2013-08-29 17:50:08

പാപ്പായുടെ നിറസാന്നിദ്ധ്യത്തില്‍
ആരംഭിച്ച അഗസ്റ്റീനിയന്‍ സമ്മേളനം


29 ആഗസ്റ്റ് 2013, റോം
അഗസ്റ്റീനിയന്‍ സഭയുടെ 184-ാമത് സാധാരണ പൊതുസമ്മേളനം പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചു. ആഗസ്റ്റ് 28-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് റോമിലുള്ള വിശുദ്ധ അഗസ്റ്റിന്‍റെ റോമിലുള്ള പുരാതനമായ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയോടെയാണ് ആറു വര്‍ഷത്തില്‍ ഒരിക്കല്‍ സമ്മേളിക്കുന്ന സഭയുടെ സാധാരണ പൊതുസമ്മേളനം ആരംഭിച്ചതെന്ന് പ്രിയോര്‍ ജനറല്‍ ഫാദര്‍ റോബര്‍ട്ട് പ്രിവോസ്റ്റ് വെളിപ്പെടുത്തി.

ആഗോളസഭയുടെ വൈവിദ്ധ്യമാര്‍ന്ന പ്രേഷിത രംഗങ്ങളിലും അജപാലന മേഖലകളിലും വ്യാപൃതരായിരിക്കുന്ന സഭയുടെ ആഗോള പൊതുസമ്മേളനത്തിന്‍റെ ആരംഭത്തിലും വിശുദ്ധ അഗസ്റ്റിന്‍റെ തിരുനാള്‍ ദിനത്തിലും പാപ്പാ ഫ്രാന്‍സിസ് തങ്ങള്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കുകയും സന്ദേശംനല്കുകയും ചെയ്തത്, പത്രോസിന്‍റെ പിന്‍ഗാമിയോടൊത്ത് എന്നും ചരിക്കുവാന്‍ തങ്ങളുടെ പിതാവും ആത്മീയ സ്ഥാപകനുമായ വിശുദ്ധ അഗസ്റ്റിന്‍ നല്കിയിട്ടുള്ള പൈതൃകത്തിന്‍റെ കാലപ്രയാണത്തിലെ അടയാളമാണെന്ന് ഫാദര്‍ പ്രിവോസ്റ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പാപ്പായുടെ സാന്നിദ്ധ്യം സമ്മേളനത്തിന് ഉണര്‍വും ഉന്മേഷവുമേകിയെന്നും, ഇനിയും ബോധ്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനും വിശുദ്ധ അഗസ്റ്റിന്‍റെ ആത്മീയതയില്‍ സഭാമാതാവിനോടു ചേരുന്ന് എന്നും വിശ്വസ്തതയോടെ സഞ്ചരിക്കുന്നതിനും അത് സഹായകമാകുമെന്നും ഫാദര്‍ പ്രിവോസ്റ്റ് നന്ദപ്രകടനത്തില്‍ പ്രസ്താവിച്ചു. വിവിധ രാജ്യങ്ങില്‍നിന്നെത്തിയ സഭയുടെ 90 പ്രതിനിധികള്‍
സമ്മേളനത്തില്‍ പങ്കെടുക്കും. സഭാ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി പരിശോധിക്കുക, പുതിയ കര്‍മ്മപദ്ധതികള്‍ ഒരുക്കുക, പുതിയ ജനറലിനെ തിരഞ്ഞെടുക്കുക എന്നിവയാണ് ഇക്കുറി സമ്മേളനത്തിന്‍റെ ലക്ഷൃമെന്ന് ഫാദര്‍ പ്രിവോസ്റ്റ് പ്രസ്താവിച്ചു.

ഇന്നൊസെന്‍റ് നാലാമന്‍ പാപ്പായുടെ കാലത്ത് 1243-ലാണ് യൂറോപ്പില്‍ വിഘടിച്ചു നിന്നുരുന്ന നിഷ്പ്പാദുകരും ദേശാടകരുമായ സന്ന്യസ്തരെ ഒന്നിച്ചു ചേര്‍ത്ത് വിശുദ്ധ അഗസ്റ്റിന്‍റെ ആത്മീയ ചൈതന്യത്തില്‍ അഗസ്റ്റിനിയന്‍ സഭയ്ക്ക് രൂപംനല്കിയതെന്ന് ഫാദര്‍ പ്രിവോസ്റ്റ് പ്രസ്താവനയില്‍ അനുസ്മരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.