2013-09-24 17:29:12

റോമന്‍ കൂരിയായിലെ മാറ്റങ്ങളും സ്ഥിരീകരണങ്ങളും


24 സെപ്തംബര്‍ 2013, വത്തിക്കാന്‍
റോമന്‍ കൂരിയായിലെ രണ്ടു കാര്യാലയങ്ങളിലെ മേലധികാരികളുടെ സ്ഥാനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചു. അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് റില്‍ക്കോ, സെക്രട്ടറി ബിഷപ്പ് യോസഫ് ക്ലെമെന്‍സ്; നീതി സമാധാന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്സണ്‍, സെക്രട്ടറി ബിഷപ്പ് മാരിയോ തോസോ എന്നിവരുടെ സ്ഥാനങ്ങളാണ് അവരുടെ സേവനകാലാവധിയായ 5 വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ മാര്‍പാപ്പ സ്ഥിരീകരിച്ചത്. മാര്‍പാപ്പയുടെ ഉത്തരവ് സെപ്തംബര്‍ 24ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.
മാര്‍പാപ്പ സെപ്തംബര്‍ 21ന് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം,
വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായി ആര്‍ച്ചുബിഷപ്പ് ജെറാര്‍ഡ് മ്യൂള്ളറും, ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായി കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണിയും തുടരും.
വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായിരുന്ന കര്‍ദിനാള്‍ മൗറോ പിയാചെന്‍സയെ വത്തിക്കാന്‍ അനുരജ്ഞന കോടതിയുടെ (Penitenzieria Apostolica) മേധാവിയായി മാര്‍പാപ്പ നിയമിച്ചു.
മെത്രാന്‍മാരുടെ സിനഡിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ്പ് നിക്കോള എത്രോവിനെ ജര്‍മനിയിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിച്ച മാര്‍പാപ്പ, ആര്‍ച്ചുബിഷപ്പ് ലൊറെന്‍സോ ബാല്‍ദിസെറിയെ മെത്രാന്‍മാരുടെ സിനഡിന്‍റെ പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ് ലൊറെന്‍സോ ബാല്‍ദിസെറി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.