2013-09-03 17:20:42

വാക്കുകൊണ്ട് വധിക്കരുത്: മാര്‍പാപ്പ


03 സെപ്തംബര്‍ 2013, വത്തിക്കാന്‍
ദൈവം ഉള്ളിടത്ത് വിദ്വേഷത്തിനും, അസൂയയ്ക്കും അപവാദത്തിനും സ്ഥാനമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. വേനല്‍ക്കാല അവധിക്കു ശേഷം സെപ്തംബര്‍ 2 മുതലാണ് സാന്താ മാര്‍ത്താ മന്ദിരത്തിലെ ചെറിയ കപ്പേളയില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ചെറിയസംഘങ്ങള്‍ക്ക് വീണ്ടും അവസരം ലഭിച്ചു തുടങ്ങിയത്.
തിങ്കളാഴ്ച ദിവ്യബലി മധ്യേ വായിച്ച സുവിശേഷഭാഗം (ലൂക്കാ 4:16-30)
ആധാരമാക്കി, നസ്രത്തിലെ ജനങ്ങളും യേശുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് മാര്‍പാപ്പ പ്രഭാഷണം ആരംഭിച്ചത്. നസ്രത്തുകാര്‍ക്ക് യേശുവിനോട് ആദരവുണ്ടായിരുന്നു. യേശു ഒരടയാളമോ അത്ഭുതമോ അവിടെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ കരുതി. യേശുവില്‍ വിശ്വസിക്കുന്നതിനായി അവര്‍ അത്ഭുതങ്ങള്‍ ആവശ്യപ്പെട്ടു. യേശുവാകട്ടെ അവരുടെ വിശ്വാസരാഹിത്യത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. യേശുവിന്‍റെ വാക്കുകള്‍ അവരെ കോപാകുലരാക്കി. അവര്‍ അവനെ പട്ടണത്തില്‍ നിന്ന് പുറത്താക്കുകയും, പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഖത്തില്‍ നിന്ന് താഴേയ്ക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തു.

യേശുവിനെ ആദരപൂര്‍വ്വം വീക്ഷിക്കുകയും പ്രശംസിക്കുകയും ചെയ്ത അതേ സമൂഹം ഒടുവില്‍ അവനെതിരേ തിരിഞ്ഞു. അസൂയയും കുശുമ്പും കാരണം അവര്‍ യേശുവിനെ വധിക്കാന്‍ ശ്രമിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈ സംഭവത്തിന്‍റെ തനിയാവര്‍ത്തനങ്ങള്‍ ഇന്നും നമ്മുടെ ഹൃദയത്തിലും നാം ജീവിക്കുന്ന സമൂഹത്തിലും ദൃശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നവാഗതനായ ഒരുവനെ നാം ആദ്യദിനം പുകഴ്ത്തിപ്പറയും, രണ്ടാം നാള്‍ അത്ര പ്രശംസയൊന്നുമുണ്ടാകില്ല. മൂന്നാം നാളാകുമ്പോഴേയ്ക്കും അയാളെക്കുറിച്ച് അപവാദ പ്രചരണവും അയാളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ആരംഭിക്കും.
“സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകി”യാണെന്ന് വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ (1യോഹ:3,15) എഴുതിയിരിക്കുന്നു. ദുഷ്പ്രചരണവും അപകീര്‍ത്തിപ്പെടുത്തലും മൂലം എത്ര കുടുംബങ്ങളും സമൂഹങ്ങളുമാണ് നരകതുല്യമായ യാതന അനുഭവിക്കുന്നത്? അത് വാക്കുകൊണ്ട് സഹോദരനെ വധിക്കുന്നതിനു തുല്യമല്ലേ?
അസൂയയും വൈരവും നമ്മുടെ ഹൃദയത്തില്‍ വിദ്വേഷത്തിന്‍റെ വിത്തുവിതയ്ക്കുകയും അപരനെക്കുറിച്ച് മോശമായി സംസാരിക്കാന്‍ നമ്മെ പ്രലോഭിപ്പിക്കുകയും ചെയ്യും. അതു കുടുംബങ്ങളുടേയും സമൂഹങ്ങളുടേയും നാശത്തിനു കാരണമായേക്കാമെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. സായുധസംഘര്‍ഷം അവസാനിപ്പിക്കണമെന്നും സമാധാന ശ്രമങ്ങള്‍ നടത്തണമെന്നുമൊക്കെ ഉദ്ഘോഷിക്കപ്പെടുന്ന ഇക്കാലത്ത് നമ്മുടെ ഉള്ളിലുള്ള നശീകരണശക്തിയെക്കുറിച്ചും നാം വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. അപകീര്‍ത്തിപ്പെടുത്തലും അപവാദപ്രചരണവും സ്വജീവിതത്തില്‍ നിന്ന് അകറ്റി നിറുത്തി, സമാധാനത്തിന്‍റെ ഉപകരണങ്ങളായി നാം മാറണം. ദൈവത്തോടൊത്ത് ജീവിക്കുന്ന ഓരോ സമൂഹവും സ്വര്‍ഗത്തിനു സമാനമായിത്തീരും. അങ്ങനെ, നമ്മുടെ കുടുംബത്തിലും, നാട്ടിലും, രാഷ്ട്രത്തിലുമെല്ലാം സമാധാനം വിളയാടുമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.