2013-08-31 17:56:07

ആര്‍ച്ചുബിഷപ്പ് പീയെത്രോ പരോളിന്‍
വത്തിക്കാന്‍റെ പുതിയ സ്റ്റേറ്റ് സെക്രട്ടറി


31 ആഗസ്റ്റ് 2013, വത്തിക്കാന്‍
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ചുബിഷപ്പ് പീയെത്രോ പരോളിനെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍റെ പുതിയ സ്ഥാനപതിയായി നിയോഗിച്ചു. ആഗസ്റ്റ് 31-ാം തിയതി ശനിയാഴ്ച വത്തിക്കാനില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് ആര്‍ച്ചുബിഷപ്പ് പരോളിനെ തന്‍റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായി നിയമിച്ചത്. കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, നിലവിലുള്ള വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
സഭാ നിയമപ്രകാരമുള്ള (canon law) പ്രായപരിധി കഴിഞ്ഞ് (78 വയസ്സ്) രാജിസന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനമുണ്ടായത്.

ഒക്ടോബര്‍ 15-ാം തിയതി പുതിയ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പരോളിന്‍ സ്ഥാനമെടുക്കുംവരെ കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ തല്‍സ്ഥാനത്ത് തുടരും. പുതിയ സ്റ്റേറ്റ് സെക്രട്ടറിയുടെ വത്തിക്കാനില്‍ നടത്തപ്പെടുന്ന സ്ഥാനാരോഹണ ചടങ്ങില്‍ വിരമിക്കുന്ന കര്‍ദ്ദിനാള്‍ ബര്‍ത്തോണെയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നന്ദിയര്‍പ്പിക്കും. 2006 മുതല്‍് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കര്‍ദ്ദാനാള്‍ ബര്‍ത്തോണെ സലീഷ്യന്‍ സഭാംഗമാണ്. 1991 മുതല്‍ 1995 വരെ കാലയളവില്‍ കര്‍ദ്ദിനാള്‍ റാത്സിങ്കറിന്‍റെ കീഴില്‍ വത്തിക്കാന്‍റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002 മുതല്‍ 2006 ജനോവയുടെ മെത്രാപ്പോലീത്തയായും പ്രവര്‍ത്തിച്ചു.


ദൈവമഹത്വത്തിനും ആഗോളസഭയുടെ നന്മയുക്കും മാനവകുലത്തിന്‍റെ പുരോഗതിക്കുമായി പാപ്പാ ഫ്രാന്‍സിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് 56 വയസ്സുകാരനും വടക്കെ ഇറ്റലിയിലെ വിച്ചെന്‍സാ സ്വദേശിയുമായ ആര്‍ച്ചുബിഷപ്പ് പരോളിന്‍ നിയമനം സ്വീകരിച്ചുകൊണ്ട് പ്രസ്താവിച്ചു.

വടക്കെ ഇറ്റലിയിലെ വിച്ചെന്‍സാ (Vicenza) പ്രവിശ്യയിലെ സ്ക്യാവോണില്‍ 1955-ല്‍ ജനിച്ചു.
1980-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1986-മുതല്‍ വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. 2002 - 2009 കാലയളവില്‍ വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ വിദേശകാര്യാലയത്തിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-ലാണ് ബനഡിക്ട് 16-ാമന്‍ പാപ്പാ അദ്ദേഹത്തെ വെനിസ്വേലയുടെ വത്തിക്കാന്‍ സ്ഥാനപതിയായി നിയോഗിച്ചത്.
രാഷ്ട്രത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനമാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിക്കുള്ളത്. വത്തിക്കാന്‍റെ എല്ലാ ഭരണ വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നയിക്കുന്ന പാപ്പായുടെ ഏറ്റവും അടുത്ത സഹകാരിയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി. ലോകത്തെ ഇതര രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ക്രമീകരിക്കേണ്ടതും കൂട്ടിയിണക്കേണ്ടതും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.