2013-09-23 16:57:02

സ്നേഹമില്ലാത്ത സേവനം നിരര്‍ത്ഥം: മാര്‍പാപ്പ


23 സെപ്തംബര്‍ 2013, കാല്യരി
സ്നേഹമില്ലാത്ത സേവനം നിരര്‍ത്ഥമാണെന്ന് പാപ്പാ ഫ്രാന്‍സിസ്. സര്‍ദേഞ്യാ എന്ന ഇറ്റാലിയന്‍ ദ്വീപിലെ കാല്യരിയിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ കാല്യരി കത്തീഡ്രലില്‍ സന്നദ്ധ സംഘടനകളുടേയും നിര്‍ധനരുടേയും തടവുകാരുടേയും പ്രതിനിധി സംഘത്തോട് സംസാരിക്കുമ്പോഴാണ് സേവനവും സ്നേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചത്. ക്രിസ്തുവിനെയാണ് സഹായിക്കുന്നതെന്ന ബോധ്യത്തോടെ വേണം സഹജരെ സഹായിക്കാന്‍. സ്നേഹം കൂടാതെയുള്ള പരസഹായ പ്രവര്‍ത്തികള്‍ അര്‍ത്ഥശൂന്യമാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. സ്വന്തം മനസാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെങ്കില്‍ പോലും അത്തരം സേവനം പരസ്നേഹ പ്രവര്‍ത്തനമായി കണക്കാക്കാന്‍ സാധ്യമല്ല. അതൊക്കെ വ്യാപാരമാണ്. ഉപവി, സ്നേഹം എന്നൊക്കെ പറയുന്നത് ഒരു ജീവിത രീതിയാണ്. നാം ആയിരിക്കുകയും ജീവിക്കുകയും ചെയ്യുന്ന അവസ്ഥ. എളിമയുടേയും ഐക്യദാര്‍ഢ്യത്തിന്‍റേയും മാര്‍ഗമാണത്.

സേവനപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ചിലപ്പോഴൊക്കെ അരോചകമായ രീതിയില്‍ പെരുമാറുന്നത് കാണാം. സാധുജന സേവനത്തിന്‍റെ പേരില്‍ സ്വന്തം കാര്യം നേടുന്നവരുണ്ട്. സാധുജന സേവനം സ്വാര്‍ത്ഥലാഭത്തിനുള്ള ഉപകരണമായി മാറ്റുന്നവരുമുണ്ട്. അതൊക്കെ മനുഷ്യസഹജമാണെന്നു ന്യായീകരിക്കാമെങ്കിലും, ഗുരുതരമായ തെറ്റുകളാണവ. അതു പാപമാണ്. ക്രിസ്തു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത് അതല്ല. ക്രിസ്തുവിന്‍റെ ശരീരം തന്നെയായ അപരനെ സ്വന്തം പേരിനുവേണ്ടി ഉപയോഗിക്കുന്നത്, പൊങ്ങച്ചം കാണിക്കാനായി ക്രിസ്തുവിന്‍റെ പേര് ഉപയോഗിക്കുന്നതുപോലെ വലിയൊരു തെറ്റാണ്. അത്തരക്കാര്‍ സഹായിക്കാനിറങ്ങാതെ വീട്ടിലിരിക്കുന്നതാണ് ഭേദമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

കത്തീഡ്രലില്‍ സന്നിഹിതരായിരുന്ന സാധുക്കളേയും സന്നദ്ധപ്രവര്‍ത്തകരേയും തടവുകാരേയും വ്യക്തിപരമായി അഭിവാദ്യം ചെയ്തുകൊണ്ടാണ് മാര്‍പാപ്പ വിടവാങ്ങിയത്. അവരുടെ കൊച്ചുകൊച്ചു സമ്മാനങ്ങളും കത്തുകളുമൊക്കെ പാപ്പ സന്തോഷത്തോടെ ഏറ്റുവാങ്ങി.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.