2013-09-25 19:31:29

ഐക്യദാര്‍ഢ്യം
സേവനപാതയിലെ ഭരതവാക്യം


25 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
ഐക്യദാര്‍ഢ്യം സേവനപാതയിലെ ഭരതവാക്യമാകണമെന്ന് പ്രവാസികാര്യങ്ങള‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രവാസിദിന സന്ദേശത്തിന്‍റെ പ്രകാശനവേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

കുടിയേറ്റത്തിന്‍റെ അടയന്തിരാവസ്ഥയിലും അമാനുഷികമായ ചുറ്റുപാടുകളിലും ദീര്‍ഘനാള്‍ പ്രവസികളെ ജീവിക്കാന്‍ അനുവദിക്കുന്നത് മനുഷ്യാന്തസ്സിന് ചേര്‍ന്നതല്ലെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.
20 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികളാണ് സമീപരാഷ്ട്രങ്ങളായ ഈജിപ്റ്റ്, ടര്‍ക്കി, എതിയോപ്യാ, സുഡാന്‍, കേനിയ എന്നിവിടങ്ങളിലേയ്ക്ക് കുടിയേറിയിരിക്കുന്നത്. എന്നാല്‍ വിവിധ തരത്തിലുള്ള സാമൂഹ്യ പ്രതിസന്ധിയില്‍ കഴിയുന്ന ഈ രാജ്യങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഇന്നത്തെ കുടിയേറ്റ പ്രവാഹമെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.

കുടിയേറ്റക്കാരുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്ത്വം ആതിഥേയ രാഷ്ട്രത്തിന്‍റെ മാത്രമായി തള്ളിനീക്കാതെ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റ പ്രതിഭാസത്തെ അന്താരാഷ്ട്ര സമൂഹം കൈകോര്‍ത്തു തുണയ്ക്കണമെന്നതാണ് പാപ്പായുടെ സന്ദേശത്തത്തിന്‍റെ സത്തയെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. പീഡനത്തിന്‍റെയും കെടുതികളുടെ വേദനിക്കുന്ന അന്തരീക്ഷത്തില്‍നിന്നും ഒളിച്ചോടാന്‍ നിര്‍ബന്ധിതരായവരോട് ഐക്യദാര്‍ഢ്യുവും സഹാനുഭാവവും കാണിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ നിരീക്ഷിച്ചു.

അന്താരാഷ്ട്ര സമൂഹത്തിന്‍റെയും സന്നദ്ധ സംഘടനകളുടെയും നിരന്തരമായി പിന്‍തുണയും സഹായവുമില്ലാത്തെ മനുഷ്യാന്തസ്സിനിണങ്ങുന്ന വിധത്തില്‍ ഹതഭാഗ്യരായ ഈ മനുഷ്യരുടെ ജീവിതങ്ങളെ പിന്‍തുണയ്ക്കാനാവില്ലെന്നും ബിഷപ്പ് കളത്തില്‍പ്പറമ്പില്‍ പ്രസ്താവിച്ചു. സേവന പാതയില്‍ ഐക്യദാര്‍ഢ്യത്തിന്‍റെ കലവറയില്ലാത്ത മനോഭാവം സഭയിലും സമൂഹത്തിലും വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റത്തിന്‍റെ നവമായ പ്രതിഭാസത്തെ ന്യായമായി നേരിടാനാവൂ എന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.