2013-09-04 18:49:58

നയതന്ത്ര പ്രതിനിധികളുമായി
വത്തിക്കാനില്‍ സമാധാനചര്‍ച്ച


4 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്ത സെപ്റ്റംമ്പര്‍ 7-ാം തിയതിയിലെ ഉപവാസ പ്രാര്‍ത്ഥനാദിനത്തെക്കുറിച്ചും, അന്നു വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പാപ്പായുടെ സാന്നിദ്ധ്യത്തിലുള്ള ‘സമാധാനത്തിനായുള്ള ജാഗരപ്രാര്‍ത്ഥന ശുശ്രൂഷ’യെക്കുറിച്ചും പങ്കുവയ്ക്കുന്നതിനാണ് വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാഷ്ട്രപ്രതിനിധികളെ വത്തിക്കാന്‍ വിളിച്ചുകൂട്ടുന്നത്. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്,
ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി റോമില്‍ സെപ്റ്റംമ്പര്‍ 4-ാം തിയതി ബുധനാഴ്ച രാവിലെ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സെപ്റ്റംമ്പര്‍ 5-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് വത്തിക്കാനിലെ സിനഡു ഹാളില്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദാനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയുടെ അദ്ധ്യക്ഷതയിലായിരിക്കും നയതന്ത്രപ്രതിനിധികള്‍ക്കായുള്ള സിറിയയുടെ സമാധാനം സംബന്ധിക്കുന്ന വിശദീകരണ യോഗം ചേരുന്നതെന്നും വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനത്തിന്‍റെ ലോകവ്യാപകമായ ആചരണം ഉറപ്പുവരുത്തുന്നതിന് ദേശീയ മെത്രാന്‍ സമിതികളുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. ഇതിനിടെ പാപ്പായുടെ ആഹ്വാനത്തോട് സഹകരിച്ചുകൊണ്ട് ഉപവാസദിനം ഉചിതമായിക്കൊണ്ടുന്നതിനും ജാഗരപ്രാര്‍ത്ഥന അന്നു സംഘടിപ്പിക്കുന്നതിനും ലോകത്തെ വന്‍ സന്ന്യസ സഭകള്‍ മുന്നോട്ടുവരുകയും വത്തിക്കാനുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.