2013-09-21 13:19:24

നന്മയെ അനഭിമതമാക്കുന്ന
സദാചാരത്തിന്‍റെ കാപട്യം


RealAudioMP3
വിശുദ്ധ മത്തായി 16, 5-12 ശ്ലീബായ്ക്കു ശേഷം രണ്ടാം ഞായര്‍
മറുകരയിലേയ്ക്കു പോകുമ്പോള്‍ അപ്പം എടുക്കാന്‍ ശിഷ്യന്മാര്‍ മറന്നിരുന്നു. യേശു പറഞ്ഞു. ശ്രദ്ധിക്കുവിന്‍. ഫരീസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവന്‍. നാം അപ്പമൊന്നും എടുക്കാത്തതുകൊണ്ടായിരിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു. യേശു ഇതറിഞ്ഞ് അവരോടു ചോദിച്ചു. അല്പ വിശ്വാസികളേ, അപ്പം ഇല്ലാത്തതിനെപ്പറ്റി നിങ്ങള്‍ പരസ്പരം സംസാരിക്കുന്നതെന്തിന്? നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ? അയ്യായിരും പേരുടെ അഞ്ചപ്പം നിങ്ങള്‍ ഓര്‍മ്മിക്കുന്നില്ലേ? എത്ര കൂട്ട അപ്പക്കഷണങ്ങള്‍ നിങ്ങള്‍ ശേഖരിച്ചു? നാലായിരം പേരുടെ ഏഴപ്പവും നിങ്ങള്‍ ഓര്‍മ്മിക്കുന്നില്ലേ. അന്ന് എത്ര കുട്ടകളാണ് നിങ്ങള്‍ നിറച്ചത്? ഞാന്‍ അപ്പത്തെപ്പറ്റിയല്ല സംസാരിച്ചതെന്നു നിങ്ങള്‍ മനസ്സിലാക്കാത്തതെന്തുകൊണ്ട്? ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍. അപ്പത്തിന്‍റെ പുളിമാവിനെപ്പറ്റിയല്ല. ഫരിസേയരുടെയും സദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണ് സൂക്ഷിച്ചുകൊള്ളാനാണ് അവിടുന്ന് അവ അരുളിച്ചെയ്തതെന്ന് അവര്‍ക്ക് അപ്പോള്‍ മനസ്സിലായി.

തീവ്രവാദത്തെക്കുറിച്ച് ധാരളമായി കേള്‍ക്കുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മതമായാലും, രാഷ്ട്രീയമായാലും ഏതു മിമാംസയായാലും അതിന്‍റെ തീവ്രതയില്‍ ദോഷഫലങ്ങള്‍ ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. അധികമായാല്‍ അമൃതും വിഷമെന്നല്ലേ. ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്‍റെയും അഭ്യന്തരകാലപാത്തിന്‍റെയും പിന്നില്‍ ത്രീവ്രവാദമാണ്, തീവ്രവാദികളാണ്.. മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരിലുള്ള ത്രീവ്രവാദപ്രവര്‍ത്തനങ്ങളാണ് ചേരിതിരിവിലും, പരസ്പരമുള്ള കൊല്ലലും കൊലയിലുമെല്ലാം എത്തിക്കുന്നത്. അത് രാഷ്ട്രീയത്തിലായപ്പോള്‍, മാനുഷികതയുള്ള മാര്‍ക്സിസമാണ് അഭ്യസ്തവിദ്യരുടെ നാട്ടില്‍ അക്രമരാഷ്ടീയമായി മാറിയത്. പട്ടാപ്പകല്‍ മനുഷ്യരെ വെട്ടിക്കൊല്ലാനും തീകൊളുത്തിക്കൊല്ലാനും മടിയില്ലാതായിരിക്കുന്നു. അമേരിക്കയിലെ സെപ്റ്റംബര്‍ 11 സംഭവത്തിന്‍റെ 10 വാര്‍ഷികം അനുസ്മരിച്ചു കഴിഞ്ഞതേയുള്ളൂ. മതത്തിന്‍റെ പേരിലുള്ള പോര്‍വിളിയാണ് ന്യൂയോര്‍ക്കിലും പെന്‍സില്‍വേനിയായിലും നിര്‍ദ്ദോഷികളായ ആയിരങ്ങളുടെ ജീവന്‍ അപഹരിച്ച ചരിത്രസംഭവത്തിനു പിന്നില്‍ എന്നു മറക്കരുത്. മദ്ധ്യപൂര്‍വ്വദേശത്തെ സിറിയിലെ അഭ്യന്തരകലാപവും വന്‍യുദ്ധത്തിന്‍റെ കരിമ്പടലത്തില്‍ എത്തിച്ചിരിക്കുന്നത് മതത്രീവ്രവാദംമൂലമാണ്. സിറിയയിലെ മത-രാഷ്ട്രീയ തീവ്രവാതം രാസായുധ പ്രയോഗംവരെ എത്തിച്ചില്ലേ. ക്രിസ്തുവിന്‍റെ കാലത്തുണ്ടായിരുന്ന അന്ധമായ മതതീവ്രവാദത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷ ഭാഗം പരാമര്‍ശിക്കുന്നത്. ക്രിസ്തു തീവ്രവാദികളെ നിര്‍ദാക്ഷിണ്യം വിമര്‍ശിക്കുന്നു.

ഇന്നത്തെ സുവിശേഷം പ്രദിപാതിക്കുന്ന ‘ഫരീസേയരുടെ പുളിമാവ്’ എന്ന പദസന്ധി ഫരിസേയരുടെയും സദുച്ചേയരുടെയും വ്യാജപ്രബോധനത്തെയാണ് സൂചിപ്പിക്കുന്നത്. പുളിമാവ് പിണ്ഡം മുഴുവന്‍ പുളിപ്പിക്കുന്നു.
മതത്തിന്‍റെ പേരില്‍ ഫരിസേയരും സദുച്ചേയരും നല്കുന്ന തെറ്റായ പ്രബോധനങ്ങള്‍ സമൂഹത്തെ മുഴുവന്‍ സ്വാധീനിച്ച് അതിനെ തിന്മകൊണ്ട് നിറയ്ക്കുന്നു – ഇതാണ് ഒരു വ്യാഖ്യാനം. ദാവീദു രാജാവ് നിയമിച്ച മഹാപുരോഹിതനായിരുന്നു സാദോക്ക്. സാദോക്കിന്‍റെ പിന്‍ഗാമികളാണ് സദൂച്ചേയര്‍. സോളമന്‍ ദൈവാലയം പണിയിച്ചപ്പോള്‍ ലേവ്യര്‍ക്കു പകരം സാദോക്കിന്‍റെ കുടുംബത്തെ മഹാപുരോഹിതസ്ഥാനം നല്കി ഉയര്‍ത്തിവച്ചു. അങ്ങനെ, അന്നുവരെ പുരോഹിതന്മാരായിരുന്ന ലേവ്യര്‍ സാദോക്കിന്‍റെ കുടുംബത്തിനു താഴെയാവുകയും, രണ്ടുതരം പൗരോഹിത്യം ഇസ്രായേലില്‍ ഉടലെടുക്കുകയും ചെയ്തു: അതായത്, സാദോക്കിന്‍റെയും ലേവ്യരുടെയും വംശത്തിലെ പുരോഹിതന്മാര്‍.

വ്യാജപ്രബോധനത്തിനെതിരെ ജാഗരൂകരായിരിക്കാന്‍ ക്രിസ്തു ആവശ്യപ്പെടുന്നു. മുറിവൈദ്യന്‍ ആളെക്കൊല്ലും, എന്ന സ്ഥിതിയാണത്. സ്വയമേവ, സ്വമേധയാ അറിവില്ലാത്തവര്‍. മറ്റുള്ളവരെ അബദ്ധം പഠിപ്പിക്കുന്നു. ഇതാണ് സദാചാരത്തിന്‍റെ കപടത. കാപട്യക്കാരെ വിവേചിച്ചറിയാതെ എല്ലാം വിഴുങ്ങുന്ന മനുഷ്യരും കുറ്റക്കാരാണ്, സമൂഹമായാലും മതമായാലും രാഷ്ട്രീയമായാലും, മനുഷ്യന്‍റെ എല്ലാ ജീവിത മേഖലകളിലും ഇത് ബാധകമാണ്.

‘പറഷ്’ എന്ന ഹെബ്രായ വാക്കില്‍നിന്നാണ് ഫരിസേയന്‍ എന്ന വാക്ക് ഉടലെടുക്കുന്നത്. ‘വേര്‍തിരിക്കപ്പെട്ടവന്‍’ എന്നാണര്‍ത്ഥം. അവര്‍ മേലാളന്മാരാണ്. കഠിനമായ നിയമങ്ങളനുസരിക്കുകയും താഴ്ന്ന ജാതിക്കാരും, നിയമം അറിയാത്ത സാധാരണക്കാരുമായ വ്യക്തികളില്‍നിന്ന് അവര്‍ വേറിട്ടു നില്ക്കുന്നു, വേര്‍തിരിക്കപ്പെട്ടവരുമാണ്. തങ്ങള്‍ക്ക് അറിവുണ്ട്, വിശുദ്ധിയുണ്ട്, തങ്ങള്‍ നവീകരണത്തില്‍ വന്നിട്ടുണ്ട് എന്നൊക്കെ വീമ്പടിക്കുന്ന ഇക്കൂട്ടര്‍ വ്യാജപ്രബോധനത്താല്‍ സമൂഹത്തെ ദുഷിപ്പിക്കുന്നു. അറിവു നല്കുന്ന പുസ്തകങ്ങള്‍ വായിക്കുകയോ വേദപുസ്തകത്തിന്‍റെ വ്യാഖ്യാനങ്ങള്‍ പഠിക്കുകയോ ചെയ്യാതെ സ്വന്തമായി വ്യാഖ്യാനിക്കുകയും കൗണ്‍സലിംഗ് നടത്തകയും ചെയ്യുന്ന ഇക്കൂട്ടര്‍ വ്യാജപ്രബോധകര്‍ തന്നെയാണ്. ഭക്ഷണത്തെപ്പറ്റിയല്ല ഉത്കണ്ഠയുണ്ടാകേണ്ട്ത്. ഭക്ഷണം കൈയില്‍ എടുക്കാത്തതിനെപ്പറ്റി നിങ്ങള്‍ സംസാരിക്കുന്നതെന്തിനെന്ന് ക്രിസ്തു ചോദിക്കുന്നു. എന്നാല്‍, തെറ്റായ പ്രബോധനത്തിലൂടെ മനുഷ്യരെ വഴിതെറ്റിക്കുന്നവര്‍ക്കെതിരെ ജാഗരൂകത പാലിക്കണമെന്നും അവിടുന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുന്നു, വ്യാജപ്രവാചകന്മാര്‍ വരുത്തിവയ്ക്കുന്ന വിനകള്‍ ഭീതിജനകമാണ്.
ജീവന്‍റെ ഘോഷമാണ് സ്വാതന്ത്ര്യവും സമാധാനവും. ജീവനിലേയ്ക്ക് വഴിതെളിക്കുന്ന പ്രവാചകരെയാണ് ഇന്ന് ലോകത്തിനാവശ്യം. ഇസ്രായേലിലെ വ്യാജപ്രവാചകന്മാരെ കല്ലെറിഞ്ഞുകൊന്ന കഥകള്‍ കേട്ടിട്ടുള്ളതാണ്. ജീവനിലേയ്ക്കുള്ള വഴി എന്നും ഇടുങ്ങിയതായിരുന്നു. അങ്ങനെയെങ്കില്‍ നിശ്ചയമായും സമാധാനത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കുമുള്ള വഴിയും ഒറ്റയടിപ്പാതയാണ്.

ആത്മാഭിമാനത്തിന്‍റെ ഉപ്പുകാച്ചാന്‍ ദണ്ഡി കടല്‍ത്തീരത്തേയ്ക്ക് ഗാന്ധിജിക്കൊപ്പം മാര്‍ച്ച് ചെയ്യാനെത്തിയ പുരുഷന്മാരുടെ പിന്നില്‍ അലമുറയിട്ടു കരഞ്ഞുകൊണ്ട് അവരുടെ സ്ത്രീകളുമുണ്ടായിരുന്നു.
തന്‍റെ കരച്ചില്‍ കടിച്ചമര്‍ത്തിക്കൊണ്ട് കസ്തൂര്‍ബാ ഗാന്ധി, അവരെ വിലക്കി. “ഇങ്ങനെയാണോ നല്ലകാര്യത്തിന് യാത്രയാക്കേണ്ടത്? തിലകമണിയിച്ചും ആരതിയുഴിഞ്ഞുമാണ്.” പിന്നെ അവര്‍ അങ്ങനെതന്നെ ചെയ്തു. സ്വാതന്ത്ര്യത്തിന്‍റെ കാനാനും കഠിനനുകങ്ങളുടെ ഈജ്പ്തിനുമിടയില്‍ നാല്പതു വര്‍ഷങ്ങളുടെ മരുഭൂമയുണ്ടാകണം. ഭാരതത്തിലെ ശിപായി ലഹളയെ അദ്യത്തെ സ്വാതന്ത്ര്യ പോരാട്ടമായി ഗണിച്ചാല്‍, ഏതാണ്ട് തൊണ്ണൂറു വര്‍ഷങ്ങളുടെ മരുഭൂമി കടക്കലായിരുന്നു അതിന്‍റെ പിന്നില്‍. മാനവകുലത്തിന്‍റെ പുറപ്പാട് ഇന്നും തുടരുകയാണ്!

മദ്ധ്യപൂര്‍വ്വദേശത്തെ സിറിയയില്‍ അരങ്ങേറുന്ന രക്തവിപ്ലവം കണ്ട് മനംനൊന്ത പാപ്പാ ഫ്രാന്‍സിസ് സെപ്റ്റംമ്പര്‍ ഒന്നിന് തന്‍റെ ത്രികാലപ്രാര്‍ത്ഥന സമാധാന യാചനയാക്കി മാറ്റിയില്ലേ. സിറിയന്‍ ഭരണകൂടത്തോടു മാത്രമല്ല,
ലോക രാഷ്ട്രങ്ങളോടുള്ള നീണ്ടൊരു സമാധാനാഭ്യര്‍ത്ഥനയായിരുന്നു പാപ്പായുടെ മനംനൊന്ത പ്രാര്‍ത്ഥന. യുദ്ധം യുദ്ധമാണ് വളര്‍ത്തുന്നത്, അക്രമം അക്രമവും. ലോകത്തിന് ഇന്നാവശ്യം സമാധാന ദൂതരെയാണ്. ലോകത്തും സമൂഹത്തിലും, കുടുംബങ്ങളിലും, വ്യക്തിജീവിതങ്ങളിലും അനുരജ്ഞനത്തിലൂടെയും സ്നേഹത്തിലൂടെയും സമാധാനം വളര്‍ത്തുന്നവരെയാണ് ലോകത്തിനിന്ന് ആവശ്യമെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. ഭാവിയുടെ പ്രകാശം കാണാന്‍ ഭാഗ്യമില്ലാതെ മദ്ധ്യപൂര്‍വ്വദേശത്ത് മരിച്ചു വീഴുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും ആയുധം അടിയറവയ്ക്കണമെന്ന് കലാപക്കാരോട് പാപ്പാ ആവശ്യപ്പെട്ടു.

ഓരോ പുല്‍നാമ്പിനും സമാധാനം ഉറപ്പു വരുത്തുകയാണ് സ്രഷ്ടാവിന്‍റെ ധര്‍മ്മം, ദൈവത്തിന്‍റെ ധര്‍മ്മം ഉറക്കെ പ്രഖ്യാപിക്കുകയാണ്. ദൈവം എല്ലാ നുകങ്ങള്‍ക്കും എതിരാണ്. നസ്രത്തിലെ സിനഗോഗില്‍നിന്ന് ചുരുളുകള്‍ ഉയര്‍ത്തി മുപ്പതു വയസ്സുകാരന്‍ ക്രിസ്തു അത് ഉറപ്പിക്കുന്നുണ്ട്. “കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ദരിദ്രന് സുവിശേഷവും ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായി വത്സരവും പ്രഖ്യാപിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4, 18...).
ഭക്ഷണം തരാനല്ല ആത്മീയ വിമോചനവും, അനുരജ്ഞനത്തിലൂടെ സമാധാനവും വളര്‍ത്താനാണ് അവിടുന്നു വന്നത്.

സമാധാനത്തിനുവേണ്ടിയുള്ള നിലവിളിയില്‍ ദൈവം പീഡിതന്‍റെ പക്ഷംചേരുന്നു എന്നതിനെക്കാള്‍ ഭൂമിക്ക് വേറൊരു സുവിശഷമുണ്ടോ? ആ ഒറ്റക്കാരണംകൊണ്ടു മാത്രം അക്കാലത്തിന് ക്രിസ്തു അനഭിമതനായി.
ആരൊക്കെയോ ചേര്‍ന്ന് വിളുമ്പിലേയ്ക്ക് തള്ളി മാറ്റിയവരോട് ഒപ്പമായിരുന്നു ക്രിസ്തുവെന്ന് ഓര്‍ക്കുന്നില്ലേ. അവിടുന്ന് ദുര്‍ബ്ബലരുടെ പ്രവാചകനായിരുന്നു എന്നതിനും ചരിത്രം സാക്ഷൃമാണ്. ഓരോരോ കാരണങ്ങള്‍ പറഞ്ഞു മനുഷ്യന്‍റെ ചുമലിടിച്ചു കളയുന്നവര്‍ക്കെതിരെ ക്രിസ്തു കലഹിച്ചതും അതുകൊണ്ടാണ്. നുകങ്ങള്‍ ചെറുതോ വലുതോ ആയാലും നുകങ്ങള്‍ തന്നെയാണ്. അത് അടിച്ചേല്‍പ്പിക്കുന്നവരും കുറ്റക്കാരാണ്. അവരുടെമേല്‍ കുറ്റം ചുമത്തപ്പെടും !
Prepared : nellikal, Radio Vatican








All the contents on this site are copyrighted ©.