2013-09-09 17:11:28

അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസമേകാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം


09 സെപ്തംബര്‍ 2013, റോം
ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ അഭയാര്‍ത്ഥി സമൂഹത്തെ സന്ദര്‍ശിക്കാനെത്തുന്നു. റോമിലെ ഈശോസഭാസമൂഹം നേതൃത്വം നല്‍കുന്ന അഭയാര്‍ത്ഥി സേവന കേന്ദ്രത്തിലേക്ക് (Centro Astalli: Servizio dei Gesuiti per i Rifugiati in Italia) സെപ്തംബര്‍ 10ാം തിയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മാര്‍പാപ്പയെത്തും. പ്രതിദിനം നാനൂറോളം അഭയാര്‍ത്ഥികള്‍ ഉച്ചഭക്ഷണം തേടിയെത്തുന്ന സമയത്താണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. പാപ്പാ ഫ്രാന്‍സിസ് ഭക്ഷണശാലയില്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം കുറച്ചു സമയം ചിലവഴിക്കും. പേപ്പല്‍ സന്ദര്‍ശനം തികച്ചും അനൗപചാരികമായതിനാല്‍ ഭക്ഷണശാലയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
അഭയാര്‍ത്ഥി സേവനകേന്ദ്രത്തിലെ സന്ദര്‍ശനത്തിനു ശേഷം ‘ജെസു’ ദേവാലയത്തിലേക്ക് പാപ്പ യാത്രതിരിക്കും. ഈശോസഭയുടെ അഭയാര്‍ത്ഥി സേവനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച ഫാ. പേദ്രോ അരൂപ്പയുടെ ശവകുടീരം ഈ ദേവാലയത്തിലാണ് സ്ഥിതിചെയ്യുന്നത്. റോമില്‍ ഈശോസഭ നടത്തുന്ന നാല് അഭയാര്‍ത്ഥി സേവനകേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ജെസു ദേവാലയത്തിലേക്ക് മാര്‍പാപ്പയെ സ്വീകരിക്കുക.
വൈകീട്ട് 5.30ന് ചെന്ത്രോ അസ്താലിയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദിയും അഭയാര്‍ത്ഥി സേവനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ഫാ.ജൊവാന്നി ലാ മന്നയും മാര്‍പാപ്പയുടെ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കും. മാര്‍പാപ്പയെ സ്വീകരിച്ച അഭയാര്‍ത്ഥികളില്‍ ചിലരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരിക്കുമെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.