2013-09-02 20:17:08

ദൈവാനുഭവമായി പരിണമിക്കേണ്ട
ജീവിതാലസ്യങ്ങളും അസ്വസ്ഥതകളും


വിശുദ്ധ അഗസ്റ്റിന്‍റെ തിരുനാളില്‍ (ആഗസ്റ്റ് 28-ന്) പാപ്പാ ഫ്രാന്‍സിസ് റോമിലെ അഗസ്റ്റീനിയന്‍ സമൂഹം സന്ദര്‍ശിച്ചു. നമ്മുടെ ജീവിതത്തില്‍ ഉയരുന്നു അസ്വസ്ഥതകളെക്കുറിച്ച് വിശുദ്ധന്‍റെ ജീവിതത്തെ ആധാരമാക്കി പാപ്പാ ദിവ്യബലിമദ്ധ്യേ സമൂഹത്തെ ഉദ്ബോധിപ്പിച്ചു.

“ദൈവമേ, അങ്ങു ഞങ്ങളെ നിനക്കായ് സൃഷ്ടിച്ചു. അങ്ങയെ പ്രാപിക്കുംവരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അസ്വസ്ഥമാണ്.” ഈ വാക്കുകളോടെയാണ് അഗസ്റ്റിന്‍ ദൈവത്തിങ്കലേയ്ക്ക് തിരിഞ്ഞത്. ഈ സൂക്തം അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ രത്നച്ചുരുക്കവുമാണ്. വിശുദ്ധ അഗസ്റ്റിന്‍റെ ജീവിതത്തെ അടിസ്ഥാനമായി ഉലച്ചതും, മനുഷ്യജീവിതത്തെ ഇന്നും ആട്ടിയുലയ്ക്കുന്നതും ഈ അസ്വസ്ഥത തന്നെയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

മൂന്നു തരത്തിലുള്ള അസ്വസ്ഥതകളാണ് മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്നത്. പാപ്പാ തുടര്‍ന്നു.

1. ആത്മീയ അസ്വസ്ഥത
വളരെ ചെറുപ്പിത്തിലെ പിതാവ് നഷ്ടമായതിനാല്‍ അമ്മ മോനിക്കയുടെ പരിപാലനയിലാണ് അഗസ്റ്റിന്‍ വളര്‍ന്നുവന്നത്. പഠിച്ചു വളരാന്‍ മകനുവേണ്ടി നല്ല അവസരങ്ങള്‍ ആ അമ്മ കണ്ടെത്തി. മകനും താല്പര്യത്തോടെ അവ ഉപയോഗപ്പെടുത്തി. ഉയരാനും ജീവിതവിജയം നേടുവാനുമുള്ള ആഗ്രഹത്തോടെ അഗസ്റ്റിന്‍ അന്നു ലഭ്യമായ ഏറ്റവും നല്ല സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സാഹിത്യത്തിലും പ്രസംഗ കലയിലും പ്രാഗത്ഭ്യം നേടി. ഇറ്റലിയില്‍ മിലാനിലെ രാജസദസ്സിലേയ്ക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. എന്നാല്‍ വിജയത്തിന്‍റെയും അധികാരത്തിന്‍റെയും മാസ്മരികത അഗസ്റ്റിന്‍റെ ജീവിതത്തിന് സംതൃപ്തി നല്കിയില്ല. പിന്നെയും ജീവിതത്തിന്‍റെ ഉള്‍പ്പൊരുള്‍ തേടിയും സത്യമന്വേഷിച്ചും അഗസ്റ്റിന്‍ പരതിനടന്നു. ആ അന്വേഷം ജീവിതത്തിലെ ദൈവാന്വേഷണമായിരുന്നു. എന്നാല്‍ ഈ തിരച്ചിലിലാണ് അഗസ്റ്റിന്‍ വീണുപോയത്, അദ്ദേഹത്തിന് വഴിതെറ്റിയത്. പാപിയെങ്കിലും ദൈവത്തിനും സത്യത്തിനുമായുള്ള ഹൃദയാന്തരാളത്തിലെ അദ്ദേഹത്തിന്‍റെ അസ്വസ്ഥത എന്നും ആളിക്കത്തുന്നുണ്ടായിരുന്നു. തന്നെ എന്നും വേട്ടയാടിയിരുന്ന ആത്മീയ അസ്തസ്ഥതയായിരുന്നു അതെന്ന് അഗസ്റ്റിന്‍ തിരിച്ചറിഞ്ഞു.

ദൈവം പാപികള്‍ക്കായി കാത്തിരിക്കുന്നു. ദൈവത്തില്‍നിന്നും, അവിടുന്നിലുള്ള വിശ്വാസത്തില്‍നിന്നും അകന്നുപോയാലും, നിസംഗത പുലര്‍ത്തിയാലും, അവിടുത്തെ വിട്ടുപേക്ഷിച്ചു പോയാലും ഉള്ളിലേയ്ക്കു തിരിയുമ്പോള്‍ എന്നും ഒരാത്മീയ അസ്വസ്ഥത മനുഷ്യനെ വല്ലാതെ വീര്‍പ്പുമുട്ടിക്കും. ആത്മാവിന്‍റെ ഈ അസ്വസ്ഥത ഒരിക്കലും നാം അവഗണിക്കരുത്. ദൈവം നമുക്കായ് എന്നും കാത്തിരിക്കുന്നുണ്ട്. കാത്തിരിക്കുന്നതിന്‍റെ അടയാളമാണ് ആ അസ്വസ്ഥത.

2. ദൈവത്തെ തേടുന്ന ഹൃദയത്തിന്‍റെ അസ്വസ്ഥത
വിജയത്തിനും പേരിനും പെരുമയ്ക്കുംവേണ്ടി വിശുദ്ധ അഗസ്റ്റിന്‍റെ ഹൃദയത്തില്‍ ആദ്യം ഉയര്‍ന്ന അസ്വസ്ഥതതയാണ് ക്രിസ്തുവിലേയ്ക്ക് അദ്ദേഹത്തെ അടുപ്പിച്ചത്. ജീവിതാലസ്യങ്ങളെ ക്രിസ്തുവിനായുള്ള അസ്വസ്ഥതയും അന്വേഷണവുമാക്കി മാറ്റാന്‍ അഗസ്റ്റിനു സാധിച്ചു. ഹൃദയത്തില്‍ എരിഞ്ഞുയര്‍ന്ന അസ്വസ്ഥത അഗസ്റ്റിന്‍റെ ജീവിതത്തില്‍ ക്രിസ്തുവുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി. അയാള്‍ ക്രിസ്തുവിനെ കണ്ടെത്തി. അസ്വസ്ഥതകളില്‍ ദൈവവും തന്നെ തേടുകയായിരുന്നെന്ന് അഗസ്റ്റിന് ബോധ്യമായി. ആ ബോധ്യം ക്രിസ്തുസ്നേഹമായി. അങ്ങനെ മനുഷ്യനോട് ദൈവം വളരെ അടുത്താണെന്നും, അവിടുന്ന് ക്രിസ്തുവില്‍ നമ്മോടൊത്തു വസിക്കുകയാണെന്നും തിരിച്ചറിഞ്ഞു.

അഗസ്റ്റിന്‍ അവിടെയും നിന്നില്ല. അദ്ദേഹത്തിന്‍റെ ആത്മീയയാത്ര തുടര്‍ന്നു. ദൈവത്തെ തേടിയുള്ള യാത്രയായിരുന്നു അത്. അവിടുത്തെ കൂടുതല്‍ അറിയുവാനും, അനുഭവിക്കുവാനും സ്നേഹിക്കുവാനുമുള്ള അന്വേഷണപരതയായി അഗസ്റ്റിന്‍റെ ജീവിതത്തില്‍ അത് ഏറെനാള്‍ തങ്ങിനിന്നു. ഈ വ്യഗ്രതയില്‍ കണ്ടെത്തിയ ദൈവസ്നേഹത്തിന്‍റെ അമൂല്യമായ നിധി മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നുമുള്ള ബോധ്യവും ഹൃദയത്തില്‍ ഉണര്‍ന്നു.

ഇക്കാലയളവിലാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ റോമാ സാമ്രാജ്യത്തിന്‍റെ പ്രവിശ്യയായ ഹിപ്പോയുടെ മെത്രാനായി നിയമിതനായത്. കലുഷിതവും വിഭജിതവുമായ സാമൂഹ്യ അന്തരീക്ഷത്തിലാണ് അഗസ്റ്റിന്‍ ഹിപ്പോയിലെത്തുന്നത്. സുവിശേഷത്തില്‍ താന്‍ കണ്ടെത്തിയ ക്രിസതുവിന്‍റെ ഇടയരൂപം അവിടെ അഗസ്റ്റിന് പ്രചോദനമായി. ആടുകളെ മണത്തറിയുന്ന നല്ലിടയനാകാന്‍ അഗസ്റ്റിന്‍ തീവ്രമായി ആഗ്രഹിച്ചു. അവയെ പേരുചൊല്ലി വിളിക്കുകയും, നഷ്ടപ്പെട്ടതിനെ അന്വേഷിച്ചിറങ്ങുകയും, അവയ്ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്യുന്ന ക്രിസ്തുരൂപം ഹിപ്പോയിലെ അജപാലന മേഖലയില്‍ വളരെ ശക്തമായി അഗസ്‍റ്റിന്‍റെ ജീവിതത്തില്‍ പ്രകടമായി. സമയത്തും അസമയത്തും സുവിശേഷം പ്രഘോഷിക്കാനുള്ള ഹൃദയവിശാലതയും അജഗണങ്ങളെ തേടിയിറങ്ങുവാനുള്ള സന്നദ്ധതയും മെല്ലെ അഗസ്റ്റിന്‍റെ ഭാഗധേയമായി (2 തിമോത്തി 4, 2). ദൈവത്തോടു ചേര്‍ന്നു നില്ക്കുവാനും, എന്നും മനുഷ്യനിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനുമുള്ള മനോഭാവം അഗസ്റ്റിന്‍ ഇതിനിടയില്‍ സ്വായത്തമാക്കി. അത് അദ്ദേഹത്തിന്‍റെ ജീവിത നിധിയായും ആത്മീയ സ്വത്തായും മാറി.

അഗസ്റ്റിന്‍റെ ഹൃദയം പിന്നെയും അസ്വസ്ഥമായിരുന്നു. എന്നാല്‍ അസ്വസ്ഥതകളില്‍ അദ്ദേഹത്തിന് ദൈവം ഹൃദയശാന്തി നല്കി. ഹൃദയത്തിന്‍റെ ആത്മീയാസ്വസ്ഥത ശാന്തിയായി അനുദിന ജീവിതത്തില്‍ അഗസ്റ്റിന്‍ അനുഭവിക്കാന്‍ തുടങ്ങി. ജീവിതവിജയം നേടാനും, നല്ല സ്ഥാനം കരസ്ഥമാക്കാനും അതിന്‍റെ സംതൃപ്തിക്കും ഫലപ്രാപ്തിക്കുമായി മാത്രം മനുഷ്യര്‍ ഇന്ന് പരക്കം പായുകയാണ്. എന്നാല്‍ പൗരോഹിത്യത്തിലും സന്ന്യാസത്തിലും സമൂഹജീവിതത്തിലും ദൈവത്തിനും അവിടുത്തെ വചനത്തിനും വേണ്ടിയുള്ള തീക്ഷ്ണതയാണ് നമ്മെ അസ്വസ്ഥരാക്കേണ്ടത്. ഈ അസ്വസ്ഥത യഥാര്‍ത്ഥമാണെങ്കില്‍ അതു നമ്മെ മറ്റുള്ളവരിലേയ്ക്കു നയിക്കുകതന്നെ ചെയ്യും.

3. സനേഹജീവിതത്തിലെ അസ്വസ്ഥത
മകന്‍റെ മാനസാന്തരത്തിനായി വിശുദ്ധ അഗസ്റ്റിന്‍റെ അമ്മ, മോനിക്ക ചൊരിഞ്ഞ കണ്ണുനീരിന് കൈയ്യുംകണക്കുമില്ല. ഇന്നും മക്കളെ ഓര്‍ത്ത് വിലപിക്കുന്ന മാതാപിതാക്കള്‍ നിരവധിയാണ്.
മക്കള്‍ സമൂഹത്തിലേയ്ക്കും സഭയിലേയ്ക്കും ക്രിസ്തുവിലേയ്ക്കും തിരിച്ചുവരണമെന്ന് അവര്‍ ആഗ്രഹക്കുന്നുണ്ട്. “ഇത്രയേറെ ഒരമ്മ കണ്ണുനീര്‍ പൊഴിച്ച മകന്‍, നഷ്ടപ്പെട്ടുപോവുക അസാദ്ധ്യമാണ്” എന്ന് വിശുദ്ധന്‍ കുറിച്ചുവച്ചിരിക്കുന്നു (3 12, 21). “മരിച്ചുപോയ മകള്‍ക്കായി അമ്മമാര്‍ കണ്ണുനീര്‍ പൊഴിക്കുന്നതിലേറെയാണ് ജീവിക്കുന്ന മകനുവേണ്ടി ഒരമ്മ വലപിച്ചത്,” എന്നതും തന്‍റെ വിശുദ്ധയായ അമ്മയെക്കുറിച്ചുള്ള അഗസ്റ്റിന്‍റെ വാക്കുകളാണ് (3, 11, 19). സ്നേഹത്തിന്‍റെ തീവ്രതയും അസ്വസ്ഥതയും ആ അമ്മ മകനുവേണ്ടി ജീവിതാന്ത്യത്തോളം സമര്‍പ്പിച്ചു. ലാസറിന്‍റെ ശവകുടീരത്തിങ്കല്‍ കണ്ണുനീര്‍ പൊഴിച്ച ക്രിസ്തു പ്രകടമാക്കുന്നതും സ്നേഹത്തിന്‍റെ തീവ്രതയാണ്. ക്രിസ്തുവിനെ മൂന്നു തവണ പരിത്യജിച്ച പത്രോസു വിലപിച്ചത് സ്നേഹാധിക്യത്താലാണ്. ധൂര്‍ത്തപുത്രന്‍റെ തിരിച്ചുവരവു കണ്ട പിതാവ് ഓടിച്ചെന്ന് അവനെ ആശ്ലേഷിച്ചില്ലേ? കന്യകാമറിയം തന്‍റെ മകന് കുരിശ്ശോളം കൂട്ടായി നിന്നില്ലേ? ഇതെല്ലാം സ്നേഹത്തിന്‍റെ തീവ്രതകൊണ്ടുള്ള അസ്വസ്തയുടെ പ്രകടനങ്ങളാണ്.

സ്നേഹത്തിന്‍റെ അസ്വസ്ഥത നമുക്കുണ്ടോ? ദൈവസ്നേഹത്തിന്‍റെയും സഹോദര സ്നേഹത്തിന്‍റെയും തീവ്രത നമ്മിലുണ്ടോ? അല്ലെങ്കില്‍ നിസംഗതയാണോ ജീവിതത്തില്‍?! നാമമാത്രമായ സമൂഹജീവിതവും ഉപരിപ്ലവമായ സഹോദരബന്ധങ്ങളുമെല്ലാം ഇന്നത്തെ ലോകത്തിന്‍റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഞാന്‍ സോഹദരന്‍റെ ആവശ്യങ്ങളോടും സമൂഹത്തോടും നിസംഗനായി മാറുന്നു. സന്ന്യാസ ഭവനം അല്ലെങ്കില്‍ സമൂഹം എന്‍റെ സ്വസ്ഥതയുടെയും സ്വൗര്യതയുടെയും ‘സുഖമേഖല’ അല്ലെങ്കില്‍ വിശ്രമമേഖലയായി പരിണമിച്ചിരിക്കുന്നു. നിസംഗരുടെ സ്വൗര്യജീവിതം വ്യര്‍ത്ഥമാണ്. ജീവിതത്തില്‍ ആര്‍ക്കും ഉപകാരമില്ലാത്ത വ്യക്തികളാകരുത് നാം. സ്നേഹത്തിന്‍റെ തീവ്രതകളെ മറ്റുള്ളവരിലേയ്ക്കു തിരിച്ചുവിടാനും പങ്കുവയ്ക്കാനും നമുക്കു സാധിക്കണം. അത് അജപാലന ജീവിതത്തിന്‍റെ സാഫല്യവും നിറവുമായിരിക്കും. അത് വ്യക്തി ജീവിതത്തില്‍ ആത്മീയ നിര്‍വൃതിയും അജപാലന സംതൃപ്തിയുമായിരിക്കും.

ആത്മീയ അസ്വസ്ഥത ഹൃദയത്തില്‍ ഉയരുമ്പോള്‍ അവയെക്കുറിച്ച് നാം അന്വേഷിക്കണം, അവയെ തിരിച്ചറിയണം. അന്വേഷിക്കുന്നവര്‍ക്ക് ആലസ്യങ്ങളിലെ അസ്വസ്ഥത ക്രിസ്ത്വാനുഭവമായി വളര്‍ത്താം, അതു പകര്‍ന്നു തരുന്ന ദൈവാനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും പ്രഘോഷിക്കുവാനും നമുക്കു സാധിക്കട്ടെ! ഹൃദയാന്തരാളത്തില്‍ അനുദിനം ഉയരുന്ന അസ്വസ്ഥതകളാണ് ദൈവാനുഭവമായി നാം പരിവര്‍ത്തനം ചെയ്യേണ്ടത്. അത് ദൈവസ്നേഹത്തിന്‍റെ തീവ്രതയായി നമ്മെ സഹോദരങ്ങളിലേയ്ക്ക് നയിക്കട്ടെ, അടുപ്പിക്കട്ടെ !!
Translated : nellikal, Vatican Radio








All the contents on this site are copyrighted ©.