംഘര്‍ഷങ്ങളും ജാതിയുടെയും വംശത്തിന്‍റെയും പേരിലുള്ള കലാപങ്ങളും ആഗോള ഐക്യദാര്‍ഢ്യത്തിന്‍റെ ബദ്ധശത്രുവായി സമൂഹത്തില്‍ ഭിന്നതയുടെ മുറിവുകള്‍ വളര്‍ത്തുന്നു. മരണത്തിന്‍റെയും രോഗത്തിന്‍റെയും കൊടുംദാരിദ്ര്യത്തിന്‍റെയും പേക്കോലങ്ങള്‍ അനുദിനം ലോകത്ത് ഉയര്‍ത്തുന്നത് നിര്‍ഭാഗ്യവശാല്‍ നാം ചുറ്റുകാണുന്ന വര്‍ഗ്ഗീയതയുടെ സായുധ സംഘര്‍ഷങ്ങളാണ്.

സമാധാനമില്ലാതെ എങ്ങിനെയാണ് വികസനം കൈവരിക്കുക? വികസനത്തിന് അനിവാര്യമായ സമാധാനം വളര്‍ത്താന്‍ ഒരിക്കലും വര്‍ഗ്ഗീയ വാദത്തിനോ അതുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ക്കോ ആവില്ല.
അസമാധാനത്തിന്‍റെയും വിഭാഗീയതയുടെയും വെല്ലുവിളികള്‍ ചുറ്റും ഉയരുമ്പോള്‍ ക്രിസ്തുവില്‍ ദൃഷ്ടിപതിപ്പിച്ചുകൊണ്ട് മുന്നോട്ടു ചരിക്കാം. സമാധാനരാജ്ഞിയായ പരിശുദ്ധ കന്യകാനാഥ നമ്മെ നയിക്കട്ടെ.
Prepared : nellikal, sedoc








All the contents on this site are copyrighted ©.