2013-08-28 18:07:56

സമത്വത്തിന്‍റെ സ്വപ്നസാക്ഷാത്ക്കാരത്തിന്
അന്‍പതു വയസ്സ്


28 ആഗസ്‍റ്റ് 2013, വാഷിങ്ടണ്‍
വംശീയ വര്‍ണ്ണവിവേചനത്തിനെതിരെ അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയറിന്‍റെ നേതൃത്വത്തില്‍ നടന്ന വാഷിങ്ടണ്‍ മാര്‍ച്ചിന്‍റെ 50-ാം വാര്‍ഷികമാണ് ആഗസ്റ്റ് 28. അമേരിക്ക ഭൂഖണ്ഡത്തിലെ സങ്കരസംസ്ക്കാരത്തില്‍ കറുത്തവരും വെളുത്തവരും എന്ന വിവേചനം വളര്‍ന്ന് സ്വാതന്ത്ര്യവും നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട വേദനയുടെ വീര്‍പ്പുമുട്ടലിലാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയറും അതുപോലെ വിവിധ മത-സാമൂഹ്യ നേതാക്കളും ഉണര്‍ന്നത്.
ദക്ഷിണാഫ്രിക്കയിലും, ഇന്ത്യയിലും വിജയിച്ച ഗാന്ധിജിയുടെ അഹിംസാ മാര്‍‍ഗ്ഗമാണ് അമേരിക്കയിലെ വംശീയ വിവേചനത്തിനെതിരെ പ്രതികരിക്കാന്‍ പ്രചോദനമായതെന്ന് മാര്‍ട്ടിന്‍ ലൂതര്‍ ജൂനിയിര്‍ പ്രസ്താവിച്ചിട്ടുണ്ട്.

1963 ആഗസ്റ്റ് 28-ന് നടത്തിയ വാഷിംങ്ടണ്‍ മാര്‍ച്ചില്‍ 10 ലക്ഷത്തോളം അമേരിക്കക്കാര്‍ വിവേചനമെന്ന സമൂഹ്യ അനീതിക്കും അസമത്വത്തിനുമെതിരെ ശബ്ദമുയര്‍ത്തി. വാഷിംങ്ടണിലെ ലിങ്കണ്‍ ചത്വരത്തില്‍ ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ നടത്തിയ പ്രഭാഷണം അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി മാത്രമല്ല, അവിടെ കുടിയേറിയിട്ടുള്ള എല്ലാ വംശക്കാരുടെയും വര്‍ഗ്ഗക്കാരുടെയും സ്വാതന്ത്ര്യത്തിനായുള്ള കാഹളനാദമായിരുന്നു. അമേരിക്കയിലെ എല്ലാവരും അതിനോട് സഹകരിച്ചു. ഹോളിവുഡില്‍നിന്നും ചള്‍ട്ടണ്‍ ഹെസ്റ്റണ്‍, പോള്‍ ന്യൂമാന്‍, ജൂലി റോബെര്‍ട്സ്, മെര്‍ളിലന്‍ ബ്രാന്‍ഡോ തുടങ്ങിയ വന്‍താരനിരയും അമേരിക്കന്‍ ജനതയുടെ തുല്യ പൗരനീതിക്കായുള്ള പോരാട്ടില്‍ അണിചേര്‍ന്നു.
വലിയ പ്രക്ഷോഭം പ്രതീക്ഷിച്ച അമേരിക്കന്‍ പ്രസിഡന്‍റ് സമ്മേളനാനന്തരം മാര്‍ട്ടിന്‍ ലൂതറുള്‍പ്പെടെയുള്ള സമരനേതാക്കളുമായി കൂടിക്കാഴ്ചനടത്തുകയും സമാധാനപൂര്‍ണ്ണമായ പ്രതിഷേധത്തെ അനുമോദിക്കുകയും ചെയ്തു.
Reported : nellikal, radio vatican








All the contents on this site are copyrighted ©.