2013-09-01 20:02:29

പാപ്പാ ഫ്രാന്‍സിസും
ജപ്പാനില്‍നിന്നെത്തിയ കുഞ്ഞുകൂട്ടുകാരും


റോമും വത്തിക്കാനും കാണാനെത്തിയതായിരുന്നു ഒരു സംഘം വിദ്യാര്‍ത്ഥികള്‍. ജപ്പാനില്‍നിന്നും എത്തിയവരാണവര്‍. 200-പേരുണ്ടായിരുന്നു. ഒപ്പം അവരുടെ അദ്ധ്യാപകരും. ആഗസ്റ്റ് 21-ാം തിയതി ബുധനാഴ്ച രാവിലെ അവര്‍ വത്തിക്കാന്‍ മ്യൂസിയം കാണാന്‍ പരിപാടിയിട്ടിരുന്നു. അതിനുശേഷം ബുധനാഴ്ചയായതിനാല്‍ രാവിലെ പതിവുള്ള പൊതുകൂടിക്കാഴ്ച വേദിയില്‍വച്ച്, അകലെയാണെങ്കിലും പാപ്പായെ കാണാനാവും എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ…! അവധിക്കാലമായതിനാല്‍ പാപ്പാ പൊതുകൂടിക്കാഴ്ച പരിപാടികള്‍ റദ്ദാക്കിയിരുന്നു. കുട്ടികള്‍ നിരാശരായില്ല. പാപ്പായെ കാണാനുള്ള തങ്ങളുടെ ആഗ്രഹം വത്തിക്കാന്‍റെ ഓഫിസില്‍ അറിയിക്കാമെന്ന് വിദ്യാര്‍ത്ഥികളും ഒപ്പം അദ്ധ്യപകരും തീരുമാനിച്ചു. അവര്‍ അപ്പസ്തോലിക അരമനയുടെ പ്രീഫെക്ടിന്‍റെ ഐ.ഡി കണ്ടെത്തി. സന്ദേശമയച്ചു.

“സൂര്യനസ്തമിക്കാത്ത നാട്ടില്‍നിന്നും, ജപ്പാനില്‍നിന്നും വന്നതാണ് ഞങ്ങള്‍. 200 ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഞങ്ങളുടെ അദ്ധ്യാപകരും കൂടെയുണ്ട്. പാപ്പായെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്! സാധിക്കുമെന്നു വിചാരിക്കുന്നു. നന്ദി.”

അവധിക്കാലമാണെങ്കിലും പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍ത്തന്നെ അനുദിന ജോലികളില്‍ വ്യാപൃതനായിരിക്കുകയാണ്. ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനയൊഴിച്ച് മറ്റൊരു പൊതുപരിപാടിയിലും പാപ്പാ പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍
ചെയ്തുതീര്‍ക്കേണ്ട ധാരാളം ജോലികളുടെ പണിപ്പുരയിലാണ്.

അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ഗയിന്‍സ്വെയില്‍ കുട്ടികളുടെ ആഗ്രഹം പാപ്പായുടെ ഓഫിസില്‍ എത്തിച്ചു. ആശ്ചര്യമെന്നു പറയട്ടെ. അപ്പസ്തോലിക അരമനയുടെ മുന്നിലെ വിശുദ്ധ ഡമാഷീന്‍റെ വിശാലമായ ചത്വരത്തിലേയ്ക്ക് 11.30-ന് പാപ്പാ കുട്ടികളെ കാണാന്‍ എത്തുമെന്ന് ഓഫിസില്‍നിന്നും ആര്‍ച്ചുബിഷപ്പ് ഗയിന്‍സ്വെയിന് സന്ദേശം ലഭിച്ചു. കുട്ടികളുടെ ആഗ്രഹനിര്‍വൃതിക്ക് അപ്പുറമായിരുന്നു അത്. പാപ്പാ അവരെ നേരില്‍ കാണുക മാത്രമല്ല, അവരുമായി സംസാരിക്കാമെന്നും സമ്മതിച്ചത് ആര്‍ച്ചബിഷപ്പ് ഗയിന്‍സ്വെയിനെയും ഏറെ ആശ്ചര്യപ്പെടുത്തി. മ്യൂസിയത്തിലുണ്ടായിരുന്ന സംഘത്തെ അദ്ദേഹം ഉടനെ വിവരമറിയിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നു കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് ജപ്പാനില്‍ നിന്നെത്തിയ കുട്ടികളും അദ്ധ്യാപകരും
11 മണിയോടെ മ്യൂസിയം സന്ദര്‍ശനം പൂര്‍ത്തിയാക്കി, അപ്പസ്തോലിക അരമനയുടെ ഉമ്മറത്ത്, ഡമാഷീന്‍ ചത്വരത്തിലെത്തി.

ഔദ്യോഗിക കാര്യങ്ങള്‍ക്കായി അന്ന് രാവിലെ മുതല്‍ അപ്പസ്തോലിക അരമനയിലെ ഓഫിസില്‍ ഉണ്ടായിരുന്ന പാപ്പാ ഫ്രാന്‍സിസ് കൃത്യം 11-30ന് തന്‍റെ പേര്‍സണല്‍ സെക്രട്ടറി, ഫാദര്‍ ഫാബിയനുമായി ലിഫ്റ്റില്‍ ഇറങ്ങിവന്നു. പാപ്പാ അപ്പസ്തോലിക അരമനയുടെ പൂമുഖപ്പടിയിലെത്തിയതും കുട്ടികള്‍ ആനന്ദത്താല്‍ തുള്ളിച്ചാടി, ആര്‍ത്തുവിളിച്ചു. ജപ്പാന്‍കാരായ 12-ഉം 15-ഉം വയസ്സു പ്രായമുള്ള കുട്ടികളെ കൂട്ടമായി കണ്ട പാപ്പായും സന്തോഷഭരിതനായി. അവര്‍ക്ക് ഓരോരുത്തര്‍ക്കും കൈകൊടുത്തും കൈതട്ടിയും, തലയില്‍ തൊട്ടും, ഉമ്മവച്ചും വത്സല്യത്തോടെ പാപ്പാ അവരെ സ്വീകരിച്ചു. അനൗപചാരികമായിരുന്നു കൂടിക്കാഴ്ചയെങ്കിലും പാപ്പാ അവരോട് സംവദിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ജപ്പാന്‍കാരായ കുട്ടികളോട് പാപ്പാ സംസാരിച്ചത്.

“സന്ദര്‍ശനത്തിലൂടെയും സംവാദത്തിലൂടെയും സമാധാനം പങ്കുവയ്ക്കാനാകും. വിവിധ രാജ്യങ്ങളുടെ സന്ദര്‍ശനത്തിലൂടെയും അതുവഴി ലഭിക്കുന്ന വിജ്ഞാനത്തിലൂടെയും മറ്റുള്ളവരെ അറിയുകയും സ്നേഹക്കുകയും വേണം. അങ്ങനെ ലോകത്ത് സമാധാനം വളര്‍ത്താന്‍ നാം പരിശ്രമിക്കേണ്ടത്. മറ്റു സ്ഥലങ്ങളുടെ സന്ദര്‍ശനത്തിലൂടെയും സംവാദത്തിലൂടെമാണ് സംസ്ക്കാരങ്ങളെയും മതങ്ങളെയും അറിയാന്‍ ഇടയാകുന്നത്. അങ്ങനെ കുട്ടികളായ നിങ്ങള്‍ വളര്‍ച്ചയില്‍ പക്വത പ്രാപിക്കുകയും ചെയ്യും,” എന്ന് ജപ്പാനില്‍നിന്നെത്തിയ കുട്ടികളുടെ സംഘത്തോട് പാപ്പാ ആഹ്വാനംചെയ്തു. എന്നിട്ട് പിന്നെയും തുടര്‍ന്നു. “പരസ്പരം അറിയാതിരിക്കുകയും പങ്കുവയ്ക്കാതിരിക്കുകയും ചെയ്യുന്നതാണ് സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനത്തിനും, എന്തിന് യുദ്ധത്തിനു പോലും വഴിതെളിക്കുന്നത്. മറ്റുള്ളവരോട് സംവദിക്കാനും അവരെ കേള്‍ക്കാനുമുള്ള മനസ്സിന്‍റെ തുറവാണ് നമുക്കിന്ന് ആവശ്യം. ഈ തുറവും ലഭ്യതയുമാണ് സമൂഹത്തില്‍ കലഹം ഒഴിവാക്കുവാനും സമാധാനം വളര്‍ത്തുവാനുമുള്ള മാര്‍ഗ്ഗം.”

ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച് ഇപ്പോള്‍ ജപ്പാനില്‍ ജീവിക്കുന്ന 12 വയസ്സുകാരി പെണ്‍കുട്ടി പാപ്പായ്ക്ക് കുട്ടികളുടെ പേരില്‍ ഇറ്റാലിയന്‍ ഭാഷയില്‍ നന്ദിയര്‍പ്പിച്ചു.
“അങ്ങയെ കാണുവാനും അങ്ങയുടെ വാക്കുകള്‍ ശ്രവിക്കാനും സാധിച്ചത് ജീവിതത്തില്‍ വലിയ ഭാഗ്യമായി കാണുന്നു. അങ്ങ് ഞങ്ങളോടു കാണിച്ച പ്രത്യേക വാത്സല്യത്തിനും ഔദാര്യത്തിനും നന്ദിപറയുന്നു. അങ്ങയുടെ ഹൃദ്യമായ ഈ സാരോപദേശങ്ങള്‍ ജീവിതത്തില്‍ ഞങ്ങള്‍ എന്നും ഓര്‍ക്കും. അങ്ങനെ ഞങ്ങള്‍ ലോകത്തില്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെ ദൂതരായി ജീവിക്കാന്‍ പരിശ്രമിക്കും.”
കുട്ടിയുടെ കൊഞ്ചിക്കൊണ്ടുളള, എന്നാല്‍ മധുരമായ സ്വരത്തിലെ നന്ദിപ്രകടനം കേട്ട് പാപ്പാ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. “ഈ കുട്ടി നന്നായി ഇറ്റാലിയന്‍ സംസാരിച്ചല്ലോ. നാപ്പൊളിയില്‍ ജനിച്ചതാണല്ലേ... അഭിനന്ദനങ്ങള്‍...”

കുട്ടികള്‍ സന്തോഷഭരിതരായി. തങ്ങളോട് ഇത്രയേറെ വത്സല്യം കാണിച്ച പാപ്പായ്ക്ക് നന്ദിയായി അവര്‍ സ്ക്കൂള്‍ഗീതം ആലപിച്ചു. കുട്ടികളുടെ ഇമ്പമാര്‍ന്ന ഗാനാലാപനത്തെ പാപ്പാ അഭിനന്ദിച്ചു.
സംഗീതാത്മകമായി അവര്‍ക്കൊപ്പം സംവദിക്കാന്‍ തനിക്ക് കഴിവില്ലെന്ന് എളിമയോടെ സമ്മതിച്ചുകൊണ്ടാണ് പാപ്പാ കുട്ടികളോട് യാത്രപറഞ്ഞത്. പിരിഞ്ഞു പോകും മുന്‍പ് പാപ്പാ കുട്ടികളെ ആശീര്‍വ്വദിച്ചു.

ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയിലെ ‘ഗോക്കന്‍ ബര്‍ണി സെയ്ബു’ സ്ക്കൂളില്‍നിന്നുമെത്തിയ വിദ്യാര്‍ത്ഥികളും അവരുടെ അദ്ധ്യാപകരുമായിട്ടാണ് പാപ്പാ സംവദിച്ചത്. അവരില്‍ അധികംപേരും ബുദ്ധമതക്കാരും ഏതാനും പേര്‍ ക്രൈസ്തവരുമാണെന്ന് അദ്ധ്യാപകര്‍ വെളിപ്പെടുത്തി. എങ്കിലും കുട്ടികളുടെ ആഗ്രഹമായിരുന്നു റോമിലെത്തുമ്പോള്‍ വത്തിക്കാനിലെ പരിപാടിയില്‍ പങ്കെടുത്ത് ലോകം ഇത്രയേറെ ആദരിക്കുന്ന മഹാനായ പാപ്പാ ഫ്രാന്‍സിസിനെ നേരില്‍ കാണുകയെന്നത്.
പാപ്പായെ കണ്ട കുട്ടികള്‍ക്ക് ദൈവദൂതനെ കണ്ട സംതൃപ്തിയും സന്തോഷവുമായിരുന്നു. തങ്ങളുടെ സന്ദര്‍ശനത്തിന്‍റെ ഏറ്റവും ഹൃദ്യമായ മുഹൂര്‍ത്തമായി പാപ്പായുമായുള്ള ഹ്രസ്വകൂടിക്കാഴ്ചയെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് ആഗസ്റ്റ് 24-ാം തിയതി ശനിയാഴ്ച വൈകുന്നേരം അവര്‍ ജപ്പാനിലേയ്ക്കു മടങ്ങി.

ദൗത്യനിര്‍വ്വഹണത്തിനും അപ്പുറമായിരുന്നു പാപ്പായുടെ കുട്ടികളോടുള്ള പ്രതികരണം. മനുഷ്യരോട്, വിശിഷ്യ എളിയവരോടും പാവങ്ങളോടും കുഞ്ഞുങ്ങളോടുമുള്ള വലിയ ലഭ്യതയും തുറവുമാണ് പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കിയത്. മറിച്ച്, പാപ്പായെ കാണാതെ കുട്ടികള്‍ തിരിച്ചുപോകേണ്ടി വന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ പാപ്പായുടെ സമീപ്യവും ലഭ്യതയും മൂലം സംഭവിച്ച നന്മയുടെ പ്രകാശവും പ്രസരിപ്പും വിവരിക്കാനാവാത്തതും ജീവല്‍സ്പര്‍ശിയുമാണ്. ലോകത്തെ ഏറ്റവും വലിയ മ്യൂസിയവും, ദേവാലയവും, ചരിത്രപുരാതനമായ വസ്തുക്കളും സ്മാരകങ്ങളും മൈക്കിളാഞ്ചലോയുടെ പിയത്തായും, ബര്‍ണ്ണീനിയുടെ നലയ്ക്കാത്ത ജലധാരകളുമെല്ലാം വത്തിക്കാനിലെത്തിയ കുട്ടികളെ ആശ്ചര്യപ്പെടുത്തിയേക്കാമെങ്കിലും അവരുടെ ഇളം മനസ്സുകളെ ഉണര്‍ത്തുയും പ്രചോദിപ്പിക്കുകയും ചെയ്ത വലിയ സംഭവമാണ് പാപ്പാ ഫ്രാന്‍സിസുമായുള്ള ഹ്രസ്വമായ, എന്നാല്‍ മധുരമായ കൂടിക്കാഴ്ച. അദ്ദേഹത്തിന്‍റെ ലാളിത്യമാര്‍ന്ന ലഭ്യത കുഞ്ഞുങ്ങളുടെ മദ്ധ്യേയുള്ള ക്രിസ്തുദേവന്‍റെ സ്നേഹസാന്നിദ്ധ്യ സ്മരണയായി എന്നു നിറഞ്ഞുനില്ക്കും.

ദൗത്യനിര്‍വ്വഹണത്തില്‍ ഒരാള്‍ വരുത്തുന്ന പരാജയം സ്വജീവിതത്തെ മാത്രമല്ല ബന്ധപ്പെട്ട മറ്റുള്ളവരുടെയും ജീവിതങ്ങളെ അവതാളത്തിലാക്കാം. മാതാപിതാക്കന്മാര്‍, ഗുരുജനങ്ങള്‍, ആത്മിയഗുരുക്കന്മാര്‍, ജനനേതാക്കള്‍, തൊഴില്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി, ആരും വരുത്തിക്കൂട്ടുന്ന അശ്രദ്ധയും അബന്ധങ്ങളും മറ്റുള്ളവരുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.

വിശ്വസാഹിത്യ രംഗത്ത് പ്രശസ്തിയാര്‍ജ്ജിച്ച വ്യക്തിത്വമാണല്ലോ ഒ. ഹെന്‍റി. എപ്പോഴും സാധാരണക്കാരുടെ ജീവിതത്തെ വിലയിരുത്തിയും അടിസ്ഥാനപ്പെടുത്തിയുമാണ് കഥകളും ആഖ്യാനങ്ങളും അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. അല‍്പകാലം കാരാഗൃഹത്തില്‍ കഴിയേണ്ടിവന്നിട്ടും കഥയെഴുത്തിനു മുടക്കം വരുത്തിയില്ല. ഏറെ പ്രചുരപ്രചാരവും ജനസമ്മതിയും ലഭിച്ച കൃതികളാണ് അദ്ദേഹത്തിന്‍റേത്. ഇന്നും ഒ. ഹെന്‍റി ജനഹൃദയങ്ങളില്‍ ജീവല്‍ബന്ധിയായ ഭാവനകളുയര്‍ത്തി തെളിഞ്ഞുനില്ക്കുന്ന മഹാനായ സാഹിതീസേവകനാണ്. അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായൊരു കഥ പങ്കുവയ്ക്കട്ടെ.

അമ്മ മരിച്ചശേഷം പിതാവിന്‍റെ മാത്രം സംരക്ഷണയില്‍ ആയിത്തീര്‍ന്ന ഒരു കൊച്ചുമകളുണ്ടായിരുന്നു. അവള്‍ക്കു സഹോദരനോ സഹോദരിയുമായി ആരുമില്ലായിരുന്നു. പകല്‍മുഴവന്‍ ഏകാകിനിയാണ്. വൈകീട്ട് അച്ഛന്‍ ജോലിസ്ഥലത്തുനിന്നു തിരിച്ചുവരുന്നത് ആകാംക്ഷയോടെ അവള്‍ കാത്തിരിക്കുമായിരുന്നു. വേഴാമ്പല്‍ മഴയ്ക്കായി കാത്തിരിക്കുംപോലെ! അവള്‍ ദാഹിച്ചത് ഇത്തിരി സ്നേഹത്തിനും വത്സല്യത്തിനും വേണ്ടിയാണ്. എന്നാല്‍ അതു പകര്‍ന്നുകൊടുക്കാന്‍ ആരുമില്ലാത്ത ഒരവസ്ഥ ഓര്‍ക്കേണ്ടതാണ്. അവളുടെ അച്ഛന്‍റെ മടില്‍ കയിറയിരിക്കാനും അല‍്പമൊന്നു കൊഞ്ചിക്കുഴയാനും അവള്‍ ഏറെ ആഗ്രഹിച്ചിരുന്നു. അവള്‍ക്ക് വീട്ടില്‍ എല്ലാം സൗകര്യങ്ങളും ഉണ്ടായിരുന്നു. സത്യത്തില്‍ ആ വീട്ടില്‍ ഒന്നിനും കുറവില്ല, സ്നേഹത്തിനു മാത്രം. അങ്ങനെ വൈകാരികമായി ആ കുഞ്ഞ് വരള്‍ച്ചയിലും ദാരിദ്ര്യത്തിലുമായിരുന്നു.

അവളുടെ പിതാവ് എന്നും ചെയ്തത് ഇങ്ങനെയാണ്. ഓഫിസില്‍നിന്നു വീട്ടിലെത്തിയാല്‍ അയാള്‍തന്നെ രാത്രിയിലെ ഭക്ഷണം പാകംചെയ്യും. കുട്ടിയുമൊരുമിച്ചു ഭക്ഷിക്കും. പിന്നീട് തന്‍റെ പ്രിയപ്പെട്ട ചാരുകസേരയില്‍ സ്ഥാനമുറപ്പിച്ച് വായനയില്‍ മുഴുകും. ഉറക്കംവരുന്നതുവരെ അതു തുടരും.
പിന്നെ കിടന്നുറങ്ങും. മകള്‍ ഓടിവന്ന് മടിയില്‍ക്കയറാന്‍ ഒരുമ്പ‍ിടുമ്പോള്‍ നിത്യേന ഒരു പല്ലവിയായി അയാള്‍ പറയാറുമായിരുന്നു. “മോളേ, മോള്‍ക്ക് അറിയത്തില്ലേ, അച്ഛന്‍ വളരെ ക്ഷീണിച്ചാണു വന്നിരിക്കുന്നതെന്ന്? പകല്‍മുഴുവന്‍ ഞാന്‍ ഭാരിച്ച ജോലിയിലായിരുന്നു. അതുകൊണ്ട് മോള്‍ പുറത്തുപോയി കളിക്കൂ!”

ആ കുട്ടി പിതാവിന്‍റെ നിര്‍ദ്ദേശപ്രകാരം പുറത്തുപോയി എന്നും മറ്റു കൂട്ടുകാരുമായി കളിക്കുമായിരുന്നു. അങ്ങനെ അവള്‍ ജീവിതം സന്തോഷകരമാക്കാന്‍‍ ശ്രമിച്ചു. സ്വാഭാവിക പരിണാമത്തില്‍ അവള്‍ വളര്‍ന്നു. കൗമാരം പിന്നിട്ട് യൗവനത്തിലേയ്ക്കു പദമൂന്നി. അക്കലാമൊക്കെയും പുറത്ത് മറ്റാരില്‍ നിന്നെല്ലാം സ്നേഹവും വത്സല്യവും ലഭിച്ചോ, അതൊക്കെ അവള്‍ ആസ്വദിച്ചു, സ്വീകരിച്ചു. അങ്ങനെ അവള്‍ മെല്ലെ തെരുവിന്‍റെ മകളായി മാറി. അവസാനം വേശ്യവൃത്തിയില്‍ ജീവിച്ചവരുടെ താവളത്തില്‍ അവള്‍ എത്തിച്ചേര്‍ന്നു. ഉപജീവനത്തിനുള്ള പണവും അതുവഴി കൈവന്നു. പന്നെ മദ്യവും മയക്കുമരുന്നും അവളുടെ ജീവിതത്തില്‍ അനുപേക്ഷണീയ ഘടകങ്ങളായി. ഒടുവില്‍ മയക്കുമരുന്നിന്‍റെ അമിതമായ ഉപയോഗത്താല്‍ അവള്‍ മരണമടഞ്ഞു.

കഥയുടെ രംഗങ്ങള്‍ കഥാകൃത്ത് പിന്നെ ഭൂമിയില്‍നിന്നും പരലോകത്തേയ്ക്കു മാറ്റുകയാണ്. മരണമടഞ്ഞ പെണ്‍കുട്ടി നിത്യന്യായവിധി സ്ഥലത്തിന്‍റെ കവാടങ്ങള്‍ കടന്നുചെല്ലുന്നത് അങ്ങ് മുകളില്‍ ദൂതന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ദൂതന്‍ ദൈവത്തോടു പറഞ്ഞു. “ദൈവമേ, ഓ, അങ്ങ് കണ്ടില്ലേ, ആ വരുന്ന യുവതി. മിടുക്കിയാണല്ലേ!? എന്നാല്‍ വളരെ മോശപ്പെട്ടവളാണ്. അവള്‍ വേശ്യായാണെന്നും
കഞ്ചാവും കള്ളുമടിച്ചാണ് മരണമടഞ്ഞതെന്നും എല്ലാവര്‍ക്കും അറിയാം. അങ്ങേയ്ക്കും അറിയാമെന്നു കരുതുന്നു... അവള്‍ക്ക് അര്‍ഹമായ സ്ഥലം ഒന്നേയുള്ളൂ. അതു സ്വര്‍ഗ്ഗലോകമല്ല, നരകമാണ്.”
ദൂതനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അപ്പോള്‍ ദൈവം പറഞ്ഞു. “ദൂതരേ, ഞാന്‍ പറയുന്നു. ആ മകള്‍ സ്വര്‍ഗ്ഗലോകത്തേയ്ക്കു തന്നെ പോകട്ടെ. അവളുടെ അച്ഛന്‍റെ ന്യായവിധി സമയം വരുമ്പോള്‍, ജീവിതത്തകര്‍ച്ചയ്ക്ക് ഉത്തരവാദിയായ ആ മനുഷ്യനെയാണ് വിധിച്ച്, ശിക്ഷിക്കേണ്ടത്.”

മുതിര്‍ന്നവരുടെയും മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളും കരുതലോടുംകൂടിയ പരിചരണവും കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതു നിഷേധിക്കുന്നത് അവരോടു ചെയ്യുന്ന ക്രുരതയാണ്. ജോലിത്തിരക്കിന്‍റെ പേരിലും ടിവി പരിപാടികളുടെ മാസ്മരികതയിലും, പുറംലോകത്തുള്ള കൂട്ടുകെട്ടുകളിലും പെട്ട് കുഞ്ഞുങ്ങളുമായി സമയം ചെലവിടാതെയും, അവര്‍ക്കു സ്നേഹവാത്സല്യങ്ങള്‍ പകര്‍ന്നുകൊടുക്കാതെയും പോകുന്നത് അവര്‍ വഴിതെറ്റിപ്പോകുന്നതിന് കാരണമാകുന്നുണ്ട്. എന്തിന്, കുട്ടികള്‍ മാത്രമല്ല, ഏതു മനുഷ്യരാണ് ജീവിത സാഹചര്യങ്ങളില്‍ അന്വേഷണവും പരിചരണവും ആഗ്രിക്കാത്തത്. അതു നല്കേണ്ടവര്‍ തക്കസമയത്ത് നല്കാത്തതുകൊണ്ടും പ്രതികരിക്കാത്തതുകൊണ്ടും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതാണ്.

1. കഞ്ഞുങ്ങളുടെ ഭാവി ഭാഗധേയം മാതാപിതാക്കളുടെ കൈകളിലാണ്. അവരുടെ വളര്‍ച്ചയുടെ ഉത്തരവാദിത്തം അവര്‍ വഹിച്ചേ മതിയാവൂ. നാം മറ്റുള്ളരെ വഴിതെറ്റിക്കുന്നത് അവര്‍ക്കെതിരായി എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതു കൊണ്ടു മാത്രമല്ല. ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ ചെയ്യാതിരിക്കുമ്പോഴുമാണ്.

2. ചെയ്യരുതാത്തത് ചെയ്യുന്നതും, ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും – കുറ്റകരാമായ കാര്യങ്ങള്‍തന്നെയാണ്. ഇംഗ്ലിഷില്‍ അതിന് sins of commission, and sins of omission എന്നാണ് പറയുന്നത്. ചെയ്യേണ്ട നന്മ ചെയ്യാതിരിക്കുക, ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുക. നാം വരുത്തിക്കൂട്ടുന്ന ചെയ്തികള്‍ക്കു മാത്രമല്ല ചെയ്യാതിരിക്കുന്ന കടമകള്‍ക്കും നാം ഉത്തരവാദികളായിരിക്കും, മാത്രമല്ല ഒരുനാള്‍ വിധിക്കപ്പെടുകയും ചെയ്യും.

3. നമ്മുടെ വാക്കുകളാണോ പ്രവൃത്തികളാണോ മറ്റുള്ളവരുടെ വഴിതെറ്റിക്കാന്‍ ഇടയാകുന്നത് എന്ന് ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു. കുടുംബത്തില്‍ മാത്രമല്ല സമൂഹത്തിലേയ്ക്കും നമ്മുടെ സ്വാധീനം കടന്നു ചെല്ലുന്നുണ്ടെന്നും ഓര്‍ക്കേണ്ടതാണ്.

4. ചെയ്യേണ്ട കാര്യങ്ങള്‍ യഥാസമയം നിറവേറ്റുന്നില്ലെങ്കില്‍ പിന്നീട് അതിന്‍റെ പ്രത്യാഘാതങ്ങള്‍ കണ്ടു ദുഃഖിച്ചതുകൊണ്ടോ, ആവലാതിപ്പെട്ടതുകൊണ്ടോ എന്തു പ്രയോജനം?!

5. കര്‍ത്തവ്യങ്ങള്‍ സ്നേഹത്തോടെ ചെയ്യുക. അപ്പോള്‍ അതറിയുന്ന ഈശ്വരന്‍..., ദൈവം നമുക്ക് പ്രതിഫലം നല്കും. “സ്നേഹത്താല്‍ ഇന്നു നാം ചെയ്യുന്നതൊക്കെയും നിത്യസമ്മാനം പകര്‍ന്നു നല്കും. മര്‍ത്ത്യര്‍ക്കു ചെയ്യുന്ന സേവനമോരൊന്നും കൃത്യമായ് ദൈവം കുറിച്ചുവയ്ക്കും” (1കൊറി. 13,..).

Text of the program prepared and aired on Vatican Radio
on 1st September 2013 by fr. William Nellikal








All the contents on this site are copyrighted ©.