2013-09-24 13:12:07

ഇസ്രായേലിലെ ദൈവവാവിഷ്ക്കാരം
ദൈവത്തിന്‍റെ ഏകത്വം (56)



RealAudioMP3
വിശുദ്ധഗ്രന്ഥ സമാഹാരത്തില്‍ പുറപ്പാട് പുസ്തകത്തെ ഏറെ ശ്രദ്ധേയമാക്കുന്നത് അതിന്‍റെ രചനാ വൈഭവമോ, സാഹിത്യഭംഗിയോ അല്ല. അവയിലെ സംഭവങ്ങളുടെ ചരിത്രപരതയും അതിലുള്ള ഐകരൂപ്യവും അല്ല. നിലയ്ക്കാത്ത കാലപ്രയാണത്തില്‍ ‘ഇസ്രായേല്‍’ എന്ന് ഗ്രന്ഥം പരാമര്‍ശിക്കുന്ന ജനസമൂഹത്തില്‍ വളര്‍ന്നു വന്ന ഈശ്വരസാക്ഷാത്ക്കാരമാണ് പുറപ്പാടിന്‍റെ ഗ്രന്ഥത്തെ സവിശേഷമാക്കുകയും അന്യൂനമാക്കുകയും ചെയ്യുന്നത്. പുറപ്പാടു വിവരിക്കുന്ന വിമോചനത്തിന്‍റെ കഥയോ, ദൈവിക ഇടപെടലിലൂടെയുള്ള അത്ഭുതങ്ങളുടെ വിവരണങ്ങളോ, അതു ചിട്ടപ്പെടുത്തുന്ന ആരാധനക്രമ സംവിധാനങ്ങളോ ഒന്നുമല്ല പുറപ്പാടിന്‍റെ സത്ത. മറിച്ച് ദൈവശാസ്ത്രപരമായൊരു നിയോഗം മാത്രമാണ്. വേദഗ്രന്ഥത്തിനു തന്നെ അടിസ്ഥാനമായി നില്കുന്ന ദൈവത്തിന്‍റെ അപരിമേയത്വവും, മനുഷ്യമനസ്സുകള്‍ക്ക് അഗ്രാഹ്യമായ അവിടുത്തെ ദിവ്യരഹസ്യങ്ങളും പുറപ്പാടിന്‍റെ ഗ്രന്ഥത്തില്‍ ചുരുളഴിയുന്നത് മനസ്സിലാക്കാം.

ആരാധനക്രമനിഷ്ഠയിലും കര്‍മ്മാദികങ്ങളിലും ഏറെ പ്രധാനപ്പെട്ട ഘടകമാണ് അഭിഷേകതൈലം. അതിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പാടിന്‍റെ ഗ്രന്ഥകാരന്‍ നല്കുന്നുണ്ട്.
മികച്ച സുഗന്ധദ്രവ്യങ്ങള്‍ എടുക്കുക. വിശുദ്ധ മന്ദിരത്തില്‍ നിലവിലിരിക്കുന്ന ഷെക്കല്‍ ശുദ്ധമായ മീറയും ഇന്നൂറ്റന്‍പതു ഷെക്കല്‍ സുഗന്ധമുള്ള കറുവപ്പട്ടയും, ഇരുന്നൂറ്റന്‍പതു സുഗന്ധസസ്യങ്ങളും, അഞ്ഞൂറു ഷെക്കല്‍ അമരിപ്പട്ടയും, ഒരു ഹിന്‍ ഒലിവെണ്ണയും എടുക്കുക. സുഗന്ധതൈലങ്ങള്‍ നിര്‍മ്മിക്കുന്ന വൈദഗ്ദ്ധ്യത്തോടെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി വിശുദ്ധ തൈലമുണ്ടാക്കണം. അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കും. സമാഗമകൂടാരവും സാക്ഷൃപേടവും അതുകൊണട് അഭിഷേകംചെയ്യണം. മേശയും വിളക്കുകാലും അവയുടെ ഉപകരണങ്ങളും, ധൂപപീഠവും ദഹന ബലിപീഠവും ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്‍റെ പീഠവും നീ അഭിഷേചിക്കണം. ഏറ്റവും പരിശുദ്ധമാകേണ്ടതിന് അവയെ നീ ശുദ്ധീകരിക്കണം. അവയെ സ്പര്‍ശിക്കുന്നതെല്ലാം വിശുദ്ധമാകും. പുരോഹിതരായി എനിക്കു ശുശ്രൂഷചെയ്യാന്‍വേണ്ടി പിന്നെ അഹറോനെയും പുത്രന്മാരെയും അഭിഷകംചെയ്യുകയും വേര്‍തിരിക്കുയും വേണം.
നീ ഇസ്രായേല്‍ക്കാരോടു പറയണം – ഇതു തലമുറതോറും എനിക്കായുള്ള അഭിഷേകതൈലമായിരിക്കും. ഇതു വൃഥാവില്‍ ഉപയോഗിക്കരുത്. കൂട്ടുവസ്തുക്കള്‍ ഈ കണക്കില്‍ ചേര്‍ത്ത് മറ്റൊരു തൈലമുണ്ടാക്കയുമരുത്. ഇതു വിശുദ്ധമാണ്. ഇത് പവിത്രമാണ്. നിങ്ങളിതു വിശുദ്ധമായ് കരുതണം. എന്നാല്‍ പിന്നിതുപോലൊരു ചേരുവ ഉണ്ടാക്കുകയോ അത് ദുരുപയോഗിക്കുകയോ അരുത്. അങ്ങനെ ചെയ്താല്‍ അവന്‍ ജനത്തില്‍നിന്നും വിച്ഛേദിക്കപ്പെടും, പുറംതള്ളപ്പെടും.

തന്‍റെ ജനമായ ഇസ്രായേലിനെ നയിക്കുന്നതിന് കര്‍ത്താവ് വീണ്ടും മോശയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്നതതായി പുറപ്പാടിന്‍റെ 31-ാം അദ്ധ്യായത്തില്‍ പൗരോഹിത്യ പാരമ്പര്യത്തില്‍ നാം വായിക്കുന്നു. “ദേവദാരുതൈലം, നറുമ്പശ, കുല‍കുലു, കുന്തുരുക്കം എന്നീ സുഗന്ധദ്രവ്യങ്ങള്‍ സമമായ് എടുക്കുക. സുഗന്ധതൈലം നിര്‍മ്മിക്കുന്ന വൈദഗ്ദ്ധ്യത്തോടെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി, അങ്ങനെ ഉപ്പും ചേര്‍ത്ത് ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്വയമുണ്ടാക്കുക. അതില്‍നിന്നു കുറെ എടുത്ത് നേര്‍മ്മയായി പൊടിച്ച് ഒരു ഭാഗം ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന സമാഗമകൂടാരത്തിലെ സാക്ഷൃപേടകത്തിന്‍റെ മുന്‍പില്‍ വച്ചിരിക്കണം. അതിനെ ഏറ്റവും പവിത്രമായി കരുതണം. ഈ ചേരുവയിന്‍ കണക്കില്‍ നിങ്ങള്‍ക്കുപയോഗിക്കാന്‍ സുഗന്ധദ്രവ്യം ഒരിക്കലും ഉണ്ടാക്കരുത്. കര്‍ത്താവിനു വിശുദ്ധമായ ഒന്നായി ഇതിനെ കരുതണം. ആരെങ്കിലും ഇതുപോലൊരു ചേരുവ ഉണ്ടാക്കുകയോ ഉപോയോഗിക്കുകയോ ചെയ്താല്‍ അവന്‍ തന്‍റെ ജനത്തില്‍നിന്നു ബഹിഷ്ക്കരിക്കപ്പെടണം.”
31, 1...
കര്‍ത്താവ് മോശയോട് വീണ്ടുമിങ്ങനെ അരുള്‍ച്ചെയ്തു. “യൂദയാ ഗോത്രത്തില്‍പ്പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്‍ല്പ വേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്‍കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക. സ്വര്‍ണം, വെള്ളി, ഓട് എന്നിവ കൊണ്ടവ നിര്‍മ്മിക്കുക. കൂടാരത്തില്‍ പതിക്കാനുള്ള രത്നങ്ങള്‍ ചെത്തി മിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക, എന്നിങ്ങനെ എല്ലാത്തരം ശില്‍പവേലകള്‍ക്കും ഞാനവനെ ഒരുക്കിയിരിക്കുന്നു. ബസാലേലിനെ സഹായിക്കാനായി ദാന്‍ ഗോത്രത്തില്‍പ്പെട്ട അഹിസമാക്കിന്‍റെ പുത്രന്‍ ഓഹേലിയാബിനെയും ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്‍പിച്ചതെല്ലാം നിര്‍മ്മിക്കുന്നതിന് എല്ലാ ശില്പവിദഗ്ദ്ധന്മാര്‍ക്കും പ്രത്യേക സാമര്‍ത്ഥ്യം കൊടുത്തിട്ടുണ്ട്. സമാഗമകൂടാരം, സാക്ഷൃപേടകം, അതിന്മേലുള്ള കൃപാസനം, കൂടാരത്തിലെ ഉപകരണങ്ങള്‍ മേശയും അതിന്‍റെ ഉപകരണങ്ങളും, വിളക്കുകാലും അതിന്‍റെ ഉപകരണങ്ങളും, ധൂപപീഠം ദഹനബലിപീഠവും അതിന്‍റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്‍റെ പീഠവും, ചിത്രത്തുന്നലാല്‍ അലംഗൃതമായ വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഞാന്‍ നിന്നോടു കല്പിച്ച പ്രകാരം അവര്‍ നിര്‍മ്മിക്കട്ടെ.”
സാബത്താചരണത്തെക്കുറിച്ചും കര്‍ത്താവ് ജനങ്ങള്‍ക്ക് മോശയിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്കി. “ഇസ്രായേല്‍ ജനത്തോടു പറയുക, നിങ്ങള്‍ എന്‍റെ സാബത്ത് സൂക്ഷ്മമായ് ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങള്‍ അറിയാന്‍ വേണ്ടി ഇത് എനിക്കും നിങ്ങള്‍ക്കുമദ്ധ്യേ തലമുറതോറും അടയാളമായിരിക്കും. നിങ്ങള്‍ സാബത്താചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്, അതിനെ അശുദ്ധമാക്കുന്നവന്‍ ശിക്ഷിക്കപ്പെടും. അന്നു ജോലിചെയ്യുന്നവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം. ആറു ദിവസം ജോലിചെയ്യണം. എന്നാല്‍ ഏഴാം ദിവസം സാബത്താണ്, കര്‍ത്താവിനു വിശുദ്ധമായ വിശ്രമദിനം. സാബത്തു ദിവസം ജോലിചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടും. ശാശ്വതമായ ഒരുടമ്പടിയായി ഇസ്രായേല്‍ ജനം തലമുറതോറും സാബത്താചരിക്കണം. ഇത് എനിക്കും ഇസ്രായേല്‍ ജനത്തിനും മദ്ധ്യേ ശാശ്വതമായ ഒടരടയാളമാണ്, കര്‍ത്താവ് ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാം ദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയും ചെയ്തതിന്‍റെ ശാശ്വതമായ അടയാളവും നിത്യസ്മാരകവുമാണിത്.”
സീനായ് മലയില‍വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തന്‍റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്‍ഫലകങ്ങള്‍ –മോശയ്ക്കു ദൈവം നല്കി.

മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍,
ജനം അഹറോന്‍റെ ചുറ്റുംകൂടി പറഞ്ഞു. “ഞങ്ങളെ നയിക്കാന്‍ വേഗം ദേവാന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.”
അഹറോന്‍ പറഞ്ഞു. “നിര്‍ബന്ധിക്കുകയാണെങ്കില്‍...നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയുമെല്ലാം കാതിലുള്ള സ്വര്‍ണ്ണവളയങ്ങള്‍ ഊറിയെടുത്ത് എന്‍റെ അടുത്തു കൊണ്ടുവരുവിന്‍.”

ജനം തങ്ങളുടെ കാതുകളില്‍നിന്നും സ്വര്‍ണ വളയങ്ങളൂരി അഹറോന്‍റെ മുന്‍പില്‍ കൊണ്ടുചെന്നു. അവന്‍ അവ വാങ്ങി മൂശയിലിട്ട് ഉരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു. “ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിങ്ങളെ കൊണ്ടുവന്ന ദേവന്മാര്‍!”

പുറപ്പാടു ഗ്രന്ഥത്തില്‍ മാത്രമല്ല, പഴയ നിയമത്തിലെ മറ്റു ഗ്രന്ഥങ്ങളിലും സ്വര്‍ണ്ണക്കാളക്കുട്ടിയെക്കുറിച്ചുള്ള പ്രതിപാദനങ്ങളുണ്ട്. ഹെബ്രായ മൂലകൃതിയില്‍ ഉപയോഗിച്ചിരിക്കുന്ന ‘എഗേല്‍’ അല്ലെങ്കില്‍ ‘എഗേല്‍ യോ..’ എന്ന കാളക്കുട്ടി പ്രയോഗത്തിന് ‘യാവേ’ എന്നും പ്രയോഗത്തില്‍ അര്‍ത്ഥമുള്ളതായി നിരൂപകന്മാര്‍ വ്യാഖ്യാനിക്കുന്നുണ്ട്. രാജാക്കന്മാര്‍, ന്യായാധിപാന്മാര്‍, ഹോസിയാ, നെഹേമിയാ എന്നീ ഗ്രന്ഥങ്ങളിലാണ് കാളക്കുട്ടിയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ കാണുന്നത്. ഇതര മത വിശ്വാസികള്‍ ദൈവത്തിന്‍റെ പ്രതിച്ഛായയാണ് ബിംബങ്ങളില്‍ കണ്ടതും വിശ്വസിച്ചതുമെങ്കിലും, മോശയുടെ കല്പനയെ അടിസ്ഥാനമാക്കി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതും അവയെ ആരാധിക്കുന്നതും ഏകദൈവത്തിലുള്ള വിശ്വാസത്തിന് വിരുദ്ധമാണെന്ന ചിന്ത ഇസ്രായേലില്‍ വകസിച്ചുവരുന്നത് ഇനിയും നമ്മള്‍ പഠിക്കും.
Presented : nellikal, Radio Vatican









All the contents on this site are copyrighted ©.