2013-08-27 17:37:12

സിറിയയില്‍ യു.എന്‍ നിരീക്ഷകര്‍ക്ക് നേരെ ആക്രമണം


27ആഗസ്റ്റ് 2013, ഡമാസ്ക്കസ്
സിറിയയിലെ രാസായുധപ്രയോഗത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കാനെത്തിയ യു.എന്‍ സംഘത്തിനു നേരെ ആക്രമണം നടന്നു. സംഘത്തിന്‍റെ വാഹനവ്യൂഹത്തിന് വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. കടുത്ത അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്നാണ് രാസായുധപ്രയോഗം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ യു.എന്‍ പ്രതിനിധിസംഘത്തിന് സിറിയ അനുവാദം നല്‍കിയത്. ആക്രമണത്തില്‍ യു.എന്‍ നിരീക്ഷകര്‍ക്കാര്‍ക്കും തന്നെ പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ സിറിയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കഴിഞ്ഞ ഞായറാഴ്ച ഒരിക്കല്‍ കൂടി പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തി. ഈ ദിവസങ്ങളില്‍ സിറിയയില്‍ നിന്നും പുറത്തുവന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍, ഒരിക്കല്‍ കൂടി സിറിയയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍, ആയുധങ്ങളുടെ ചിലമ്പൊച്ച അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍, തന്നെ നിര്‍ബന്ധിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സംഘട്ടനമല്ല, പരസ്പരം നേരില്‍ കാണാനും സംസാരിക്കാനുമുള്ള പാടവമാണ് പ്രത്യാശ നല്‍കുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി.
സിറിയയില്‍ നടക്കുന്ന സംഘട്ടനങ്ങള്‍ക്ക് ഇരയായവരോടും അതിന്‍റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്ന മറ്റെല്ലാവരോടും, വിശിഷ്യ കുട്ടികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച മാര്‍പാപ്പ അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനാ സാമീപ്യവും ഉറപ്പുനല്‍കി. പ്രത്യാശ കൈവെടിയരുതെന്ന് പാപ്പ അവരോടഭ്യര്‍ത്ഥിച്ചു. സിറിയന്‍ പ്രതിസന്ധി കൂടുതല്‍ ശ്രദ്ധയോടെ (Sensible) സമീപിക്കണമെന്നും, വിനാശവും മൃത്യുവും വിതയ്ക്കുന്ന ഒരു യുദ്ധത്തിനു പരിഹാരം കണ്ടെത്താന്‍ സിറിയന്‍ ജനതയെ സഹായിക്കണമെന്നും, അന്താരാഷ്ട്ര സമൂഹത്തോടും മാര്‍പാപ്പ ആവശ്യപ്പെട്ടു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.