2013-09-16 17:37:33

അന്താരാഷ്ട്ര മതാന്തര സംവാദവേദിയുടെ ശില്‍പശാല ന്യൂഡല്‍ഹിയില്‍


16 സെപ്തംബര്‍ 2013, ന്യൂഡല്‍ഹി
അന്താരാഷ്ട്ര മത- സാംസ്ക്കാരിക സംവാദ വേദിയായ കയിസിഡിന്‍റെ (King Abdullah bin Abdulaziz International Centre for Interreligious and Intercultural Dialogue-KAICIID) ഏകദിന ശില്‍പശാല ന്യൂഡല്‍ഹിയില്‍ നടന്നു. ‘അപരന്‍റെ പ്രതിച്ഛായ’ (‘The Image of the Other’) എന്ന പ്രമേയം ആസ്പദമാക്കി സെപ്തംബര്‍ 16ന് ഡല്‍ഹിയിലെ കെംപിന്‍സ്കി ഹോട്ടലിലാണ് ശില്‍പശാല നടന്നത്. മത- സാംസ്ക്കാരിക സംവാദത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ച് പഠിക്കുന്നതിന്‍റെ ഭാഗമായി വിയന്ന, ആഡിസ് അബാബ, ബ്യൂനെസ് എയിരെസ് എന്നീ നഗരങ്ങളില്‍ നടന്ന ശില്‍പശാലകളുടെ തുടര്‍ച്ചയായിരുന്നു ന്യൂഡല്‍ഹിയിലേത്. ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ മത- സാംസ്ക്കാരിക സംവാദം വളര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ശില്‍പശാല വിശദമായി ചര്‍ച്ചചെയ്തു.
ഇതര മതസമൂഹങ്ങളേയും സംസ്ക്കാരങ്ങളേയുംക്കുറിച്ച് വസ്തുനിഷ്ഠാപരമായി മനസിലാക്കാന്‍ സഹായിക്കുന്ന ത്രിവത്സര പഠന പദ്ധതിയാണ് കയിസിഡ് ആവിഷ്ക്കരിച്ചിരിക്കുന്നത്. മത- സാംസ്ക്കാരിക സംവാദത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കാണ് ഇക്കൊല്ലത്തെ കേന്ദ്ര പ്രമേയം, 2014ല്‍ മതാന്തര സംവാദത്തില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും, 2015ല്‍ ഇന്‍റര്‍നെറ്റിന്‍റെ സംഭാവനകളെക്കുറിച്ചും കയിസിഡ് പഠനം നടത്തും.
സൗദി അറേബ്യയിലെ അബ്ദുള്ള രാജാവിന്‍റെ പേരിലുള്ള അന്താരാഷ്ട്ര മത - സാംസ്ക്കാരിക സംവാദവേദിയില്‍ സ്പെയിന്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങളും സ്ഥാപക അംഗങ്ങളാണ്. യു.എന്നിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ അന്താരാഷ്ട്ര സമിതിയില്‍ വത്തിക്കാന് സ്ഥിരം നിരീക്ഷ സ്ഥാനമുണ്ട്. ഇസ്ലാംമതം, ഹിന്ദുമതം, യഹൂദമതം, ബുദ്ധമതം തുടങ്ങിയ പ്രമുഖ ലോകമതങ്ങള്‍ക്കും സമിതിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രാതിനിധ്യമുണ്ട്.
വാര്‍ത്താ സ്രോതസ്സ്: KAICIID








All the contents on this site are copyrighted ©.