2013-09-10 12:35:50

ആരാധനക്രമ വൈചിത്ര്യങ്ങളിലെ
ദൈവശാസ്ത്ര വീക്ഷണം (54)


RealAudioMP3
ഇസ്രായേലിന്‍റെ ആരാധനക്രമ സംവിധാനങ്ങളുടെ വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍, പുറപ്പാടു ഗ്രന്ഥത്തിന്‍റെ ദൈവശാസ്ത്രപരമായ വീക്ഷണം മനസ്സിലാക്കുന്നത് നല്ലതാണ്. ഉത്സവങ്ങള്‍, ശ്രേഷ്ഠമായ ആരാധനക്രമ സംവിധാനങ്ങള്‍, അവയുടെ നാടകീയ വിവരണങ്ങള്‍, ഒപ്പം അവയിലെ അടയാളങ്ങളുടെയും അര്‍ത്ഥങ്ങളുടെയും വിവരങ്ങള്‍ എന്നിവയാണ് ഗ്രന്ഥകര്‍ത്താവു പൗരോഹിത്യ രചനയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വളരെ പ്രധാനപ്പെട്ടതും ഹൃദയസ്പര്‍ശിയുമായ മറ്റൊന്തോ പറയാനാണ് രചയിതാവ് ഇവയിലൂടെ പരിശ്രമിക്കുന്നത്. ചരിത്രത്തില്‍ എല്ലാ മതങ്ങള്‍ക്കും ആധാരമാകുന്ന ദൈവികമഹത്വവും അധികാരവും തേജസ്സും, നിഗൂഢമായ ദൈവികരഹസ്യങ്ങളും ജീവിതബന്ധിയായി ചുരുളഴിയിക്കുവാന്‍ പുറപ്പാടിന്‍റെ ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുകയാണ്. ദൈവികസാന്നിദ്ധ്യം ഏറ്റുപറയുവാനും, അവിടുന്നുമായി ഐക്യപ്പെട്ടിരിക്കുവാനും, അവിടുത്തെ പ്രാപിക്കുവാനുമുള്ള മനുഷ്യന്‍റെ നിരന്തരമായ പരിശ്രമമാണ് ഇസ്രായേലിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പുറപ്പാടിന്‍റെ ഏടുകളില്‍ ഇനിയും കാണുന്നത്.

നാം ഇന്നു വിശകലനംചെയ്യുന്ന 29-ാം അദ്ധ്യായത്തിന്‍റെ ഈ ഭാഗത്ത് പുരോഹിതര്‍ക്ക് ബലിവസ്തുക്കളില്‍ ഓഹരിയുള്ളതായി പൗരോഹിത്യ പാരമ്പര്യം രേഖപ്പെടുത്തിയിരിക്കുന്നു. അഹറോന്‍റെ അഭിഷേകത്തിനായി അര്‍പ്പിക്കപ്പെട്ട മുട്ടാടിന്‍റെ നെഞ്ചെടുത്ത് കര്‍ത്താവിന്‍റെ സന്നിധിയില്‍ ഉഴിഞ്ഞെടുക്കുക. ഇത് നിന്‍റെ ഓഹരിയായിരിക്കും. അഭിഷേകത്തിനായി അവരര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന് ഉഴിഞ്ഞെടുത്ത നെഞ്ചും കുറകും വിശുദ്ധീകരിച്ച്, അഹറോനും പുത്രന്മാര്‍ക്കുമായി മാറ്റിവയ്ക്കണം. ഇസ്രായേല്‍ ജനത്തില്‍നിന്ന് അഹറോനും പുത്രന്മാര്‍ക്കും നിയമപ്രകാരം എന്നും ലഭിക്കേണ്ട അവകാശമാണിത്. ഇസ്രായേല്‍ ജനം സമാധാന ബലിയില്‍നിന്നും ഉഴിഞ്ഞെടുത്തു കര്‍ത്താവിനു സമര്‍പ്പിക്കുന്ന കാഴ്ചയും, അഹറോന്‍റെ വിശുദ്ധ വസ്ത്രങ്ങളും അവനുശേഷം അവന്‍റെ പുത്രന്മാര്‍ക്കും ഉള്ളതായിരിക്കും. അവര്‍ പുരോഹിതരായി അഭിഷ്ക്തരാകുന്നതും നിയോഗിക്കപ്പെടുന്നതും അവ ധരിച്ചു കൊണ്ടായിരിക്കണം.

അഹറോന്‍റെ സ്ഥാനത്തു പുരോഹിതനാകുന്ന അവന്‍റെ പുത്രന്മാര്‍ വിശുദ്ധ സ്ഥലത്ത് ശുശ്രൂഷചെയ്യുന്നതിന് സമാഗമകൂടാരത്തില്‍ വരുമ്പോള്‍ ഏഴുദിവസവും അവര്‍ പൂജാവസത്രങ്ങള്‍ ധരിക്കണം.
അഭിഷേകത്തില്‍ അര്‍പ്പിക്കുന്ന മുട്ടാടിന്‍റെ മാംസമെടുത്ത് വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് വേവിക്കണം.
മുട്ടാടിന്‍റെ മാംസവും കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്മാരും സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍വച്ച് ഭക്ഷിക്കണം. തങ്ങളുടെ അഭിഷേകത്തിന്‍റെയും വിശുദ്ധീകരണത്തിന്‍റെയും വേളയില്‍ പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അവര്‍ മാത്രം ഭക്ഷിക്കട്ടെ. അവ വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്. അഭിഷേകത്തിനുവേണ്ടിയുള്ള മാംസമോ അപ്പമോ പ്രഭാതത്തില്‍ അവശേഷിക്കുന്നെങ്കില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ അഹറോനോടും പുത്രന്മാരോടും എന്നും ഇസ്രായേല്‍ അനുവര്‍ത്തിക്കുക. പാപപരിഹാര ബലിയായി ഓരോദിവസവും ഓരോ കാളക്കുട്ടിയെ അര്‍പ്പിക്കണം. ബലിപീഠത്തില്‍ പരിഹാരബലി അര്‍പ്പിക്കുന്നതുവഴി അതില്‍നിന്നും പാപം തുടച്ചു നീക്കപ്പെടും. അനന്തരം, അതിനെ അഭിഷേചിച്ചു വിശുദ്ധീകരിക്കുക. ഏഴു ദിവസം പരിഹാരബലി നടത്തി, ബലിപീഠത്തെ വിശുദ്ധീകരിക്കുക. അപ്പോള്‍ ബലിപീഠം അതിവിശുദ്ധമാകും. ബലിപീഠത്തെ സ്പര്‍ശിക്കുന്നതെന്തും വിശുദ്ധമായ് ഭവിക്കും.

അനുദിനബലിയര്‍പ്പണത്തിലൂടെയും കര്‍മ്മാനുഷ്ഠാനങ്ങളിലൂടെയും തന്‍റെ ജനത്തിന്‍റെമദ്ധ്യേ വസിക്കുന്ന ദൈവത്തെക്കുറിച്ചാണ് തുടര്‍ന്നുള്ള ഭാഗത്ത് പുറപ്പാടിന്‍റെ ഗ്രന്ഥകര്‍ത്താവ് വ്യാഖ്യാനിക്കുന്നത് :
ബലിപീഠത്തില്‍ അര്‍പ്പിക്കേണ്ടത് ഇവയാണ് - ഒരു വയസ്സുള്ള രണ്ട് ആട്ടിന്‍ കുട്ടികളെ വീതം എല്ലാ ദിവസവും അര്‍പ്പിക്കണം. ഒന്നിനെ പ്രഭാതത്തിലും മറ്റൊന്നിനെ സായന്തനത്തിലുമാണ് അര്‍പ്പിക്കേണ്ടത്. ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം, നാലിലൊന്നു ഹിന്‍ ശുദ്ധമായ ഒലിവെണ്ണയില്‍ കുഴച്ച പത്തിലൊന്ന് ഏഫാ മാവും, പാനീയബലിയായി നാലിലൊന്നു ഹിന്‍ വീഞ്ഞും സമര്‍പ്പിക്കണം. പ്രഭാതത്തിലെന്നപോലെ സായാഹ്നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യബലിയോടും പാനീയ ബലിയോടുമൊത്ത് സുഗന്ധവാഹിയായ ദഹനബലിയായി കര്‍ത്താവിന് അര്‍പ്പിക്കേണ്ടതാണ്. അവിടെവച്ചു ഞാന്‍ ഇസ്രായേല്‍ ജനത്തെ സന്ദര്‍ശിക്കും. എന്‍റെ മഹത്വത്താല്‍ അവിടം ഞാന്‍ വിശുദ്ധീകരിക്കും. സമാഗമ കൂടാരവും ബലിപീഠവും ഞാന്‍ വിശുദ്ധീകരിക്കും. എനിക്ക് പുരോഹിത ശുശ്രൂഷചെയ്യുന്നതിനായി അഹറോനെയും പുത്രന്മാരെയും ഞാന്‍ വിശുദ്ധീകരിക്കും.
ഞാന്‍ ഇസ്രായേല്‍ ജനത്തിന്‍റെമദ്ധ്യേ വസിക്കും. ഞാന്‍ അവരുടെ ദൈവമായിരിക്കും, അവരെന്‍റെ ജനമായിരിക്കും. അവരുടെയിടയില്‍ വസിക്കുവാന്‍വേണ്ടി ഈജിപ്തില്‍നിന്നു അവരെ കൊണ്ടുവന്ന ദൈവമായ കര്‍ത്താവു ഞാനാണെന്ന് അവര്‍ അങ്ങനെ അറിയും. ഞാനാണ് അവരുടെ ദൈവമായ കര്‍ത്താവ് അറിയും അനുസ്മരിക്കും.

കരുവേലമരംകൊണ്ട് ഒുരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടു മുഴം, കൊമ്പുകള്‍ അതിനോട് ഒന്നായി ചേര്‍‍ത്തിരിക്കണം. മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിയണം. മുകള്‍ വശത്തു ചുറ്റിലും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം. അതിനുതാഴേ രണ്ടു മൂലകളിലും ഓരോ സ്വര്‍ണ്ണവളയം ഘടിപ്പിക്കണം. മറുവശത്തും ഇപ്രകാരം ചെയ്യണം.
അവ പീഠത്തെ വഹിക്കാനുള്ള തണ്ടുകളിടുന്നതിനാണ്. തണ്ടുകള്‍ കരുവേലമരം കൊണ്ടുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിഞ്ഞതായിരിക്കണം. ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന സ്ഥലമായ സാക്ഷൃപേടകത്തിനു മുകളിലുള്ള കൃപാസനത്തിന്‍റെയും, സാക്ഷൃപേടകത്തെ മറയ്ക്കുന്ന തിരശ്ശീലയുടെയും മുന്‍പില്‍ അതു സ്ഥാപിക്കണം.

ഓരോ പ്രഭാതത്തിലും വിളക്കുകള്‍ ഒരുക്കുമ്പോള്‍ അഹറോന്‍ ബലിപീഠത്തില്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കണം. സായാഹ്നത്തില്‍ ദീപം കൊളുത്തുമ്പോഴും അവന്‍ അതിന്മേല്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കട്ടെ. തലമുറതോറും എന്നേയ്ക്കും കര്‍ത്താവിന്‍റെ മുന്‍പില്‍ ഈ ധൂപാര്‍പ്പണം നടക്കട്ടെ. അവിശുദ്ധ ധൂപമോ ദഹനബലിയോ ധാന്യബലിയോ അതിന്മേല്‍ നീ അര്‍പ്പിക്കരുത്. ദ്രാവക നൈവേദ്യവും ഒഴിക്കരുത്. പാപപരിഹാരബലിയുടെ രക്തംകൊണ്ട് വര്‍ഷത്തിലൊരിക്കല്‍ അഹറോന്‍ അതിന്‍റെ കൊമ്പുകളില്‍ പരിഹാരകര്‍മ്മം അനുഷ്ഠിക്കട്ടെ. തലമുറതോറും ഇപ്രകാരം ചെയ്യണം. ഇത് കര്‍ത്താവിന് അതിവിശുദ്ധമാം കര്‍മ്മമാണ്, പാപപരിഹാര ബലിയര്‍പ്പണമാണ്.

കര്‍ത്താവു മോശയോട് വീണ്ടും അരുളിച്ചെയ്യുന്നതായി നാം വായിക്കുന്നത്, വളരെ വ്യത്യസ്തമായൊരു കാര്യമാണ്. ഇസ്രായേലിന്‍റെ ജനസംഖ്യ:ഇസ്രായേലിന്‍റെ ജനസംഖ്യ എടുക്കുമ്പോള്‍ തങ്ങളുടെയിടയില്‍ മഹാമാരി ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും തങ്ങളുടെ ജീവനുവേണ്ടി കര്‍ത്താവിനു മോചനദ്രവ്യം കൊടുക്കണം. ജനസംഖ്യയില്‍പ്പെടുന്ന ഓരോ വ്യക്തിയും വിശുദ്ധ മന്ദിരത്തില്‍ നിലവിലുള്ള കണക്കനുസരിച്ച് അര ഷെക്കല്‍ വീതം കര്‍ത്താവിനു കാണിക്കയായ് അര്‍പ്പിക്കണം. ജനസംഖ്യയില്‍പ്പെടുന്ന ഇരുപത് വയസ്സും അതിനുമേലും പ്രായമുള്ള ഓരോ വ്യക്തിയും ഈ കാണിക്ക കര്‍ത്താവിനു നല്‍കണം. പാപപരിഹാരത്തിനായി കര്‍ത്താവിന് ഇവ സമര്‍പ്പിക്കുമ്പോള്‍ അര ഷെക്കേല്‍ നല്കിയാല്‍ മതിയാകും. ധനികന്‍ കൂടുതലോ ദരിദ്രര്‍ കുറവോ കൊടുക്കേണ്ടതില്ല. ഇസ്രായേല്‍ ജനത്തില്‍നിന്നും പാപപരിഹാരത്തുക സ്വീകരിച്ച് സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്ക് ഉപോയോഗിക്കട്ടെ. അങ്ങനെ നിങ്ങള്‍ക്കു പാപപരിഹാരത്തിനുതകും വിധം അതെന്നും ഈ ജനത്തെ കര്‍ത്താവിന്‍റെ സ്മരണയില്‍ കൊണ്ടുവരും.

ബഹുശാഖമായ പുറപ്പാടു രചനയില്‍ വിമോചനത്തിന്‍റെയും, ചെങ്കടല്‍ കടക്കലിന്‍റെയും സീനായ് സംഭവങ്ങളുടെയും ഹൃദയസ്പര്‍ശിയായ രചനാ വൈഭവം കഴിഞ്ഞാല്‍ മുന്‍പന്തിയില്‍ നില്കുന്നത് പൗരോഹിത്യ പാരമ്പര്യവും അതുമായി ബന്ധപ്പെട്ട വിവരണങ്ങളുമാണ്. പെരുപ്പിച്ചുള്ള, വിശദമായ വിവരണവും, അലങ്കാരങ്ങളും, സാങ്കല്പികതയും, അതിയയോക്തിയും വിശദാംശങ്ങളും ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഇസ്രായേലിന്‍റെ രൂപീകരണകാലത്ത് വളര്‍ന്നുവന്ന ഈ ആരാധനക്രമ പാരമ്പര്യം സമാകലീന മതങ്ങളുടെയും സംസ്ക്കാരങ്ങളുടെയും സ്വാധീനമാകാന്‍ ഇടയുണ്ടെന്ന് നിരൂപകന്മാര്‍ നിജപ്പെടുത്തുന്നു. ഇസ്രായേലിന്‍റെ വിശ്വാസ പാരമ്പര്യത്തിനും പാരമ്യത്തിനും അടിത്തറയായി മാറുന്നത് പിന്നീട് ഈ കര്‍മ്മനിഷ്ഠകളാണെന്ന് നമുക്ക് കാണാം. അങ്ങനെ രൂപാന്തരീകരണ കാലഘട്ടം ഇസ്രായേലിന് പ്രതിമാനമായിത്തീരുന്നു, അല്ലെങ്കില്‍ ജീവിതക്രമമായി തീരുന്നു. ഹെബ്രായ ചരിത്രത്തില്‍ വിശ്വാസ ജീവിതത്തിന്‍റെ സ്ഥായീഭാവമുള്ള പ്രതിഫലനങ്ങളായി
ഈ കര്‍മ്മാനുഷ്ഠാനങ്ങള്‍ രൂപമെടുക്കുന്നത് അടുത്ത് ഭാഗത്ത് തുടരും.
Prepared : nellikal, Radio Vatican









All the contents on this site are copyrighted ©.