2013-09-03 17:20:01

സൈനിക ശക്തിയിലല്ല, എളിമയുടെ കരുത്തിലാണ് ക്രിസ്തുവിന്‍റെ വിജയമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ


03 സെപ്തംബര്‍ 2013, വത്തിക്കാന്‍
സൈനിക ശക്തിയിലല്ല, എളിമയുടെ കരുത്തിലാണ് ക്രിസ്തുവിന്‍റെ വിജയമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്തംബര്‍ 3ന് രാവിലെ സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥഭാഗം (1 തെസ 5: 1-6, 9-11) ആസ്പദമാക്കി ക്രിസ്തുവിന്‍റെ പ്രകാശത്തെക്കുറിച്ചായിരുന്നു മാര്‍പാപ്പയുടെ വചനസമീക്ഷ. “നിങ്ങള്‍ എല്ലാവരും പ്രകാശത്തിന്‍റെ മക്കളാണ്. നമ്മില്‍ ആരും തന്നെ രാത്രിയുടേയോ അന്ധകാരത്തിന്‍റേയോ മക്കളല്ല” എന്ന് പ്രഥമ ക്രൈസ്തവ സമൂഹത്തോട് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, പ്രകാശത്തിന്‍റെ മക്കളാണ് ക്രിസ്ത്യാനികളെന്ന് പാപ്പ സമര്‍ത്ഥിച്ചു.
ക്രിസ്തു നല്‍കുന്ന പ്രകാശം, ലോകത്തിന്‍റെ പ്രകാശത്തില്‍ നിന്നും വിഭിന്നമാണെന്നും മാര്‍പാപ്പ വിശദീകരിച്ചു. ഒരു വെടിക്കെട്ടോ മിന്നല്‍പിണരോ പോലെ ശക്തവും ക്ഷണികവുമാണ് ലോകത്തിന്‍റെ പ്രകാശം. മനുഷ്യമനസില്‍ അഹങ്കാരവും ഗര്‍വ്വും സൃഷ്ടിക്കുന്ന കൃത്രിമ പ്രകാശമാണത്. എന്നാല്‍ ക്രിസ്തുവിന്‍റെ പ്രകാശമാകട്ടെ മനുഷ്യമനസില്‍ സമാധാനമേകുന്ന പ്രശാന്ത ദീപമാണ്. ക്രിസ്തുവിന്‍റെ പ്രകാശം ലോകത്തിന് എല്ലായ്പ്പോഴും ഇഷ്ടമാകണമെന്നില്ല. കാരണം നമ്മെ പാപത്തില്‍ നിന്ന് മോചിച്ച്, നമുക്ക് രക്ഷപ്രദാനം ചെയ്യുന്നതിനായാണ് ക്രിസ്തു ലോകത്തിലേക്ക് ആഗതനായത്.
പ്രകാശത്തിന്‍റെ മാലാഖയെപ്പോലെ പ്രച്ഛന്നവേഷം ധരിച്ച് പിശാച് നമുക്ക് മുന്‍പിലെത്താന്‍ സാധ്യതയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. യേശുവിനെപ്പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്നതായി ഭാവിച്ചുകൊണ്ട്, മരുഭൂമിയില്‍ യേശുവിനെ പരീക്ഷിച്ചതുപോലെ പിശാച് നമ്മുടെ കാതിലും പ്രലോഭനകരമായ വാഗ്ദാനങ്ങള്‍ മന്ത്രിക്കും. പ്രലോഭകന്‍റെ കപട പ്രകാശത്തില്‍ നിന്നും യേശു നല്‍കുന്ന യഥാര്‍ത്ഥ പ്രകാശം തിരിച്ചറിയാന്‍ നമുക്കു സാധിക്കണം. അതിനു വേണ്ട വിവേകത്തിന്‍റെ കൃപയ്ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം. പ്രകാശത്തില്‍ ജീവിക്കുന്നവരാണെന്ന മിഥ്യാബോധത്തോടെ, അന്ധകാരത്തില്‍ കഴിയുന്ന അനേകരുണ്ടെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നമ്മെ അഹങ്കാരികളും ഗര്‍വ്വിഷ്ടരുമാക്കിത്തീര്‍ക്കുന്ന ‘വെളിച്ചം’ ക്രിസ്തുവില്‍ നിന്നും വരുന്നതല്ല. യേശുവിന്‍റെ പ്രകാശം വ്യതിരിക്തമാകുന്നത് എളിമയിലും വിനയത്തിലുമാണ്. ക്രിസ്തുസാന്നിദ്ധ്യമുള്ളിടത്ത് എളിമയും, വിനയവും, സ്നേഹവും, കുരിശും ഉണ്ടായിരിക്കും.
നാമും ക്രിസ്തുവിനെ പോലെ വിനീതഹൃദയരാണെങ്കില്‍, ക്രിസ്തുവിന്‍റെ സ്വരം നമ്മുടെ ഹൃദയത്തില്‍ ശ്രവിക്കാനും നിര്‍ഭയം കുരിശിലേക്ക് കണ്ണുകളുയര്‍ത്താനും നമുക്കു സാധിക്കുമെന്നും മാര്‍പാപ്പ വിശദീകരിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.