2013-08-26 16:12:28

പേരില്‍ മാത്രം ക്രിസ്ത്യാനിയായിരിക്കാതെ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുക: മാര്‍പാപ്പ


വത്തിക്കാനില്‍ മാര്‍പാപ്പയെ നേരില്‍കാണാന്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളാണ് ഞായറാഴ്ചകളിലെ ത്രികാല പ്രാര്‍ത്ഥനയും ബുധനാഴ്ചകളിലെ പൊതുക്കൂടിക്കാഴ്ച്ചയും. വേനലവധി പ്രമാണിച്ച് ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ച്ച സെപ്തംബര്‍ 4വരെ റദ്ദാക്കിയിരിക്കുന്നതിനാല്‍ ഞായറാഴ്ചയിലെ ത്രികാല പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോള്‍ മാര്‍പാപ്പയെകാണാന്‍ റോമിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു ലഭിക്കുന്ന ഏക അവസരം.

മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കുന്നതും പ്രാര്‍ത്ഥന നയിക്കുന്നതും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പേപ്പല്‍ അരമനയിലെ പഠന മുറിയുടെ ജാലകത്തിങ്കല്‍ നിന്നുകൊണ്ടാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയും (25.08.2013) നാനാദേശക്കാരും ഭാഷക്കാരുമായ അനേകര്‍ മാര്‍പാപ്പ നയിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി വത്തിക്കാനിലെത്തിയിരുന്നു. കൃത്യ സമയത്ത് അപ്പസ്തോലിക അരമനയിലെ പഠന മുറിയുടെ ജാലകത്തിങ്കലേക്ക് ആഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ വന്‍ഹര്‍ഷാരവത്തോടെ ജനം എതിരേറ്റു.

സസ്നേഹം ജനങ്ങളെ അഭിവാദ്യം ചെയ്ത മാര്‍പാപ്പ ത്രികാലജപം ആരംഭിക്കുന്നതിനു മുന്‍പ് പതിവുപോലെ ഒരു ചെറിയ വിചിന്തനവും നല്‍കി. ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ച സുവിശേഷഭാഗം ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ പ്രഭാഷണം. വി.ലൂക്കായുടെ സുവിശേഷം 13ാം അദ്ധ്യായം 22 മുതല്‍ 30വരെയുള്ള വചനഭാഗത്ത് സ്വര്‍ഗരാജ്യത്തിലേക്കു നയിക്കുന്ന ഇടുങ്ങിയ വാതിലിനെക്കുറിച്ച് യേശു നല്‍കുന്ന വിവരണമായിരുന്നു സുവിശേഷഭാഗം. ഈ സുവിശേഷഭാഗത്തെ അധികരിച്ച് മാര്‍പാപ്പ നല്‍കിയ വിചിന്തനത്തിന്‍റെ മലയാള പരിഭാഷ ചുവടെ ചേര്‍ക്കുന്നു.

പ്രിയസഹോദരീ സഹോദരന്‍മാരേ സുപ്രഭാതം,
ഇന്നത്തെ സുവിശേഷഭാഗം രക്ഷാകര രഹസ്യത്തെക്കുറിച്ച് ധ്യാനിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. ഗലീലിയില്‍നിന്നും ജറുസലേം നഗരത്തിലേക്ക് സഞ്ചരിക്കുകയാണ് യേശു. യാത്രാമദ്ധ്യേ ഒരുവന്‍ യേശുവിനെ സമീപിച്ചു ചോദിക്കുന്നു. “കര്‍ത്താവേ രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?” (ലൂക്കാ 13:23) ഈ ചോദ്യത്തിന് നേരിട്ടൊരു മറുപടിയല്ല യേശു നല്‍കിയത്. എത്രപേര്‍ രക്ഷപ്രാപിക്കുമെന്നതല്ല, എങ്ങനെ രക്ഷപ്രാപിക്കുമെന്നതാണ് പ്രധാനം. യേശുവിന്‍റെ മറുപടി ഇപ്രകാരമായിരുന്നു. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോട് പറയുന്നു അനേകം പേര്‍ അതിലൂടെ പ്രവേശിക്കാന്‍ ശ്രമിക്കും എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല,” (ലൂക്കാ 13:24) യേശു ഇവിടെ എന്താണ് അര്‍ത്ഥമാക്കുന്നത്? ഏതുവാതിലിലൂടെയാണ് നാം പ്രവേശിക്കേണ്ടത്? എന്തുകൊണ്ടാണ് ഇടുങ്ങിയ വാതിലിനെക്കുറിച്ച് യേശു പ്രതിപാദിക്കുന്നത്?
സുവിശേഷത്തില്‍ നിരവധി തവണ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന പ്രതീകങ്ങളിലൊന്നാണ് വാതില്‍ അഥവാ കവാടം. സ്നേഹത്തിന്‍റേയും കരുതലിന്‍റേയും സുരക്ഷിത്വത്തിന്‍റേയും പര്യായമായ കുടുംബത്തിലേക്കുള്ള പ്രവേശന കവാടമാണല്ലോ ഒരു ഭവനത്തിന്‍റെ വാതില്‍. യേശു ഇവിടെ പ്രതിപാദിക്കുന്നത് ദൈവത്തിന്‍റെ ഭവനത്തിലേക്കുള്ള പ്രവേശന കവാടത്തെക്കുറിച്ചാണ്. ദൈവിക കുടുംബത്തില്‍ പങ്കുചേരാനും ദൈവവുമായി ഐക്യപ്പെടാനും ഈ വാതിലിലൂടെയാണ് നാം പ്രവേശിക്കേണ്ടത്.
യേശുക്രിസ്തു തന്നെയാണ് ഈ വാതില്‍. നമ്മുടെ രക്ഷാമാര്‍ഗമാണ്, യേശുവാകുന്ന വാതില്‍. യേശു തന്‍റെ പിതാവിന്‍റെ പക്കലേക്ക് നമ്മെ ആനയിക്കുന്നു. ഒരിക്കലും അടയ്ക്കാത്ത വാതിലാണ് യേശു. ഒരിക്കലും അടയ്ക്കാതെ എല്ലായ്പ്പോഴും തുറന്നിരിക്കുന്ന ഒരു വാതില്‍, എല്ലായ്പ്പോഴും എല്ലാവര്‍ക്കും വേണ്ടി തുറന്നിരിക്കുന്ന ഒരു വാതിലാണ് യേശു. ആരേയും അവഗണിക്കാത്ത, ആര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാത്ത വിവേചനരഹിതമായ ഈ വാതില്‍ക്കല്‍കൂടി ആര്‍ക്കുവേണമെങ്കിലും കടന്നുപോകാം. കാരണം യേശു ആരേയും ഒഴിവാക്കില്ല. ഒരുപക്ഷേ ആരെങ്കിലും പറഞ്ഞേക്കാം, “പിതാവേ, എന്നെ തീര്‍ച്ചയായും യേശു ഒഴിവാക്കും. കാരണം ഞാന്‍ വലിയൊരു പാപിയാണ്. ഗുരുതരമായ അനേകം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.” ഇല്ല, യേശു നിന്നെ ഒഴിവാക്കില്ല! അത് നിന്നെ യേശുവിന് പ്രിയപ്പെട്ടവനാക്കുന്നു. കാരണം പാപികള്‍ യേശുവിന് പ്രിയങ്കരരാണ്. പാപികളെ സ്നേഹിക്കുകയും അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്നവനാണ് യേശു. നിന്നെ സ്നേഹപൂര്‍വ്വം ആശ്ലേഷിച്ച് നിന്‍റെ പാപങ്ങള്‍ മോചിക്കാനായി യേശു നിന്നെയും കാത്തിരിക്കുന്നു.
ഭയപ്പെടേണ്ട, നിന്നെയും കാത്തിരിക്കുകയാണ് യേശു. ധൈര്യപൂര്‍വ്വം ഈ വാതിലിലൂടെ പ്രവേശിക്കുവിന്‍. വിശ്വാസത്തിന്‍റെ കവാടത്തിലൂടെ ക്രിസ്തുവിന്‍റെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നവരാണ് നാമെല്ലാവരും. ക്രിസ്തു നമ്മുടെ ജീവിതത്തിലേക്കു പ്രവേശിക്കാനും നാം അനുവദിക്കണം. നമ്മെ രൂപാന്തരീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ക്രിസ്തു നമുക്കു ശാശ്വത സമാധാനം പ്രദാനം ചെയ്യും.
ഇന്ന്, ക്ഷണിക സുഖം വാഗ്ദാനം ചെയ്യുന്ന അനേകം വാതിലുകള്‍ നമുക്കു മുന്‍പില്‍ തുറക്കപ്പെടുന്നുണ്ട്. അവ നല്‍കുന്ന ആനന്ദം നൈമിഷകമാണ്, അതു നീണ്ടു നില്‍ക്കില്ല. നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ: ഏതു വാതിലിലൂടെ പ്രവേശിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? സ്വജീവിതത്തിന്‍റെ പ്രവേശനകവാടത്തില്‍ ആരെ സ്വീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്? ഒരു കാര്യം ഉറപ്പിച്ചു പറയാം, ക്രിസ്തീയ വിശ്വാസത്തിന്‍റെ കവാടത്തിലേക്ക് പ്രവേശിക്കാന്‍ നാം ഭയപ്പെടേണ്ടതില്ല. ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക് നമുക്ക് സ്വീകരിക്കാം. അങ്ങനെ, നമ്മുടെ സ്വാര്‍ത്ഥതയിലും അഹംഭാവത്തിലും അന്യരോടുള്ള അവഗണനയിലും നിന്ന് ക്രിസ്തു നമ്മെ പുറത്തേക്കാനയിക്കും. നമ്മുടെ ജീവിതങ്ങളെ പ്രകാശമയമാക്കുന്ന നിത്യപ്രകാശമാണ് ക്രിസ്തു. ഒരു പൂത്തിരിയോ മിന്നല്‍ വെളിച്ചമോ പോലെ ക്ഷണികമല്ല ക്രിസ്തുവിന്‍റെ പ്രകാശം. നമുക്ക് സമാധാനം പ്രദാനം ചെയ്യുന്ന പ്രശാന്തവും ശാശ്വതവുമായ വെളിച്ചമാണവിടുന്ന്. യേശുവാകുന്ന വാതിലിലൂടെ പ്രവേശിക്കുമ്പോള്‍ നാം ഈ പ്രകാശം കണ്ടെത്തും.
തീര്‍ച്ചയായും, ഇടുങ്ങിയ വാതിലാണ് ക്രിസ്തു. പക്ഷേ, അത് ദണ്ഡനമുറിയിലേക്കുള്ള പ്രവേശനമല്ല. ദണ്ഡന സ്ഥലത്തേക്കുള്ള പ്രവേശനകവാടമായതുകൊണ്ടല്ല ഈ വാതില്‍ ഇടുങ്ങിയതാണെന്നു പറയുന്നത്, നേരെ മറിച്ച്, ക്രിസ്തുവിന്‍റെ സ്നേഹവും ക്ഷമയും രക്ഷയും ആവശ്യമുള്ള പാപികളാണ് നാമെന്ന് അംഗീകരിച്ചുകൊണ്ട് അവിടുത്തേക്കായി നമ്മുടെ ഹൃദയം തുറന്നു നല്‍കേണ്ടി വരുന്നതാണ് പ്രയാസകരം. ഈ വാതിലിലൂടെ പ്രവേശിക്കണമെങ്കില്‍ ദൈവിക കാരുണ്യം സ്വീകരിക്കാനും ക്രിസ്തുവിനാല്‍ നവീകരിക്കപ്പെടാനും നാം സന്നദ്ധരാകേണ്ടി വരും.
പേരില്‍ മാത്രം ക്രിസ്ത്യാനികളായിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഈ സുവിശേഷഭാഗത്തിലൂടെ ക്രിസ്തു നമ്മെ അനുസ്മരിപ്പിക്കുന്നു. നിങ്ങളോടൊന്നു ചോദിക്കട്ടേ, നിങ്ങള്‍ പേരില്‍ മാത്രം ക്രിസ്ത്യാനികളാണോ? അതോ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുന്നവരാണോ? ഓരോരുത്തരും സ്വന്തം ഉള്ളിന്‍റെ ഉള്ളില്‍ ഉത്തരം നല്‍കുക. നാം പേരില്‍ മാത്രം ക്രിസ്ത്യാനികളായിരിക്കരുത്, യഥാര്‍ത്ഥ ക്രൈസ്തവ ജീവിതം നയിക്കുന്നവരാകണം. പ്രാര്‍ത്ഥനയിലൂടേയും, ജീവകാരുണ്യ പ്രവര്‍ത്തികളിലൂടേയും സ്വന്തം വിശ്വാസം ഏറ്റുപറയുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍. നല്ലകാര്യങ്ങള്‍ ചെയ്യുകയും നീതിയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നവരാണവര്‍. നമ്മുടെ ജീവിതം പൂര്‍ണ്ണമായും ക്രിസ്തുവാകുന്ന ഇടുങ്ങിയ വാതിലിലൂടെ കടന്നുപോകണം.
വിശ്വാസത്തിന്‍റെ കവാടത്തിലൂടെ പ്രവേശിക്കാനും സുവിശേഷത്തിന്‍റെ ആനന്ദം എല്ലാവരോടും പങ്കുവയ്ക്കാനും സ്വര്‍ഗീയ കവാടമായ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.