2013-09-24 17:30:18

പാക്കിസ്ഥാനിലെ പീഡിത ക്രൈസ്തവ സമൂഹത്തിനായി കേരളത്തില്‍ പ്രാര്‍ത്ഥന ഉയരുന്നു


24 സെപ്തംബര്‍ 2013, കൊച്ചി
പാക്കിസ്ഥാനിലെ പെഷവാറില്‍ ഞായറാഴ്ച ദിവ്യബലിയില്‍ സമാധാനപൂര്‍വ്വം പങ്കെടുത്തുകൊണ്ടിരുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഭീകരവാദികള്‍ നടത്തിയ ബോംബാക്രമണം അങ്ങേയറ്റം വേദനാജനകവും ദുഃഖകരവുമാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി). നിരന്തരം ഭീകരരുടെ പീഡനത്തിനും ആക്രമണത്തിനും വിധേയരായിക്കൊണ്ടിരിക്കുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ സഹോദരങ്ങളോട് സ്നേഹവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കാന്‍ ഏവരേയും കെ.സി.ബി.സി ക്ഷണിച്ചു. പാക്കിസ്ഥാനില്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ക്കും തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കും വിധേയരാകുന്ന ന്യൂനപക്ഷ ക്രൈസ്തവ സമുദായത്തിനുവേണ്ടി അന്തര്‍ദേശീയ ഇടപെടല്‍ ഉണ്ടാകുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. ഭീകരവാദത്തെ എതിര്‍ക്കണമെന്ന് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ്‌ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഭീകരരുടെ ബോംബാക്രമണത്തില്‍ മരണമടഞ്ഞ ക്രൈസ്തവ വിശ്വാസികളുടെ ആത്മശാന്തിക്കുവേണ്ടി കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയും നടത്തി. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തവര്‍ കത്തിച്ച തിരികള്‍ കൈകളിലേന്തി ഭീകരവാദത്തിനെതിരേ പ്രതിജ്ഞയെടുത്തു.

വാര്‍ത്താ സ്രോതസ്സ്: കെ.സി.ബി.സി.








All the contents on this site are copyrighted ©.