2013-09-02 17:09:47

വത്തിക്കാന്‍റെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയ്ക്ക് ഇറ്റാലിയന്‍ പ്രസിഡന്‍റിന്‍റെ അനുമോദനം


02 സെപ്തംബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍റെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ച ആര്‍ച്ചുബിഷപ്പ് പിയെത്രോ പരോളിനെ ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജോ നാപ്പോളിത്താനോ അനുമോദിച്ചു.
1986-മുതല്‍ വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ചുബിഷപ്പ് പരോളിന്‍ 2002 - 2009 കാലയളവില്‍ വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ വിദേശകാര്യാലയത്തിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വത്തിക്കാന്‍ രാഷ്ട്ര കാര്യാലയത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ 2006 മുതല്‍ ഇറ്റലിയുടെ പ്രസിഡന്‍റ് സ്ഥാനത്തുള്ള ജോര്‍ജ്ജോ നാപ്പോളിത്താനോ അനുമോദന സന്ദേശത്തില്‍ അനുസ്മരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോള്‍ അദ്ദേഹത്തെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഗൗരവമേറിയ പുതിയ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയില്‍ നിറവേറ്റാന്‍ അദ്ദേഹത്തിനു സാധിക്കട്ടേ എന്നും പ്രസിഡന്‍റ് നാപ്പോളിത്താനോ ആശംസിച്ചു.
വത്തിക്കാന്‍റെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയ്ക്ക് ആശംസകള്‍ നേര്‍ന്ന റോമാ നഗരസഭാദ്ധ്യക്ഷന്‍ ഇഗ്നാസ്യോ മരീനോ റോമാ നഗരസഭയുടെ സഹകരണവും പിന്തുണയും അദ്ദേഹത്തിന് ഉറപ്പു നല്‍കി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.