2013-09-13 10:03:43

ആത്മീയാനന്ദം പുനരാവിഷ്ക്കാരിക്കുന്ന
വിശ്വാസവത്സരം


12 സെപ്റ്റംബര്‍ 2013, മൗരീഷ്യസ്
ഇന്ത്യ മഹാസമുദ്ര ദ്വീപസമുച്ചയത്തിലെ മെത്രാന്‍ സംഘം
വിശ്വാസവത്സരത്തെ വിലയിരുത്തി.

മൗരീഷ്യസ്, റിയൂനിയന്‍, സെഷേല്ലസ്, കൊമോറോസ്, റോഡ്രീഗസ് എന്നീ ദ്വീപുസമൂങ്ങളിലെ മെത്രാന്‍ സംഘം ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെ തിയതികളില്‍ സെഷേല്ലസില്‍ സമ്മേളിച്ചുകൊണ്ടാണ് വിശ്വാസവത്സരത്തെ വിലയിരുത്തിയത്. ഓരോ ക്രൈസ്തവനും സ്വീകരിച്ചിട്ടുള്ള ജ്ഞാനസ്നത്തിന്‍റെ ആത്മീയാനന്ദം പുനരാവിഷ്ക്കരിക്കാനുള്ള അവസരമാണ് വിശ്വാസവത്സരമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യനോഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് നുഗെന്‍റ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

മൗലികമായ നവദര്‍ശനത്തോടെ വിശ്വാസ ജീവിതത്തെ കാണാനും അതുമെച്ചപ്പെടുത്താനും വിശ്വാസവര്‍ഷം സഹായകമാണെന്ന് അല്‍മായ പ്രതിനിധികളും പങ്കെടുത്ത അജപാലനസമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനം വിലയിരുത്തി. വിശ്വാസം സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും പാതയാണെന്നും, എന്നാല്‍ വിത്തു മുളപൊട്ടണമെങ്കില്‍ അത് ജീര്‍ണ്ണിച്ച് സ്വയം ഇല്ലാതാകുന്നതുപോലെ ക്രൈസ്തവരുടെ ത്യാഗസമര്‍പ്പണമാണ് വിശ്വാസത്തിന്‍റെ ഫലപ്രാപ്തിയെന്നും സമിതിയുടെ പ്രസിഡന്‍റും മൗരീഷ്യസിന്‍റെ മെത്രാപ്പോലീത്തയുമായ, ആര്‍ച്ചുബിഷപ്പ്, മാവുരിസ് പിയാത്ത് നിരീക്ഷിച്ചു.

സാമൂഹ്യ രാഷ്ട്രീയ അസ്വസ്ഥകളും അസന്തുലിതാവസ്ഥയും ജനങ്ങളുടെ ജീവിത ചുറ്റുപാടുകളില്‍ നിറഞ്ഞുനില്ക്കുമ്പോള്‍ സഭയുടെ വിശ്വാസസമര്‍പ്പണവും സമൂഹ്യപ്രതിബദ്ധതയും ജനങ്ങള്‍ക്ക് അനുരഞ്ജനത്തിന്‍റെ ആത്മീയതയിലൂടെ ഭാവിപ്രത്യാശ പകരുമെന്ന് മെത്രാന്‍സംഘം സമര്‍ത്ഥിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.