2013-09-18 19:10:01

പാപ്പാ ഫ്രാന്‍സിസിനെ
അസ്സീസി വരവേല്ക്കും


18 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
ഒക്ടോബര്‍ നാല് പാപ്പാ ഫ്രാന്‍സിസ്സ് പുണ്യനഗരമായ അസ്സീസിയില്‍ ചെലവഴിക്കും. ഒക്ടോബര്‍ 4-ാം തിയതി വെള്ളിയാഴ്ച വിശുദ്ധ ഫ്രാന്‍സിസിന്‍റെ സ്മരണയും തന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍റെ തിരുനാളില്‍ പാപ്പാ അസ്സീസിയില്‍ ചെലവഴിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. ഒക്ടോബര്‍ 4-ാം തിയതി, വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗമാണ് വത്തിക്കാനില്‍നിന്നും അസ്സീസിയിലെത്തുന്നത്.

അസ്സീസിയിലെ സെറാഫ് കായിക കേന്ദ്രത്തിലെ മൈതാനത്തില്‍ ഇറങ്ങുന്ന പാപ്പാ ആദ്യം അവിടത്തെ അഗതിമന്ദിരത്തിലെ അന്തേവാസികളെയും, അടുത്തുള്ള സ്ഥാപനത്തിലെ അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെയും സന്ദര്‍ശിക്കും, തുടര്‍ന്ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചു വണങ്ങിയശേഷം രാവിലെ 11 മണിക്ക് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കും. പാപ്പായുടെ ഉച്ചഭക്ഷണം അവിടത്തെ ഉപവി കേന്ദ്രത്തില്‍വച്ച് പാവങ്ങള്‍ക്കൊപ്പമാണ്.
.
വിശുദ്ധ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാമുറിയില്‍ തന്‍റെ വിശ്രയസമയം പ്രാര്‍ത്ഥനയില്‍ ചെലവിട്ട ശേഷം, വൈകുന്നേരം 3 മണിക്ക് അസ്സീസിയിലെ സന്ന്യസ്തരുടെയും വൈദികരുടെയും അജപാലനകൂട്ടായ്മയെ പാപ്പാ അഭിസംബോധനചെയ്യും. വിശുദ്ധ ക്ലാരയുടെ പുണ്യദേഹം അടക്കംചെയ്തിരിക്കുന്ന ദേവാലയം സന്ദര്‍ശിച്ച ശേഷം, അടുത്തുള്ള ക്ലാരമഠത്തിലെ സാന്ന്യാസിനികളുമായും കൂടിക്കാഴ്ച നടത്തും.
ആഗോള ഫ്രാന്‍സിസ്ക്കന്‍ പ്രസ്ഥാനത്തിന്‍റെ പ്രഭവസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള പോര്‍സിങ്ക്യൂളയില്‍ (അസ്സീസിയില്‍നിന്നും 4 കി.മീ. അകലെ) പ്രാര്‍ത്ഥിച്ച ശേഷമാണ് പാപ്പാ അസ്സീസിയിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. രാത്രി 7.00 മണിക്ക് പാപ്പാ വത്തിക്കാനിലേയ്ക്ക് ഹെലിക്കോപ്റ്ററില്‍ യാത്രതിരിക്കും.
Reported : nellikal, sedoc








All the contents on this site are copyrighted ©.