2013-09-08 15:15:00

മാര്‍പാപ്പയുടെ സമാധാന സന്ദേശം


സിറിയയിലും മധ്യപൂര്‍വ്വദേശത്തും ലോകം മുഴുവനും സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി സമാധാനരാജ്ഞിയായ പ.കന്യകാമറിയത്തിന്‍റെ ജനനത്തിരുന്നാളിന്‍റെ തലേന്നാളായ സെപ്തംബര്‍ 7ന് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നയിച്ച ജാഗരപ്രാര്‍ത്ഥനാ സംഗമത്തില്‍ നല്‍കിയ സന്ദേശം.

“താന്‍ സൃഷ്ടിച്ചതെല്ലാം മനോഹരമായിരിക്കുന്നുവെന്ന് ദൈവം കണ്ടു” (ഉല്‍പത്തി1:12,18,21,25)
പ്രപഞ്ചത്തിന്‍റേയും മനുഷ്യചരിത്രത്തിന്‍റേയും ആരംഭത്തെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ വിവരണത്തില്‍, തന്‍റെ സൃഷ്ടികളെ നോക്കികാണുന്ന, അവയെ ധ്യാനാത്മകമായി വീക്ഷിക്കുന്ന ദൈവം, എല്ലാം നന്നായിരിക്കുന്നുവെന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവഹൃദയത്തില്‍ പ്രവേശിച്ച്, ദൈവത്തിന്‍റെ ഉള്ളില്‍ നിന്നുതന്നെ ദൈവിക സന്ദേശം സ്വീകരിക്കാന്‍ നമുക്കങ്ങനെ സാധിക്കുന്നു.

ഈ സന്ദേശത്തിന്‍റെ പൊരുളെന്താണ്? എന്നെയും നിന്നെയും സംബന്ധിച്ച്, നാമേവരേയും സംബന്ധിച്ച്, ഈ സന്ദേശത്തിന് എന്തര്‍ത്ഥമാണുള്ളത്? ഈ സന്ദേശം നമ്മോടു പറയുന്നതെന്താണ്?

1. അര്‍ത്ഥം ലളിതമാണ്. നമ്മുടെ ഈ ലോകം ദൈവത്തിന്‍റെ മനസിലും ഹൃദയത്തിലും ‘സമാധാനത്തിന്‍റേയും ഐക്യത്തിന്‍റേയും ഗേഹമാണ്’. ഓരോരുത്തര്‍ക്കും സ്വന്തം ഇടം കണ്ടെത്താനും ഭവനത്തിന്‍റെ സുരക്ഷിതത്വം കണ്ടെത്താനുമുള്ള സ്ഥലം. കാരണം നല്ലൊരിടമാണിത്. എല്ലാ സൃഷ്ടവസ്തുക്കളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെങ്കിലും ഒരൊറ്റ കുടുംബത്തിലെ അംഗങ്ങളായി, ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധം തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. യഥാര്‍ത്ഥ സാഹോദര്യത്താല്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവരാണ് മനുഷ്യര്‍. സാഹോദര്യമെന്നത് വാക്കിലൊതുങ്ങേണ്ട ഒന്നല്ല, സ്നേഹിക്കപ്പെടേണ്ട സഹോദരനോ സഹോദരിയോ ആണ് അപരവ്യക്തി. സ്നേഹവും വിശ്വസ്തതയും നന്‍മയുമായ ദൈവത്തോടുള്ള നമ്മുടെ ബന്ധം ഓരോ മനുഷ്യബന്ധത്തിലും പ്രതിഫലിക്കുമ്പോള്‍ സമസ്ത സൃഷ്ടികളും തമ്മിലുള്ള ഐക്യം പുനരാവിഷ്ക്കരിക്കപ്പെടും. ദൈവത്തിന്‍റെ ലോകത്തില്‍ ജീവിക്കുന്നവര്‍ അപരനോട് ഉത്തരവാദിത്വമുള്ളവരാണ്, പരസ്പര ഉത്തരവാദിത്വമുള്ളവരാണ്. പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്‍റേയും ധ്യാനത്തിന്‍റേയും ഈ ദിനത്തില്‍ നമുക്കോരോരുത്തര്‍ക്കും ആത്മവിചിന്തനം നടത്താം: ഞാന്‍ ജീവിക്കാനാഗ്രഹിക്കുന്ന ലോകം ഇതാണോ? നമ്മുടെയൊക്കെ ഹൃദയത്തില്‍ നാം അഭിലഷിക്കുന്ന ലോകമാണോ ഇത്? നമ്മുടെ ഉള്ളിലും മറ്റുള്ളവരുമായുള്ള ബന്ധത്തിലും നമ്മുടെ കുടുംബങ്ങളിലും നഗരങ്ങളിലും രാജ്യങ്ങള്‍ തമ്മിലും ഐക്യവും ശാന്തിയും പുലരണമെന്ന് നാം ആഗ്രഹിക്കുന്ന ലോകമിതാണോ? എല്ലാവരുടേയും ക്ഷേമം ലക്ഷൃമാക്കുന്ന മാര്‍ഗ്ഗങ്ങള്‍ സ്നേഹപൂര്‍വ്വം തിരഞ്ഞെടുക്കുന്നതല്ലേ യഥാര്‍ത്ഥ സ്വാതന്ത്ര്യം?

2. ഇനിയൊന്നു ചോദിക്കട്ടെ, ഇങ്ങനെയുള്ള ഒരു ലോകത്തിലാണോ നാമിന്നു ജീവിക്കുന്നത്? ഇന്നും നമ്മെ അമ്പരപ്പിക്കുന്ന മനോഹാരിത ദൈവസൃഷ്ടികളിലുണ്ട്. പക്ഷേ അക്രമവും, ഭിന്നതയും, വഴക്കും, കലാപവുമെല്ലാം അതില്‍ കടന്നകൂടിയിരിക്കുന്നു. സൃഷ്ടിയുടെ മകുടമായ മനുഷ്യന്‍ നന്മയുടേയും സൗന്ദര്യത്തിന്‍റേയും ചക്രവാളത്തില്‍ നിന്ന് ദൃഷ്ടിതിരിച്ച് സ്വാര്‍ത്ഥതയില്‍ കഴിയുമ്പോഴാണ് ഇതു സംഭവിക്കുന്നത്. തന്നെക്കുറിച്ചു മാത്രം ചിന്തിച്ച്, സ്വന്തം താല്പര്യങ്ങള്‍ മുന്‍നിറുത്തി ജീവിക്കുന്ന മനുഷ്യന്‍ അധികാരത്തിന്‍റെയും കരുത്തിന്‍റേയും വിഗ്രഹങ്ങള്‍ക്കു കീഴടങ്ങി, ദൈവത്തിന്‍റെ സ്ഥാനത്തു സ്വയം പ്രതിഷ്ഠിക്കുമ്പോള്‍ മനുഷ്യബന്ധങ്ങളെല്ലാം തകര്‍ന്നടിയുന്നു. അക്രമത്തിന്‍റേയും നിസംഗതയുടേയും സംഘര്‍ഷത്തിന്‍റേയും കവാടം അവിടെ തുറക്കപ്പെടുന്നു. ഉല്പത്തി പുസ്തകത്തില്‍ മനുഷ്യപാപത്തെക്കുറിച്ചുള്ള വിവരണം വെളിപ്പെടുത്തുന്നതും അതു തന്നെയാണ്. തന്നോടുതന്നെ കലഹിക്കുന്ന മനുഷ്യന്‍ താന്‍ നഗ്നനാണെന്ന് തിരിച്ചറിഞ്ഞ് ഭയന്നൊളിച്ചു. (ഉല്പത്തി 3,10) ദൈവത്തിന്‍റെ ദൃഷ്ടിയെ അവന്‍ ഭയപ്പെട്ടു. പിന്നെ തന്‍റെ മാംസത്തില്‍ നിന്നുള്ള മാംസമായ സ്ത്രീയെ കുറ്റപ്പെടുത്തി. (ഉല്പത്തി 3,12) സൃഷ്ടിയുമായുള്ള ബന്ധം തകര്‍ത്ത മനുഷ്യന്‍ പിന്നീട്, സ്വന്തം സഹോദരനെ വധിക്കാന്‍ കയ്യുയര്‍ത്തി. ഐക്യത്തില്‍ നിന്ന് അനൈക്യത്തിലേക്കായിരുന്നു മനുഷ്യന്‍റെ നീക്കമെന്നു പറയാന്‍ സാധിക്കുമോ? ഇല്ല, അനൈക്യം എന്നൊന്നില്ല. ഒന്നുകില്‍ ഐക്യം അല്ലെങ്കില്‍ ഒന്നും മനസിലാകാത്ത, വിഭ്രാന്തമായ അവസ്ഥ.
എല്ലാം തകര്‍ന്നു താറുമാറായ ഈ അവസ്ഥയിലാണ് “നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ” എന്ന ദൈവത്തിന്‍റെ ചോദ്യം മനുഷ്യ മനസാക്ഷിയില്‍ മുഴങ്ങിയത്. ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ എന്നായിരുന്നു കായേന്‍റെ മറുചോദ്യം. അതെ നീ നിന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണ്. പരസ്പരം ഉത്തരവാദിത്വമുള്ളവരാണ് മനുഷ്യര്‍. ആ ഐക്യം തകര്‍ക്കപ്പെടുമ്പോള്‍ മനുഷ്യന്‍ സ്വയം ഭിന്നിച്ചു പിരിയുന്നു. സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ട സഹോദരന്‍ തോല്‍പ്പിക്കപ്പെടേണ്ട ശത്രുവായി പരിണമിക്കുന്നു. അങ്ങനെ ആരംഭിച്ച ശത്രുതയുടേയും അക്രമങ്ങളുടേയും യുദ്ധങ്ങളുടേയും എത്രയോ മുറിപ്പാടുകള്‍ നമ്മുടെ ചരിത്രത്തിലുണ്ട്! ഇന്നും തീരാദുരിതത്തില്‍ ജീവിക്കുന്ന നമ്മുടെ സഹോദരീസഹോദരന്‍മാരെ ഒന്നു നോക്കൂ. ആ കുഞ്ഞുങ്ങളെ ഒന്നു നോക്കൂ. ഇതൊന്നും ഒരു യാദൃശ്ചികതയല്ല, യാഥാര്‍ത്ഥ്യമാണ്. ഓരോ ആക്രമണവും യുദ്ധവും കായേന് പുനര്‍ജന്‍മമേകുന്നു. നാമെല്ലാവരും അതിനുത്തരവാദികളാണ്. സഹോദരങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്‍റെ ചരിത്രം നാം ഇന്നും തുടരുന്നു. സ്വാര്‍ത്ഥതയുടേയും നിക്ഷിപ്ത താല്‍പര്യങ്ങളുടേയും വിഗ്രഹങ്ങള്‍ക്കു കീഴ്പ്പെട്ടിരിക്കുന്നതിനാല്‍ ഇന്നും നാം ഈ മനോഭാവം പുലര്‍ത്തുന്നു. നമ്മുടെ ആയുധങ്ങള്‍ നാം മെച്ചപ്പെടുത്തിയിട്ടുണ്ട് പക്ഷേ നമ്മുടെ മനസാക്ഷിയാകട്ടെ മന്ദീഭവിച്ചിരിക്കുന്നു. സ്വയം നീതികരിക്കാനുള്ള കാരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ് നാം. എന്നിട്ട്, ഇതെല്ലാം സ്വാഭാവികമാണെന്ന മട്ടില്‍ നാശത്തിന്‍റേയും വേദനയുടേയും മരണത്തിന്‍റേയും വിത്തുകള്‍ നാം വിതച്ചുകൊണ്ടേയിരിക്കുന്നു. മരണത്തിന്‍റെ വക്താക്കളായ അക്രമവും യുദ്ധവും മരണത്തിലേക്കു മാത്രമേ നയിക്കൂ. മരണത്തിന്‍റെ ഭാഷകളാണവ.
ജലപ്രളയാനന്തരം, മഴ ശമിച്ചപ്പോള്‍ ഒരു മഴവില്ല് ആകാശത്തു പ്രത്യക്ഷപ്പെട്ടു. (ഉല്‍പത്തി, 8) ഒരു ഒലിവിലയുമായി പ്രാവ് മടങ്ങിവന്നു. ഒലിവില സമാധാനത്തിന്‍റെ പ്രതീകമാണ്. രണ്ടായിരമാണ്ടില്‍ വിവിധ മതനേതാക്കള്‍ ഒരുമിച്ച് ബ്യൂനസ് എയിരെസിലെ പ്ലാസ ദി മായോ മൈതാനത്ത് സമാധാനത്തിന്‍റെ പ്രതീകമായ ഒലിവു തൈ നട്ട സംഭവം ഞാന്‍ ഇവിടെ അനുസ്മരിക്കുകയാണ്. യുദ്ധവും കോലാഹലങ്ങളും ഇനിയൊരിക്കലും ഉണ്ടാകാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥനയും സമാധാനത്തിനായുള്ള അഭ്യര്‍ത്ഥനയുമായിരുന്നു അത്.

3. മറ്റൊരു കാര്യം കൂടി ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമാധാനത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കാന്‍ സാധ്യമാണോ? മരണത്തിന്‍റേയും സഹനത്തിന്‍റേയും ഈ ചുഴിയില്‍ നിന്നു മോചനം സാധ്യമാണോ? ഒരിക്കല്‍ കൂടി സമാധാനത്തിന്‍റെ മാര്‍ഗത്തിലേക്കു മടങ്ങിവരാന്‍ നാം പഠിക്കുമോ? ദൈവ സഹായത്താല്‍, റോമാക്കാരുടെ രക്ഷകയും (Salus Populi Romani) സമാധാന രാജ്ഞിയുമായ പ.മറിയത്തിന്‍റെ മാതൃദൃഷ്ടിയില്‍ നിന്നുകൊണ്ടു ഞാന്‍ പറയുന്നു, അതെ, എല്ലാവര്‍ക്കും അതു സാധ്യമാണ്. ഏറ്റവും ചെറിയവര്‍ തുടങ്ങി രാഷ്ട്രനേതാക്കള്‍ വരെ എല്ലാവരും, ‘ഞങ്ങള്‍ അത് ആഗ്രഹിക്കുന്നു’ എന്ന് ഉറക്കെ പ്രഖ്യാപിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. എന്‍റെ ക്രൈസ്തവ വിശ്വാസം കുരിശിലേക്കു കണ്ണുകളുയര്‍ത്താന്‍ എന്നെ പ്രേരിപ്പിക്കുന്നു. എല്ലാ സ്ത്രീപുരുഷന്‍മാരും ഒരു നിമിഷനേരം കുരിശിലേക്കൊന്നു നോക്കിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. അവിടെ, ദൈവത്തിന്‍റെ മറുപടി ദൃശ്യമാണ്. അക്രമത്തോട് പ്രത്യുത്തരിക്കേണ്ടത് അക്രമം കൊണ്ടോ മരണത്തോട് പ്രതികരിക്കേണ്ടത് മരണത്തിന്‍റെ ഭാഷയിലോ അല്ല. കുരിശിന്‍റെ നിശബ്ദതയില്‍ ആയുധങ്ങളുടെ ഗര്‍ജ്ജനം അവസാനിക്കുന്നു. അനുരജ്ഞനത്തിന്‍റേയും ക്ഷമയുടേയും സംവാദത്തിന്‍റേയും സമാധാനത്തിന്‍റേയും ഭാഷയാണ് കുരിശ്. ക്രൈസ്തവരും, അന്യമതസ്ഥരായ നമ്മുടെ സഹോദരീസഹോദരന്‍മാരും സന്‍മനസുള്ള മറ്റെല്ലാ സ്ത്രീ പുരുഷന്‍മാരും “അക്രമവും യുദ്ധവും സമാധാനത്തിലേക്കുള്ള മാര്‍ഗമല്ല” എന്ന് ഏകസ്വരത്തില്‍ ആര്‍ത്തുഘോഷിക്കട്ടെ. ദൈവത്തോട് എന്‍റെ അപേക്ഷ ഇതാണ്. ഓരോരുത്തരും സ്വന്തം മനസാക്ഷിയുടെ സ്വരം ശ്രവിക്കട്ടെ: നിന്‍റെ ഹൃദയത്തെ കഠിനമാക്കുന്ന സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉപേക്ഷിക്കുക, അന്യരുടെ വേദനയില്‍ പ്രതികരിക്കാനാവാത്ത വിധം നിന്‍റെ ഹൃദയത്തെ മന്ദീഭവിപ്പിക്കുന്ന നിസംഗത മറികടക്കുക, മരണം വിതയ്ക്കുന്ന യുക്തിക്കുമേല്‍ വിജയം നേടുക, സംഭാഷണത്തിനും അനുരജ്ഞനത്തിനുമായി ഒരുങ്ങുക എന്ന് മനസാക്ഷി മന്ത്രിക്കുന്നു. നിന്‍റെ സഹോദരന്‍റെ വേദന കാണുക. അവന്‍റെ വേദന വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാതെ, തകര്‍ന്നുപോയ ബന്ധങ്ങള്‍ വീണ്ടും പണിതുയര്‍ത്താന്‍ അവനെ സഹായിക്കുക. മറ്റൊരു സംഘട്ടനത്തിലൂടെയല്ല സംവാദത്തിലൂടെയാണ് അത് സാധ്യമാകുന്നത്. ആയുധങ്ങളുടെ ചിലമ്പൊച്ച അവസാനിക്കട്ടെ! സമാധാനത്തിന്‍റെ പരാജയമാണ് യുദ്ധം, മാനവികതയുടെ പരാജയമാണത്. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഒരിക്കല്‍ കൂടി ഇവിടെ മുഴങ്ങട്ടെ, “ഇനിയൊരിക്കലും പരസ്പരം പോരടിക്കാതിരിക്കാം. ഇനിയൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ, ഇനിയൊരിക്കലും യുദ്ധം ഉണ്ടാകാതിരിക്കട്ടെ” (Address to the United Nations, 1965). “സമാധാനം സമാധാനത്തിലൂടെയാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. നീതിയില്‍ നിന്ന് വേര്‍തിരിക്കാനാവാത്തതും ആത്മത്യാഗം, ദയാവായ്പ്പ്, കാരുണ്യം, സ്നേഹം എന്നിവയിലൂടെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുമായ ഒന്നാണ് സമാധാനം.” (World Day of Peace Message, 1975).

പ്രിയ സഹോദരീ സഹോദരന്‍മാരേ, ‘ക്ഷമ, സംഭാഷണം, അനുരജ്ഞനം’ എന്നിവയാണ് നമ്മുടെ പ്രിയപ്പെട്ട സിറിയയ്ക്കും മധ്യപൂര്‍വ്വദേശത്തിനും ലോകം മുഴുവനും വേണ്ടിയുള്ള സമാധാന സൂക്തങ്ങള്‍. സമാധാനത്തിനും അനുരജ്ഞനത്തിനും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യാം. എല്ലായിടത്തും സമാധാനത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും സ്ത്രീപുരുഷന്‍മാരായി നമുക്കു ജീവിക്കാം. ആമ്മേന്‍.








All the contents on this site are copyrighted ©.