2013-09-24 17:28:34

മുന്‍വിധികള്‍ കൂടാതെ അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും സ്വീകരിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം


24 സെപ്തംബര്‍ 2013, വത്തിക്കാന്‍
മെച്ചപ്പെട്ട ഒരു ലോക നിര്‍മ്മിതിക്ക് കുടിയേറ്റ പ്രതിഭാസത്തോടുള്ള സമീപനത്തില്‍ മാറ്റം വരേണ്ടിയിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നൂറാമത് ആഗോള കുടിയേറ്റ ദിനാചരണത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. പൂജരാജാക്കന്‍മാരുടെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് കത്തോലിക്കാ സഭ കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും ദിനമായി ആചരിക്കുന്നത്. “അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും: ഒരു മെച്ചപ്പെട്ട ലോകത്തിലേക്ക്” എന്ന പ്രമേയം കേന്ദ്രമാക്കി നൂറാമത് കുടിയേറ്റ ദിനാചരണം 2014 ജനുവരി 19ന് നടക്കും.

മനുഷ്യകുടുംബത്തിലെ ഓരോ അംഗവും ലോക കുടുംബത്തോടൊപ്പം ഒരു നല്ല ഭാവി സ്വപ്നം കാണുന്നുണ്ട്. എല്ലാവരുടേയും ജീവിതാന്തസ് ഉയര്‍ത്തുന്ന യഥാര്‍ത്ഥവും സമഗ്രവുമായ വികസനം നടക്കുമ്പോഴാണ് ഒരു മെച്ചപ്പെട്ട ലോകം നിര്‍മ്മിക്കപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും ചതുരംഗക്കളിയിലെ കരുക്കളായി കാണരുത്. ദൈവമക്കളാണവര്‍, ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടര്‍. ക്രിസ്തുവിന്‍റെ മുഖഛായാണ് അവര്‍ക്കുള്ളതെന്നും മാര്‍പാപ്പ തന്‍റെ സന്ദേശത്തിലൂടെ ലോകത്തെ അനുസ്മരിപ്പിച്ചു.
അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും സഹായിക്കുന്നതിനു വേണ്ടി ആഗോള തലത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. പൗരന്‍മാര്‍ രാജ്യം വിട്ടു പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ മാതൃരാജ്യങ്ങളില്‍ നിന്നുണ്ടാകണം. മെച്ചപ്പെട്ട സാമൂഹ്യ – സാമ്പത്തിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ നീതിയും സമാധാനവും സുരക്ഷയും തേടി അന്യരാജ്യങ്ങളിലേക്കുള്ള പലായനം ഒഴിവാക്കാന്‍ സാധിക്കും.
കുടിയേറ്റക്കാരെ സ്വീകരിക്കുന്നവരുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതും മെച്ചപ്പെട്ട ലോക നിര്‍മ്മിതിയ്ക്ക് അനിവാര്യമാണ്. പ്രതിരോധത്തിന്‍റേയും, അവഗണനയുടേയും, പാര്‍ശ്വവല്‍ക്കരണത്തിന്‍റേയും, ഭയത്തിന്‍റേയും മനോഭാവത്തിനു മാറ്റം വരണം. പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമല്ല അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും; സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യേണ്ട സഹോദരീ സഹോദരന്‍മാരാണവരെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.

കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും ജീവിതാനുഭവങ്ങള്‍ക്ക് ഉദാഹരണമായി, ഈജിപ്തിലേക്കു പലായനം ചെയ്യേണ്ടി വന്ന തിരുക്കുടുംബത്തിന് അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഏതു പ്രതികൂല സാഹചര്യത്തിലും ദൈവം തങ്ങള്‍ക്കൊപ്പമുണ്ടെന്ന കാര്യത്തില്‍ അവര്‍ക്കു സംശയമുണ്ടായിരുന്നില്ലെന്ന് കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും പാപ്പ ഓര്‍മ്മിപ്പിച്ചു. വേദനാജനകമായ പ്രവാസ ജീവിതം നയിക്കുന്നവര്‍ക്ക് സമാശ്വാസം പകര്‍ന്ന മാര്‍പാപ്പ ഒരിക്കലും പ്രത്യാശ കൈവെടിയരുതെന്നും അവരെ ഉത്ബോധിപ്പിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.