2013-09-25 16:19:28

പെഷവാര്‍ ദേവാലയാക്രമണം: പാക്കിസ്ഥാനിലേയും ഇന്ത്യയിലേയും കത്തോലിക്കാ മെത്രാന്‍മാര്‍ അപലപിച്ചു.


24 സെപ്തംബര്‍ 2013,
പാക്കിസ്ഥാനിലെ പെഷവാറില്‍ ക്രൈസ്തവ ദേവാലയത്തിനുനേരെ നടന്ന ബോംബാക്രമണത്തില്‍ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും കത്തോലിക്കാ മെത്രാന്‍മാര്‍ രോഷവും വേദനയും രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് സകല വിശുദ്ധരുടേയും നാമത്തിലുള്ള ദേവാലയത്തിനു നേരെ ഇരട്ട ചാവേറാക്രമണം നടന്നത്. ആക്രമണത്തില്‍ 80 പേര്‍ മരണമടയുകയും 120ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച പാക്കിസ്ഥാന്‍ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് കൂത്ത്, നിരായുധരായ സ്ത്രീ പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമെതിരേ നടത്തിയ ആക്രമണത്തെ ‘ലജ്ജാകരവും ഭീരുത്വ’വുമെന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍മാരും ആക്രമണത്തെ അപലപിച്ചു. സുരക്ഷാ കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ വീഴ്ച്ചയാണ് ആക്രമണത്തിനു കാരണമെന്ന് പൂനെ രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് ഡാബ്രെ കുറ്റപ്പെടുത്തി. ബോംബാക്രമണം അങ്ങേയറ്റം വേദനാജനകവും ദുഃഖകരവുമാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി). പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: Asia News, Vatican Radio







All the contents on this site are copyrighted ©.