2013-08-28 18:19:34

അജപാലന ശൈലിയിലെ
അഗസ്റ്റീനിയന്‍ ചൈതന്യം


28 ആഗസ്റ്റ് 2013, വത്തിക്കാന്‍
ദൈവസ്നേഹത്തിന്‍റെ അനുഭവം പകര്‍ന്നുതരുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലനശൈലിക്ക് വിശുദ്ധ ആഗസ്റ്റിന്‍റെ ആത്മീയചൈതന്യമുണ്ടെന്ന് വത്തിക്കാനിലെ വികാരി, ഫാദര്‍ ബ്രൂണോ സില്‍വസ്ട്രീനി പ്രസ്താവിച്ചു. ആഗസ്റ്റ് 28-് സഭ ആചരിച്ച വിശുദ്ധ ആഗസ്റ്റിന്‍റെ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാന്‍ ദിനപത്രം ലൊസര്‍വത്തോരേ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ്, വത്തിക്കാന്‍ സംസ്ഥാനത്തിന് അകത്തുള്ള വിശുദ്ധ അന്നയുടെ ഇടവക വികാരി, ഫാദര്‍ സില്‍വസ്ട്രീനി ഇങ്ങനെ പ്രസ്താവിച്ചത്.

എളിയവരും പാവങ്ങളും പാപികളുമായവരെ കാണുവാനും അവരോടും സംവദിക്കാനുമുള്ള റോമിന്‍റെ ഇപ്പോഴത്തെ മെത്രാന്‍, പാപ്പാ ഫ്രാന്‍സിസിന്‍റെ തീക്ഷ്ണത ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിന്‍റെ അജപാലന ശൈലിയോട് സാമ്യമുള്ളതാണെന്ന് അഗസ്തീനിയന്‍ സഭാംഗമായ ഫാദര്‍ സില്‍വസ്ട്രീനി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന സമര്‍പ്പണവും, അജഗണങ്ങളെ, വിശിഷ്യാ പാവങ്ങളും നിര്‍ദ്ധനരുമായവരെ നേരില്‍ കാണാനുള്ള ആവേശവും ലഭ്യതയും, വിശുദ്ധ അഗസ്റ്റിന്‍ കണ്ടെത്തിയ നിത്യസ്നേഹവും കരുണ്യവുമായ പിതാവായ ദൈവത്തെക്കുറിച്ചുള്ള അവബോധം പങ്കുവയ്ക്കാനുള്ള പരിശ്രമവുമാണെന്ന് ഫാദര്‍ സില്‍വസ്ട്രീനി ചൂണ്ടിക്കാട്ടി.

മനുഷ്യാവതാരം ചെയ്ത ‘ക്രിസ്തു ദൈവസ്നേഹമാണ്’ എന്ന സത്യം വ്യക്തിജീവിതത്തല്‍ കണ്ടെത്താനായതാണ് വിശുദ്ധ അഗസ്റ്റിന്‍റെ മാനസാന്തര കഥയും ജീവിതവിജയവുമെന്ന് അഗസ്റ്റീനിയന്‍ സഭാംഗമായ ഫാദര്‍ സില്‍വസ്ട്രീനി പ്രസ്താവിച്ചു. വൈകിയാണെങ്കിലും ജീവിതത്തില്‍ കണ്ടെത്തിയ നിത്യസത്യത്തിന്‍റെ സൗന്ദര്യപ്രഭാവത്തെ മറ്റുള്ളവരും അറിയണം, കണ്ടെത്തണം എന്ന ആഗ്രഹത്തോടെയാണ് വിശുദ്ധ അഗസ്റ്റിന്‍ തന്‍റെ ജീവിതപാളിച്ചകളുടെയും മാനസാന്തരത്തിന്‍റെയും കഥ കുമ്പസാരങ്ങളായി the confessions കുറിച്ചുവച്ചതെന്നും ഫാദര്‍ സില്‍വസ്ട്രീനി വെളിപ്പെടുത്തി.
വത്തിക്കാന്‍ സംസ്ഥാനത്തിന് അകത്തുള്ള വളരെ പുരാതനമായ (1583) വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവകപ്പള്ളിയാണ് ‘സന്താന്നാ,’ എന്ന വിശുദ്ധ അന്നയുടെ നാമത്തിലുള്ള പള്ളി.
Reported : nellikal, sedoc









All the contents on this site are copyrighted ©.