2013-08-27 17:36:51

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുഗ്രഹാശിസുകള്‍ തേടി ഫാ.പെപ്പേയെത്തി


27ആഗസ്റ്റ് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ ഫാ.ഹോസെ മരിയ ദി പൗളയുമായി കൂടിക്കാഴ്ച്ച നടത്തി. വേനല്‍ക്കാല അവധി പ്രമാണിച്ച് സെപ്തംബര്‍ 4വരെ മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച്ചകളും സ്വകാര്യകൂടിക്കാഴ്ച്ചകളും റദ്ദാക്കിയിരിക്കുകയാണെങ്കിലും അപൂര്‍വ്വം ചില കൂടിക്കാഴ്ച്ചകള്‍ വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുവദിക്കുന്നുണ്ട്. അതിലൊന്നായിരുന്നു അര്‍ജന്‍റീനയിലെ ബ്യൂനെസ് എയിരെസ് അതിരൂപതയില്‍ നിന്നുമെത്തിയ ഫാ.പെപ്പേ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഫാ.ഹോസെ മരിയ ദി പൗളയുമായുള്ള കൂടിക്കാഴ്ച്ച

‘അതിര്‍ത്തികളിലേക്കിറങ്ങി ചെല്ലുക’ എന്ന പേപ്പല്‍ ഉത്ബോധനത്തിന്‍റെ നേര്‍സാക്ഷൃമാണ് ബ്യൂനെസ് എയിരെസിലെ ചേരികളില്‍ ലഹരിവിമുക്ത പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്ന ഫാ.പെപ്പേ. മയക്കുമരുന്നു മാഫിയക്കാരുടെ വധഭീഷണികള്‍ വകവയ്ക്കാതെ തന്‍റെ ശുശ്രൂഷ നിര്‍ബാധം തുടരുന്ന ഫാ.പെപ്പേയ്ക്ക് കര്‍ദിനാള്‍ ബെര്‍ഗോളിയോയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. ആഗസ്റ്റ് 24ാം തിയതി ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പയെ നേരില്‍ക്കണ്ട ഫാ.പെപ്പേ മാര്‍പാപ്പയുടെ അനുഗ്രഹാശിസ്സുകളും ഏറ്റുവാങ്ങി.

കര്‍ദിനാള്‍ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണ് അദ്ദേഹത്തെ നേരില്‍ കാണുന്നതെന്ന് വത്തിക്കാന്‍ റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫാ.പെപ്പേ പറഞ്ഞു. ബ്യൂനെസ് എയിരസിലെ അതിരൂപതാ ആസ്ഥാനത്ത് തന്നെ കാണാനെത്തുന്നവരെ നേരിട്ടുവന്നു സ്വീകരിക്കുന്നത് കര്‍ദിനാളിന്‍റെ പതിവായിരുന്നു. മാര്‍പാപ്പയായിട്ടും, അന്നത്തെ ലാളിത്യമാര്‍ന്ന അതേ ശൈലിയാണ് അദ്ദേഹത്തില്‍ ഇപ്പോഴും കാണുന്നത്. സഭയിലെ ഒരു രാജകുമാരനെപ്പോലെയല്ല, ഒരു എളിയ ശുശ്രൂഷകനെപ്പോലെയാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റമെന്നും ഫാ.പെപ്പേ അഭിപ്രായപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.