2013-09-04 19:42:09

സിറിയയിലെ പീഡിതരായ
ക്രൈസ്തവ ന്യൂനപക്ഷം


4 സെപ്റ്റംമ്പര്‍ 2013, വത്തിക്കാന്‍
സിറിയയിലെ വംശീയ കലാപത്തില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന്, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു.
വര്‍ദ്ധിച്ചു വരുന്ന അക്രമപരമ്പരയില്‍ ഏറ്റുവുമധികം ഞെരുക്കപ്പെടുന്നത് ന്യൂനപക്ഷവും ദുര്‍ബലരുമായ ക്രൈസ്തവരാണെന്ന് സെപ്റ്റംമ്പര്‍ 3-ാം തിയതി ചൊവ്വാഴ്ച റോമിലിറക്കിയ പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ സാന്ദ്രി വിശദീകരിച്ചു.

സിറിയയിലെ അഭ്യന്തര കലാപാന്തരീക്ഷം വന്‍ശക്തികളുടെ ആയുധ കിടമത്സരത്തിന് വേദിയാകുകയാണെങ്കില്‍ വീണ്ടും പാവങ്ങളും നിര്‍ദ്ദോഷികളുമായിരിക്കും ബലിയാടുകളാകാന്‍ പോകുന്നതെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി ചൂണ്ടിക്കാട്ടി.

യുദ്ധത്തിന്‍റെ നാശകൂമ്പാരം ഉയര്‍ത്തുന്നതിനു പകരം മനുഷ്യകുലത്തിന്‍റെ ശക്തിയും സമ്പത്തും ക്രിയാത്മകവും സമാധാനപരവുമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ട് ലോകത്തെ ശാന്തിയുടെ പൂങ്കാവനമാക്കാനാണ് കഴിവുകളുള്ള മനുഷ്യര്‍ പരിശ്രമിക്കേണ്ടതെന്നും, അധികാരത്തിനും വംശീയ വടംവലിയെച്ചൊല്ലിയുമുള്ള യുദ്ധം കിരാതമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി പ്രസ്താവനയിലൂടെ പ്രതികരിച്ചു. കലാപത്തിന്‍റെ പേരില്‍ ബന്ധികളാക്കപ്പെട്ട ഓര്‍ത്തഡോക്സ് മെത്രാന്മാരെയും വൈദികരെയും, അക്രമത്തിനിരയായ നിരവധിയായ നിര്‍ദ്ദോഷികളെയും കര്‍ദ്ദിനാള്‍ സാന്ദ്രി പ്രസ്താവനയില്‍ അനുസ്മരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.