2013-09-10 17:18:20

കരിസ്മാറ്റിക് പ്രസ്ഥാനത്തിന് മാര്‍പാപ്പയുടെ പ്രോത്സാഹനം


10 സെപ്തംബര്‍ 2013, വത്തിക്കാന്‍
കത്തോലിക്കാ കരിസ്മാറ്റിക് ഐക്യവേദിയുടെ (Catholic Fraternity of Charismatic Covenant Communities and Fellowship) പ്രസിഡന്‍റ് മത്തേയോ കാലിസി, അന്താരാഷ്ട്ര കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് ശ്രീമതി മിക്കേല മോറാന്‍ (International Catholic Charismatic Renewal Services)എന്നിവരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. സെപ്തംബര്‍ 9ന് രാവിലെ വത്തിക്കാനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.
കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ഇറ്റാലിയന്‍ പതിപ്പായ ‘റിനോവമെന്തോ നെല്ലോ സ്പിരിത്തോ’ യുടെ (Rinnovamento nello Spirito, Rns) പ്രസിഡന്‍റ് സാല്‍വത്തോരെ മാര്‍ട്ടിനെസിനോടും തിങ്കളാഴ്ച രാവിലെ മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. അര്‍ജന്‍റീനയിലെ ബ്യൂനെസ് എയിരെസ് അതിരൂപതയില്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ പിന്തുണ നല്‍കിയിരുന്നെന്ന് പാപ്പ പറഞ്ഞു. കരിസ്മാറ്റിക്കുകാരോട് ആദ്യമൊക്കെ എതിര്‍പ്പു തോന്നിയിരുന്നെങ്കിലും സഭയുടേയും ലോകത്തിന്‍റേയും ആത്മീയാഭ്യുന്നതിയ്ക്കായി അവര്‍ ചെയ്യുന്ന സേവനങ്ങള്‍ പിന്നീട് താന്‍ തിരിച്ചറിഞ്ഞുവെന്ന് ബ്രസീല്‍ പര്യടനത്തിന്‍റെ മടക്കയാത്രയില്‍ മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പ വെളിപ്പെടുത്തിയിരുന്നു.

ഇറ്റലിയില്‍ കരിസ്മാറ്റിക് പ്രസ്ഥാനം നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്‍റ് സാല്‍വത്തോടെ മാര്‍ട്ടിനെസ് മാര്‍പാപ്പയോട് വിവരിച്ചു. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ആത്മീയ ശുശ്രൂഷ, തടവറ പ്രേഷിതത്വം, കുടുംബനവീകരണ പദ്ധതികള്‍ എന്നിങ്ങനെ ബഹുമുഖ ശുശ്രൂഷകള്‍ക്ക് ഇറ്റാലിയന്‍ കരിസ്മാറ്റിക് പ്രസ്ഥാനം നേതൃത്വം നല്‍കുന്നുണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനം നയിക്കുന്ന ‘10 കല്‍പനകള്‍ 10 മൈതാനങ്ങളില്‍’ (10 Piazze per 10 Comandamenti) എന്ന നവസുവിശേഷവല്‍ക്കരണ പദ്ധതിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു വീഡിയോ സന്ദേശവും നല്‍കിയിരുന്നു.
കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ആത്മീയ ശുശ്രൂഷകള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കിയ മാര്‍പാപ്പ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പ്രസ്ഥാനത്തിന്‍റെ പ്രതിനിധി സംഘത്തോടഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.