2013-09-24 09:46:54

പ്രത്യാശയും ആനന്ദവും യുവജനങ്ങളുടെ മുഖമുദ്രയായിരിക്കണമെന്ന് മാര്‍പാപ്പ


23 സെപ്തംബര്‍ 2013, കാല്യരി
ആനന്ദവും പ്രത്യാശയുമുള്ളവരായിരിക്കണം യുവജനങ്ങളെന്ന് മാര്‍പാപ്പ. 22ാം തിയതി ഞായറാഴ്ച ഇറ്റാലിയന്‍ ദ്വീപായ സര്‍ദേഞ്യായിലെ കാല്യരിയിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ കാല്യരിയിലെ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. ഒരു ലക്ഷത്തോളം യുവജനങ്ങള്‍ സംഗമത്തിനെത്തിയിരുന്നു. ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കാന്‍ അവരെ ക്ഷണിച്ച മാര്‍പാപ്പ ദൈവവചനം അവരുടെ ജീവിതത്തിന് മാര്‍ഗദര്‍ശനമായിരിക്കട്ടെയെന്നും ആശംസിച്ചു. പരാജയങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടായേക്കാം. പക്ഷേ അതില്‍ നിരാശപ്പെട്ടിരിക്കേണ്ടവരല്ല യുവജനങ്ങള്‍. പ്രയാസങ്ങളും സങ്കടങ്ങളുമായി കഴിയുന്ന യുവജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന വിപണികളുണ്ട്, മരണം വിതയ്ക്കുന്ന വിപണികള്‍. മരണത്തിന്‍റെ വ്യാപാരികള്‍ക്ക് അടിയറ വയ്ക്കാനുള്ളതല്ല യുവത്വമെന്ന് മാര്‍പാപ്പ യുവജനങ്ങളെ ഉത്ബോധിപ്പിച്ചു. അദ്ധ്വാനിച്ച് പരിക്ഷീണനായിരുന്നിട്ടും ക്രിസ്തുവിന്‍റെ വാക്കുശ്രവിച്ച് വീണ്ടും വലയിറക്കാന്‍ തയ്യാറായ പത്രോസിന്‍റെ മാതൃകയാണ് യുവജനം പിന്തുടരേണ്ടത്.
സ്ഥൈര്യലേപന സ്വീകരണത്തിനു ശേഷം സഭാ കാര്യങ്ങളില്‍ നിന്ന് യുവജനങ്ങള്‍ അകന്നുപോകുന്ന പ്രതിഭാസത്തെക്കുറിച്ചു പരാമര്‍ശിച്ച മാര്‍പാപ്പ ‘സ്ഥൈര്യലേപന കൂദാശ’ ‘വിടപറയല്‍ കൂദാശ’യായി മാറിയിരിക്കുന്നുവെന്ന് തമാശരൂപേണ പറഞ്ഞു. പരാജയത്തിന്‍റെ അനുഭവങ്ങളാണ് പലപ്പോഴും യുവജനങ്ങളെ സഭയില്‍ നിന്നകറ്റുന്നത്. പരാജയങ്ങളില്‍ മനസു പതറാതെ ക്രിസ്തുവില്‍ പ്രത്യാശ കണ്ടെത്തണം. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്‍പില്‍ പകച്ചു നില്‍ക്കാതെ ക്രിസ്തുവിനോടൊപ്പം മുന്നേറുവാന്‍‍ മാര്‍പാപ്പ യുവജനങ്ങള്‍ക്കു പ്രോത്സാഹനം പകര്‍ന്നു.

സ്വന്തം ജീവിത സാക്ഷൃവും പാപ്പ യുവജനങ്ങളോട് പങ്കുവച്ചു. മാര്‍പാപ്പ തന്‍റെ ദൈവവിളി തിരിച്ചറിഞ്ഞതിന്‍റെ 60ാം വാര്‍ഷികമായിരുന്നു വിശുദ്ധ മത്തായിയുടെ തിരുന്നാള്‍ ദിനമായ സെപ്തംബര്‍ 21. ഇക്കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ നേട്ടങ്ങളുടേയും സന്തോഷത്തിന്‍റേയും അനുഭവങ്ങള്‍ക്കൊപ്പം പരാജയങ്ങളുടേയും വീഴ്ച്ചകളുടേയും അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ദൈവവിളി സ്വീകരിച്ചതില്‍ ഒരിക്കലും പശ്ചാതപിക്കേണ്ടി വന്നിട്ടിലെന്ന് മാര്‍പാപ്പ അവരോട് പറഞ്ഞു. ക്രിസ്തുവിനെ ഉറ്റുനോക്കി, ക്രിസ്തുവിനോടൊപ്പം ജീവിക്കുന്നത് മനോഹരമായ അനുഭവമാണ്. വിശ്വസ്തനായ സഹയാത്രികനാണ് ക്രിസ്തു. പരിപൂര്‍ണ്ണതയോടെ ജനിച്ചവരല്ല വിശുദ്ധരെന്നു ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ യുവവിശുദ്ധരുടെ ഉദാഹരണങ്ങളും അവര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചു. ക്രിസ്തുവിന്‍റെ വാക്കില്‍ വിശ്വസിച്ച് വലയിറക്കിയവരാണ് അവര്‍. അവരെപ്പോലെ ധീരതയോടെ ക്രിസ്തുവിനെ അനുഗമിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത പാപ്പ പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥത്തില്‍ അവരെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ യുവജനങ്ങളോടഭ്യര്‍ത്ഥിച്ചു.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.