2013-09-14 10:23:24

അതിലാവണ്യമാര്‍ന്ന ഇടയരൂപം
ദൈവിക കാരുണ്യത്തിന്‍റെ ധാരാളിത്തം


RealAudioMP3
വിശുദ്ധ ലൂക്കാ 15, 1-7 (32) ആണ്ടുവട്ടം 24-ാം ഞായര്‍

ചുങ്കക്കാരും പാപികളുമെല്ലാം അവന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തു വന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു. ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അപ്പോള്‍ ക്രിസ്തു അവരോട് ഈ ഉപമ പറഞ്ഞു. നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെ്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും, നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്‍റെ ന്ഷ്ടപ്പെട്ട ആടിനെ കണ്ടികിട്ടിരിരിക്കുന്നു! അതുപോലെ അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.


ഹാന്‍സി ക്രോണിയെ ലോകത്തിന്, ക്രിക്കറ്റ് ലോകത്തിന് സുപരിചിതനാണ്. അദ്ദേഹം 6 വര്‍ഷത്തോളം സൗത്ത് ആഫ്രിക്കയുടെ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു. 2002 ജൂണ്‍ ഒന്നാം തിയതി അദ്ദേഹം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ലോകമെമ്പാടും വിലപിച്ചു. 1969-ല്‍ ജനിച്ച ക്രോണി (Hanse Cronje) ഇരുപത്തൊന്നാമത്തെ വയസ്സു മുതല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനാണ്. 68 ടെസ്റ്റ് മാച്ചുകളിലും 188 ഏകദിന മത്സരങ്ങളിലും രാഷ്ട്രത്തിന്‍റെ കുപ്പായമണിഞ്ഞിട്ടുണ്ട്. 1996-ല്‍ ബോംബെയില്‍ നടന്ന മത്സരത്തില്‍ ക്രോണി വാതുവെയ്പുകാരുടെ കെണിയില്‍പ്പെട്ടു, match fixing...! മത്സരം അട്ടിമറിക്കാനായി 2.5 ലക്ഷം അമേരിക്കന്‍ ഡോളര്‍ ക്രോണി വാങ്ങിയതായിട്ടാണ് ആരോപിക്കപ്പെട്ടത് - അതായത് ഒരു കോടിയിലേറെ ഇന്ത്യന്‍ പണം. ക്രോണി ആരോപണങ്ങളെ ആദ്യം നിഷേധിച്ചു. എന്നാല്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ‘വീണുപോയ വീരനായ’ ക്രോണി പത്രസമ്മേളനം വിളിച്ചുകൂട്ടി, വിതുമ്പിക്കൊണ്ട് പറഞ്ഞു.
“ഞാന്‍ ജനിച്ചുവളര്‍ന്ന ക്രിസ്തുമതം അനുശാസിക്കുന്നു, കുറ്റം സമ്മതിച്ചു തിരച്ചുവരാന്‍. ക്രിക്കറ്റിന്‍റെ ചൂതുകളിയില്‍ ഞാന്‍ വീണുപോയെന്നു സമ്മതിക്കുന്നു. ഞാനതു ചെയ്തുവെന്ന് ലോകസമക്ഷം എറ്റുപറയുന്നു.”
അങ്ങനെ ക്രിക്കറ്റ് ലോകത്തിന്‍റെ തെറ്റില്‍നിന്ന് തിരച്ചുവന്ന ധൂര്‍ത്തപുത്രനായി ക്രോണി! മാത്രമല്ല, വാതുവയ്പ്പിന്‍റെ കെട്ടുപിണഞ്ഞ മറ്റു കഥകള്‍ പുറത്തുവരാനും ക്രോണിയുടെ കുറ്റസമ്മതം സഹായിച്ചിട്ടുണ്ട്.

കാണാതായ ആടിന്‍റെയും, നഷ്ടപ്പെട്ട നാണയത്തിന്‍റെയും, ധൂര്‍ത്തപുത്രന്‍റെയും ഉപമകള്‍ ഉള്‍ക്കൊള്ളുന്ന ലൂക്കായുടെ സുവിശേഷം 15-ാം അദ്ധ്യായത്തെ, ‘സുവിശേഷത്തിലെ സുവിശേഷ’മെന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.
തൊട്ടുമുന്‍പത്തെ 14-ാം അദ്ധ്യായത്തില്‍ ക്രിസ്തു ഫരിസേയരോടൊപ്പമാണ് ഭക്ഷണത്തിനിരുന്നതെങ്കില്‍, 15-ാം അദ്ധ്യായത്തില്‍ ചുങ്കക്കാരോടും പാപികളോടുമൊപ്പമാണ്! സമൂഹത്തിലെ മാന്യന്മാരോടൊപ്പം ഇരുന്നവന്‍ ഇതാ, ഇപ്പോള്‍ തല്ലിപ്പൊളികളുടെ കൂട്ടത്തില്‍, പാപികളുടെയും സാമൂഹ്യവരുദ്ധരുടെയും സംഘത്തില്‍ കൂടിയിരിക്കുന്നോ എന്ന് ആരും ചിന്തിച്ചുപോകും. ഇതു കണ്ടാണ് ഫരിസേയര്‍ പിറുപിറുത്തത്. വേശ്യകളെയും പാപികളെയും സ്വീകരിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും അവര്‍ക്ക് ആതിഥ്യമരുളുകയും ചെയ്യുന്നവനാണോ ‘ദൈവത്തിന്‍റെ മിശിഹാ’ എന്നാണ് അവരുടെ ആവലാതി. ഞങ്ങള്‍ക്ക് കാരുണ്യം കിട്ടണം, എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ നീതി മാത്രമേ ആകാവൂ എന്നു ശഠിക്കുന്നവരാണ് ഈ ആവലാതിക്കാര്‍. കാണാതായ കുഞ്ഞാടിനെ കണ്ടെത്തുന്നതുവരെ അസ്വസ്ഥനാകുന്ന ആട്ടിടയന്‍റെ കഥയിലൂടെയും, കാണാതായ നാണയം കണ്ടെത്തുംവരെ അത് അന്വേഷിക്കുന്ന സ്ത്രീയുടെ ഉപമയിലൂടെയും ക്രിസ്തു ഈ സ്വാര്‍ത്ഥതയുടെ ആവലാതിക്ക് ഉത്തരം നല്കുകയാണ്.

സ്വര്‍ഗ്ഗത്തില്‍ ആനന്ദമുണ്ടാകുന്നത് എങ്ങനെയാണ്? പാപിയുടെ തിരിച്ചുവരവാണ്. അനുതാപത്തോടെയുള്ള തരിച്ചുവരവ്! ഒരു മനുഷ്യനും നഷ്ടപ്പെട്ടു പോകുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല എന്നാണ് ഇന്നത്തെ ഉപമയിലെ സ്നേഹസമ്പന്നനായ പിതാവിലൂടെ ക്രിസ്തു വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് നഷ്ടപ്പെട്ടതിനെ കണ്ടെത്തുക, മറുഭാഗത്ത്, നഷ്ടപ്പെട്ടുപോയവര്‍ അനുതപിക്കുക. അങ്ങനെ സ്വര്‍ഗ്ഗവും ഭൂമിയും സന്തോഷിക്കുക. ഇതാണ് ക്രിസ്തു ഇന്നു പറയുന്ന ഉപമകളുടെ പൊരുള്‍. ദൈവസ്നേഹത്തിന്‍റെ കുത്തൊഴുക്ക് പാപികളിലേയ്ക്ക് ചെന്നുലയ്ക്കുന്നതാണ് അന്നത്തെ സമൂഹം ക്രിസ്തുവില്‍ കണ്ടുതും, തിരിച്ചറിഞ്ഞതും. അതുകൊണ്ടായിരിക്കണം, പാപികള്‍ അവിടുത്തോടൊപ്പം പന്തിയിരുന്നത്. സമൂഹവും സഭയും മോശക്കാരെന്നു മുദ്രകുത്തിയവരുടെ കൂടെയാണ് ക്രിസ്തു ഭക്ഷണത്തിനിരിക്കുന്നത്. പാപികളായവരെ സമൂഹം വേണ്ടെന്നു വയ്ക്കുമ്പോഴും, ദൈവം അവരെ വേണമെന്നു വയ്ക്കുന്നു, അവരെ സ്നേഹിക്കുന്നു. അതാണ് ക്രിസ്തു വ്യക്തമാക്കുന്നത്.

സാധാരണ ഗതിയില്‍ സ്വാതന്ത്ര്യകൊണ്ടു വിവക്ഷിക്കുന്നത് നിയന്ത്രണമൊന്നുമില്ലാതെ എല്ലാം അനുഭവിക്കുന്നൊരവസ്ഥയാണല്ലോ. പറുദീസായിലെ എല്ലാ വൃക്ഷങ്ങളുടെയും പഴം ഭക്ഷിക്കണം.
അനുവദിച്ചിട്ടുള്ളതിന്‍റെ മാത്രമല്ല, എല്ലാറ്റിന്‍റെയും ഫലമനുഭവിക്കണം – വിലക്കപ്പെട്ട വൃക്ഷത്തിന്‍റെയും കനിതിന്നുന്നതാണ് സ്വാതന്ത്ര്യമായി മനുഷ്യന്‍ കരുതുന്നത്. ഇന്നത്തെ ഉപമയില്‍ ഇങ്ങനെയുള്ളൊരു സ്വാതന്ത്ര്യപ്രേമി അവസാനം എവിടെയാണ് എത്തിച്ചേരുന്നത്? ഏറെ നികൃഷ്ടമായ അവസ്ഥയില്‍, വളരെ ദയനീയമായ സ്ഥിതിഗതിയില്‍.... ക്രിസ്തുവിന്‍റെ കഥയില്‍ പറയുന്ന ധൂര്‍ത്തപുത്രന്‍ സ്വാതന്ത്ര്യത്തിമിര്‍പ്പില്‍ എത്തിച്ചേര്‍ന്നത് പന്നിക്കൂട്ടിലാണ്. പന്നികളെ മേയ്ക്കുന്ന ജോലിയാണ് അവസാനം അവന് ആലംബമായത്. എന്നിട്ട് അവിനിപ്പോള്‍ സ്വാതന്ത്ര്യമുണ്ടോ? സ്വാതന്ത്ര്യമില്ലെന്നു മാത്രമല്ല, അടിമയാണുപോലും! ‘പന്നി തിന്നുന്ന തവിടുകൊണ്ടെങ്കിലും വയറുനിറയ്ക്കാന്‍ അവന്‍ ആഗ്രഹിച്ചു,’ (ലൂക്കാ 15, 16) എന്നാണ് ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലും ഭേദം മരണമാണ്, അല്ലെങ്കില്‍ ഒരു തിരിച്ചുവരവാണ്! ആത്മഹത്യ അല്ലെങ്കില്‍ അനുതാപം! അനുതപിക്കാനായിരുന്നു കഥയിലെ മകന്‍റെ തീരുമാനം. ശരിയായ തീരുമാനമെന്നു നമുക്ക് വിലയിരുത്താം. തെറ്റുപറ്റിയ യൂദാസ് ആത്മഹത്യയ്ക്കാണ് തീരുമാനിച്ചത്. അവന്‍ മൃതനായി. ധൂര്‍ത്തപുത്രന്‍ തിരിച്ചുവരാന്‍ തീരുമാനിച്ചു അയാള്‍ മരണത്തില്‍നിന്ന് നവജീവിന്‍ പ്രാപിച്ചു.

വിശുദ്ധ ഗ്രന്ഥത്തിന്‍റെ കാഴ്ചപ്പാടില്‍ മരണം ശാരീരികമല്ല. “നീ ഈ വൃക്ഷത്തിന്‍റെ കനി ഭക്ഷിക്കുന്ന ദിവസം മരിക്കും,” എന്നല്ലേ ദൈവം പറഞ്ഞത്. ആദി മാതാപിതാക്കള്‍ കനി തിന്നു. ആദ്യപാപം! എന്നാല്‍ ആ ദിവസം അവര്‍ മരിച്ചോ, ഇല്ല! ‘അവര്‍ മരിക്കു’മെന്ന് ദൈവം പറഞ്ഞതിന്‍റെ അര്‍ത്ഥം, അവര്‍ക്കു ലഭിച്ച ശിക്ഷയിലുണ്ട്. എന്തായിരുന്നു ശിക്ഷ? പറുദീസായില്‍ നിന്നവര്‍ പുറത്താക്കപ്പെട്ടു. ‘ഏദന്‍ തോട്ടം’ എന്നാല്‍ ദൈവത്തിന്‍റെ സഹവാസത്തിലുള്ള ആനന്ദങ്ങളുടെ തോട്ടം എന്നാണ്. ദൈവിക സഹവാസത്തില്‍നിന്നുള്ള പുറത്താക്കലാണ് മരണം banishment from the Divine communion. മരണത്തേക്കാള്‍ ഭയാനകമാണത്. ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ വീട്ടിലുള്ളവര്‍ ചേര്‍ന്ന് ഗൃഹനാഥനെ പുറത്താക്കിയാല്‍ അയാള്‍ എവിടെപ്പോകും? കൊന്നാല്‍ ഇത്ര വിഷമം തോന്നണമെന്നില്ല.

‘നിന്‍റെ ഈ സഹോദരന്‍ മൃതനായിരുന്നു’ എന്ന് ക്രിസ്തുവിന്‍റെ ഉപമയില്‍ പിതാവു പറഞ്ഞതിന്‍റെ അര്‍ത്ഥം അവന്‍ ശാരീരികമായി മരിച്ചവനായിരുന്നു എന്നല്ല. മറിച്ച്, പിതാവിന്‍റെ ഭവനത്തില്‍നിന്നും അകന്ന് മൃതനായി ജീവിച്ചവനാണ്, എന്നാണ്. പിതാവിന്‍റെ സഹവാസത്തില്‍നിന്നും പാപംമൂലം അകന്നു പോയവനാണവന്‍. ആ സഹവാസത്തിലേയ്ക്കുള്ള തിരിച്ചുവരവാണ് ജീവന്‍, നവജീവന്‍. ‘അവനിപ്പോള്‍ ജീവിക്കുന്നു,’ എന്നു പറഞ്ഞാണ് ക്രിസ്തു കഥ അവസാനിപ്പിക്കുന്നത്. ഈ തിരിച്ചുവരവ് സാധിക്കുന്നത് അനുതാപത്തിലൂടെയാണ്.
ചെയ്ത തെറ്റിനെക്കുറിച്ചുള്ള അവബോധം ഉണ്ടാകുന്നതാണ് അനുതാപം. പിതാവിന്‍റെ നന്മയെ ഓര്‍ത്തു പിതൃഭവനത്തിലേയ്ക്ക് തിരിച്ചു വരുന്നതാണ് അനുരഞ്ജനം.

ജീവിതാഹ്ളാദത്തിന് മൂന്ന് അനിവാര്യതകളുണ്ടെന്ന് ഫാദര്‍ ബോബി ജോസ് കട്ടിക്കാട് തന്‍റെ പ്രഭാഷണങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഒന്നാമതായി നമ്മോടു തന്നെ പൊറുക്കാനാവുക. രണ്ടാമത്, അപ്രിയമായ അനുഭവങ്ങളുടെ പേരില്‍ അപരനോടും ക്ഷമിക്കാന്‍ സാധിക്കുക. മൂന്നാമത്, നമുക്ക് താത്പര്യമില്ലാത്ത ജീവിതാനുഭവങ്ങള്‍ക്ക്, വിശിഷ്യാ സഹനങ്ങള്‍ക്ക് ദൈവത്തോടുപോലും പരിഭവം ഇല്ലാതിരിക്കുക. ഈ വിധത്തില്‍ ആരോടും പരിഭവമില്ലാതെയും, പകയും വെറുപ്പുമില്ലാതെയും ജീവിച്ച നാളിന്‍റെ ഓര്‍മ്മയായി ഇതാ, ഓണം വന്നുകഴിഞ്ഞു. സമാധാനവും നീതിയും സ്നേഹവും ഹൃദയങ്ങളെ ഭരിച്ചിരുന്നൊരു കാലം. ഭക്ഷണം പങ്കിട്ട് ഏവരും സമൃദ്ധിയില്‍ ഒന്നായി ജീവിച്ചകാലം. വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് പരസ്പര വിശ്വാസത്തില്‍ ജീവിച്ച നാളുകള്‍. രാജാവ് ഉടമയെക്കാള്‍ ഇടയനാണെന്ന് മനസ്സിലാക്കിയ കാലം. അതിലാവണ്യം നിറഞ്ഞാ രാജ്യത്തിന്‍റെ, ദേവരാജ്യത്തിന്‍റെ ചരിത്രബിന്ദു ഇനിയും പിറക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം, പ്രത്യാശിക്കാം.
സ്നേഹംനിറഞ്ഞ ഓണാശംസകള്‍...
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.