2013-09-10 17:18:51

സുവിശേഷപ്രഘോഷകരുടെ മനോഭാവത്തെക്കുറിച്ച് മാര്‍പാപ്പ


10 സെപ്തംബര്‍ 2013, വത്തിക്കാന്‍
ഭയമോ ലജ്ജയോ കൂടാതെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവര്‍. വിജയലഹരിയും സുവിശേഷപ്രഘോഷകരുടെ മനോഭാവമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ചൊവ്വാഴ്ച രാവിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ നല്‍കിയ വചന സമീക്ഷയിലാണ് സുവിശേഷ പ്രഘോഷകര്‍ക്കുണ്ടായിരിക്കേണ്ട ആന്തരിക മനോഭാവത്തെക്കുറിച്ച് മാര്‍പാപ്പ വിശദീകരിച്ചത്. ക്രിസ്തുവാണ് നമ്മുടെ ജീവിതത്തിന്‍റേയും സന്ദേശത്തിന്‍റേയും കേന്ദ്രം. പാപത്തിനും മരണത്തിനും മേല്‍ വിജയം നേടിയ ഉത്ഥിതനായ ക്രിസ്തുവിനോടൊത്ത് സഞ്ചരിക്കേണ്ടവരാണ് ക്രിസ്ത്യാനികള്‍. എന്നാല്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ വിജയ രഹസ്യം ഗ്രഹിക്കുന്നതില്‍ പലപ്പോഴും നാം പരാജയപ്പെടുന്നു.
ഉത്ഥിതനായ ക്രിസ്തുവിന്‍റെ അഭാവത്തില്‍ ജീവിക്കുന്ന മൂന്നു തരം ക്രിസ്ത്യാനികളുണ്ട്: ഭീരുക്കള്‍, ലജ്ജിക്കുന്നവര്‍, വിജയലഹരിയില്‍ ഉന്‍മാദിക്കുന്നവര്‍. ഈ മൂന്നുകൂട്ടരും ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടിയിട്ടില്ല.
ക്രിസ്തുവിനെ കുരിശോളം അനുഗമിക്കുന്നവരുണ്ട്. യേശുവിന്‍റെ കല്ലറയ്ക്കു സമീപമെത്തി വിലപിക്കുന്ന അത്തരക്കാര്‍ അതിനപ്പുറത്തേക്കു പോകാന്‍ ഭയപ്പെടുന്നു. ഉത്ഥിതനായ ക്രിസ്തുവിന്‍റെ പക്കലണയുവാന്‍ അവര്‍ക്കു സാധിക്കുന്നില്ല. ഉത്ഥാനദിനത്തില്‍ ഭയം മൂലം എമ്മാവൂസിലേക്കു പോയ ശിഷ്യര്‍ക്കു തുല്യരാണ് ഭീരുക്കളായ ക്രൈസ്തവര്‍. ഉത്ഥാനത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും അവര്‍ ഭയപ്പെടുന്നു. ഒരു കളിയുടെ ആദ്യപകുതിയില്‍ മാത്രം പങ്കെടുക്കുന്നതിനു തുല്യമാണ് അവരുടെ നിലപാട്.
ക്രിസ്തുവിനെ ഏറ്റുപറയുന്നതില്‍ ലജ്ജിക്കുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം വികസിക്കുന്ന ഈ ലോകത്തില്‍ യേശുവിലുള്ള വിശ്വാസം ഏറ്റുപറയാന്‍ വിമുഖത കാണിക്കുന്നവര്‍. തന്‍റെ ശരീരത്തിലേറ്റ മുറിവുകളോടെ ക്രിസ്തു ഉത്ഥാനം ചെയ്തുവെന്ന് പ്രഘോഷിക്കാന്‍ അവര്‍ക്ക് ലജ്ജയാണ്.
മൂന്നാമതൊരു കൂട്ടരുണ്ട്, ഉള്ളിന്‍റെ ഉള്ളില്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ വിശ്വസിക്കാതെ, കൂടുതല്‍ മഹത്തരമായ ഒരു ഉത്ഥാനം സ്വയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍. ഈ ലോകത്തില്‍ വിജയം നേടാന്‍ ശ്രമിക്കുന്ന വിജയോന്മാദികളായ ക്രൈസ്തവരാണവര്‍. ഗംഭീര പ്രഭാഷണങ്ങളിലൂടേയും, അജപാലനപരിപാടികളിലൂടേയും, ആരാധനാക്രമത്തിലൂടേയും വിജയാഘോഷം നടത്താന്‍ ശ്രമിക്കുന്ന അത്തരക്കാര്‍ ഉത്ഥിതനായ ക്രിസ്തുവില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കാത്തവരാണ്.
ഉത്ഥിതനായ ക്രിസ്തുവാണ് യഥാര്‍ത്ഥ വിജയശ്രീലാളിതന്‍. അവിടുന്നാണ് നമ്മുടെ വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും കേന്ദ്രം. യേശു ക്രിസ്തുവിനെ ഒന്നു സ്പര്‍ശിച്ചാല്‍ സുഖം പ്രാപിക്കുമെന്ന് വിശ്വസിച്ച് അവിടുത്തെ പിഞ്ചെന്ന രോഗികളെപ്പോലെ നാമും അവിടുത്തെ അനുഗമിക്കണം. ക്രിസ്തു വെറുമൊരു ആത്മീയ ആശയമല്ല, ജീവിക്കുന്ന ദൈവമാണ്. ഉത്ഥിതനായ ക്രിസ്തു ലോകത്തിനു മേല്‍ വിജയം നേടി. ഇക്കാര്യങ്ങള്‍ ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കാനും വേണ്ട കൃപ ക്രിസ്തു തന്നെ നമുക്കു നല്‍കട്ടേ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.