2013-09-24 17:29:29

നിരീശ്വവാദിയായ ഗണിതശാസ്ത്രജ്ഞന് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍റെ കത്ത്


24 സെപ്തംബര്‍ 2013, വത്തിക്കാന്‍
നിരീശ്വവാദിയായ ഇറ്റാലിയന്‍ ഗണിത ശാസ്ത്രജ്ഞന് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍റെ കത്ത്. റാറ്റ്സിങ്ങറുടെ ദൈവശാസ്ത്ര ചിന്തകളേയും വിശ്വാസകാര്യങ്ങളേയും സംബന്ധിച്ച് പ്രകോപനപരമായ ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചുകൊണ്ട് “പ്രിയപ്പെട്ട മാര്‍പാപ്പയ്ക്ക് എഴുതുന്നത്” എന്ന ശീര്‍ഷകത്തില്‍ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ച ഇറ്റാലിയന്‍ ഗണിത ശാസ്ത്രജ്ഞനും ചിന്തകനും നിരീശ്വരവാദിയുമായ പിയെര്‍ജോര്‍ജ്ജ്യോ ഓഡിഫ്രെഡിക്കാണ് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ പതിനൊന്നു പേജുള്ള ഒരു കത്തയച്ചത്. മുന്‍മാര്‍പാപ്പയുടെ കത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ പ്രമുഖ ഇറ്റാലിയന്‍ പത്രമായ ലാ റിപ്പുബ്ലിക്ക പ്രസിദ്ധീകരിച്ചതോടെ ഈ സംവാദം പൊതുജനശ്രദ്ധയിലെത്തി.

“വിശ്വാസം, ശാസ്ത്രം, തിന്‍മ” എന്നീ വിഷയങ്ങളാണ് കത്തിന്‍റെ കാതല്‍. വിശ്വാസ കാര്യങ്ങളെ സംബന്ധിച്ച് തന്‍റെ അഭിപ്രായം സത്യസന്ധമായി അവതരിപ്പിച്ച ഗണിത ശാസ്ത്രജ്ഞനെ അനുമോദിച്ച മുന്‍പാപ്പ, ഗ്രന്ഥത്തിലെ പല വാദമുഖങ്ങളും ആശയങ്ങളും താന്‍ തന്നായി ആസ്വദിച്ചുവെന്നും വെളിപ്പെടുത്തി. അതേസമയം, ഗ്രന്ഥകാരന്‍റെ ആക്രമണോത്സുകത തന്നെ അമ്പരപ്പിച്ചുവെന്നും അദ്ദേഹം തുറന്നെഴുതി. സംവാദത്തിലൂടെയാണ് പരസ്പര ധാരണ വര്‍ദ്ധിക്കുന്നതെന്ന കാരണത്താലാണ് താന്‍ ഈ കത്തെഴുതുന്നതെന്നും മുന്‍മാര്‍പാപ്പ വിശദീകരിച്ചു.
കര്‍ക്കശമായി പറയുകയാണെങ്കില്‍ ഗണിത ശാസ്ത്രം മാത്രമാണ് ‘ശാസ്ത്രം’ എന്ന പേരിന് അര്‍ഹമെന്ന ഓഡിഫ്രെഡിയുടെ നിരീക്ഷണത്തോട് യോജിച്ച ബെനഡിക്ട് പതിനാറാമന്‍, അതേസമയം ‘ദൈവശാസ്ത്രം’ മനുഷ്യകുലത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. മതവിശ്വാസവും യുക്തിയും തമ്മിലുള്ള പരസ്പരബന്ധം നിലനിറുത്തുന്നതിലും ദൈവശാസ്ത്രത്തിന് നിര്‍ണ്ണായ പങ്കുണ്ട്.
സഭയുടെ വീഴ്ച്ചകളെക്കുറിച്ച് മൗനം പാലിക്കുന്നത് ശരിയല്ല എന്നു വാദിക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസം വഴി കാലാകാലങ്ങളായി ലോകത്തിനു ലഭിച്ച നന്‍മകളെക്കുറിച്ച് നിശബ്ദത പാലിക്കാനും പാടില്ല എന്ന മറുവാദവും വിസ്മരിക്കരുത്. ഇന്നും നിസ്വാര്‍ത്ഥമായി സ്നേഹിക്കാനും ശുശ്രൂഷിക്കാനും ക്രൈസ്തവ വിശ്വാസം അനേകര്‍ക്ക് പ്രചോദനമേകുന്നുണ്ട്. നീതിയോടും സത്യസന്ധതയോടും കൂടി ജീവിക്കാനും വിശ്വാസം കാരണമാകുന്നുണ്ടെന്ന് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ സമര്‍ത്ഥിച്ചു.

മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനും ഗണിതശാസ്ത്രജ്ഞന്‍ പിയെര്‍ജോര്‍ജ്ജ്യോ ഓഡിഫ്രെഡിയും തമ്മിലുള്ള സംവാദം വൈജ്ഞാനിക ലോകം ഏറെ കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.