2013-08-24 11:09:49

ജീവിതവഴികളില്‍ ആശ്രയമാകുന്ന
ക്രിസ്തുവിന്‍റെ സ്നേഹാലയം


RealAudioMP3
വിശുദ്ധ ലൂക്കാ 10 25-37 തോജസ്ക്കരണകാലം, മൂന്നാം ഞായര്‍
“അപ്പോള്‍ ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് ക്രിസ്തുവിനെ പരീക്ഷിക്കുവാന്‍ ചോദിച്ചു. ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? അവിടുന്നു ചോദിച്ചു. നിയമത്തില്‍ എന്ത് വായിക്കുന്നു? അയാള്‍ ഉത്തരം പറഞ്ഞു. നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര‍ണ്ണാത്മാവോടും പൂര്‍ണ്ണ ശക്തിയോടും പൂര്‍ണ്ണ മനസ്സോടുംകൂടെ സ്നേഹിക്കണം. നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. അവിടുന്നു പ്രത്യുത്തരിച്ചു. നീ ശരീയായി ഉത്തരംപറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക. നീ ജീവിക്കും. എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു. ആരാണ് എന്‍റെ അയല്‍ക്കാരന്‍?
യേശു പറഞ്ഞു. ഒരുവന്‍ ജരൂസലേമില്‍നിന്ന് ജറീക്കോയിലേയ്ക്കു പോവുകയായിരുന്ന. അവന്‍ കവര്‍ച്ചക്കാരുടെ കൈയ്യില്‍പ്പെട്ടു. അവര്‍ അവന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ടിട്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍ അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍ ഒരു സമരിയാക്കാരന്‍ യാത്രാമദ്ധ്യേ അവന്‍ കിടന്ന സ്ഥലത്തുവന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ് അടുത്തുചെന്ന് എണ്ണും വീഞ്ഞുമൊഴിച്ച്, അവന്‍റെ മുറിവുകള്‍ വച്ചുകെട്ടി. തന്‍റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചിരിച്ചു. അടുത്ത ദിവസം അവന്‍ സ്ത്രം സൂക്ഷിപ്പുകാരന്‍റെ കൈയില്‍ രണ്ടു ദാനാറ കൊടുത്തിട്ടു പറഞ്ഞു. ഇവന്‍റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്. അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശു പറഞ്ഞു. നീയും പോയി അതുപോലെ ചെയ്യുക.”

ആപത്തില്‍പ്പെട്ടവനെ സമറിയാക്കാരന്‍ തക്കസമയത്ത് സഹായിച്ചു. ഇത് സ്നേഹമുള്ള നല്ല അയല്‍ക്കാരന്‍റെ മാതൃകയാണെന്ന് ക്രിസ്തു പ്രസ്താവിക്കുന്നു. ഇവിടെ നന്മയുടെ പ്രയോക്താവാകുന്നത് യഹൂദരുടെ ബദ്ധശത്രുവായ സമറിയക്കാരനാണ്. സമറിയക്കാര്‍ മറ്റൊരു മതസ്ഥര്‍ ആയിരുന്നതിനാലാണ് അവരെ യഹൂദര്‍ വെറുത്തിരുന്നത്. എന്നാല്‍ സമറിയക്കാരനെ സ്നേഹത്തിന്‍റെയും ഔദാര്യത്തിന്‍റയും പ്രതീകമായി തന്‍റെ കഥയില്‍ ക്രിസ്തു ചിത്രീകരിക്കുന്നു. യഹൂദ പുരോഹിതനില്‍നിന്നും ലേവ്യനില്‍നിന്നും വ്യത്യസ്തനായി ‘ബലിയല്ല കരുണയാണ്’ ജീവിതത്തിനാവശ്യം (മത്തായി 12, 33) എന്നു പഠിപ്പിക്കുന്നത് സമറിയക്കാരനാണ്. അതിനാല്‍ അവനെ ക്രിസ്തു നല്ല സമറിയാക്കാരന്‍ എന്നു വിളിക്കുന്നു.

നിയമജ്ഞന്‍ പഴയനിയമത്തിലെ നിയമാവര്‍ത്തനം, ലേവ്യര്‍ എന്നീ ഗ്രന്ഥങ്ങളില്‍നിന്നുള്ള രണ്ടു വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്, ആരാണ് നല്ല അയല്‍ക്കാരന്‍, എന്ന ക്രിസ്തുവിന്‍റെ ചോദ്യത്തിന് ഉത്തരം നല്കിയത്.. ഇതില്‍ ആദ്യത്തേത് യഹൂദരുടെ Shema…പ്രാര്‍ത്ഥനയാണ്. “ഇസ്രായേലേ, കേള്‍ക്കൂ.” കേള്‍ക്കുക എന്നതിനുള്ള ഹെബ്രായ പദമാണ് shemu. “നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്,” എന്നു പറഞ്ഞു തുടങ്ങുന്ന യഹൂദ വിശ്വാസപ്രമാണം ഉടലെടുക്കുന്ന നിയമാവര്‍ത്തനം 6, 4-6. ലേവ്യര്‍ 19, 18, എന്നീ ഗ്രന്ഥങ്ങളില്‍ നിന്നുതന്നെയാണ്, “നിന്നെപ്പോലെ നിന്‍റെ ആയല്‍ക്കാരനെ സ്നേഹിക്കണം,” എന്നു പഠിപ്പിക്കുന്നതും. അയല്‍ക്കാരന്‍ എന്നത് സഹജനായ, സ്വന്തം മതസ്ഥനായ ഇസ്രായേല്യന്‍ മാത്രമാണ്. അതായത് അയല്‍പക്കത്തു താമസിക്കുന്നത് അന്യമതസ്ഥനാണെങ്കില്‍ അയല്‍ക്കാരനല്ല. ആവശ്യത്തിലിരിക്കുന്നവന്‍ അന്യജാതിക്കാരനാണെങ്കില്‍ അവന്‍ അയല്‍ക്കാരനല്ല. ജനിച്ച മതമോ ജാതിയോ നോക്കി ശത്രുമിത്രങ്ങളെ നിശ്ചയിക്കുന്ന ഈ ഫാസിസ്റ്റ് രീതിയെയാണ് ക്രിസ്തു ചോദ്യംചെയ്യുന്നത്. അന്നു വരെ അംഗീകരിക്കപ്പെട്ടിരുന്ന പാരമ്പര്യത്തെയും മതവിശ്വാസത്തെയും അവിടുന്ന് വെല്ലുവിളിക്കുകയാണ്. യഹൂദമതത്തിന്‍റെ നേതാക്കള്‍ ചെയ്യാന്‍ മടിച്ച ഒരു സ്നേഹശുശ്രൂഷ ചെയ്തുകൊടുത്തതിലൂടെ പുച്ഛിക്കപ്പെടുന്ന ഒരു മനുഷ്യന്‍ നല്ല അയല്‍ക്കാരനായി മാറിയ കഥയിലൂടെയാണ് ഈ വെല്ലുവിളി ക്രിസ്തു ലോകത്തില്‍ മുന്നോട്ടു വയ്ക്കുന്നത്.

ചിലരെങ്കിലും എന്‍റെ അയല്‍ക്കാരനല്ല എന്ന സൂചന നിയമജ്ഞന്‍റെ ചോദ്യത്തിലുണ്ട്. ആരാണ് എന്‍റെ അയല്‍ക്കാരന്‍? അയല്‍പക്കത്തു താമസിക്കുന്നവന്‍ അയല്‍ക്കാരന്‍ അല്ലാതിരിക്കുന്നില്ല, എന്ന ധ്വനി യേശുവിന്‍റെ ഈ ചോദ്യത്തിലുണ്ട്. ഒരാളും എന്‍റെ അയല്‍ക്കാരനല്ലാതിരിക്കുന്നില്ല എന്ന ധ്വനി യേശുവിന്‍റെ കഥയിലുമുണ്ട്. രക്തബന്ധവും ദേശീയതയും മതവിശ്വസവുമല്ല അയല്‍ക്കാരനെ നിശ്ചയിക്കുന്നത്, ഒരാള്‍ക്ക് മറ്റൊരാളോടുള്ള മനോഭാവമാണ്. നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു എന്ന് വായിച്ചറിഞ്ഞാല്‍ പോരാ. പുരോഹിതനും ലേവായനും അതറിയാം. നിയമജ്ഞനും അതറിയാം. അതെന്താണ് സൂചിപ്പിക്കുന്നത്, അര്‍ത്ഥമാക്കുന്നത് എന്ന് ഗ്രഹിക്കാനാകണം. ഇവിടെ അത് മനസ്സിലാക്കിയത് യഹൂദന്മാര്‍ പുച്ഛിച്ചു കളഞ്ഞ, അയിത്ത ജാതിക്കാരന്‍ എന്ന് മുദ്രകുത്തപ്പെട്ട സമറിയക്കാരനാണ്. വേദപുസ്തകം വായിക്കുന്നവരും പഠിപ്പിക്കുന്നവരും വേദം തിരിച്ചറിഞ്ഞില്ല.

ഭൂമിയുടെ പൂര്‍ണ്ണ സൗഖ്യമായിരുന്ന ക്രിസ്തു സ്വപ്നം കണ്ടത്. ഒരാളുടെ എല്ലാ തലങ്ങളിലുമുള്ള ശ്രേഷഠത – ഡിഗ്നിറ്റി വീണ്ടെടുക്കുക എന്നതാണ് ക്രിസ്തുവിന്‍റെ മനസ്സിലെ സൗഖ്യദാനത്തിന്‍റെ അര്‍ത്ഥം. അവിടുന്ന് ഇന്നും നമ്മോടു പറയുന്ന കഥ ജാതിയുടെയും മതത്തിന്‍റെയും ദേശങ്ങളുടെയും വര്‍ഗ്ഗവര്‍ണ്ണങ്ങളുടെയുമെല്ലാം അതിര്‍വരമ്പുകളെ ഭേദിച്ച്, മനുഷ്യാന്തസ്സു മാനിക്കുകയും, മനുഷ്യന്‍റെ സമഗ്രവിമോചനം ലക്ഷൃംവയ്ക്കുകയും ചെയ്യുന്ന രക്ഷയുടെ സുവിശേഷമാണ്. സുവിശേഷത്തില്‍ ക്രിസ്തു പറയുന്ന നല്ല സമറിയക്കാരന്‍റെ കഥ സമഗ്ര രക്ഷയുടെ കഥയാണ്. അത് അതിരുകളില്ലാത്ത, അളവുകളില്ലാത്ത ദൈവസ്നേഹത്തിന്‍റെ കഥയാണ്. കഥയിലെ കഴുതപ്പുറത്തുവന്ന സമറിയക്കാരന്‍ ക്രിസ്തുതന്നെയാണ്. ലോകത്തിനു സൗഖ്യവും രക്ഷയും വാഗ്ദാനംചെയ്തുകൊണ്ട് സുവിശേഷക്കഥ പറയുന്ന സ്നേഹരൂപനായ ക്രിസ്തുതന്നെയാണ് ഈ കഥയിലെ നായകന്‍.
‘വിജാതിയരുടെയും വിളുമ്പിലുള്ളവരുടെയും ചങ്ങാതി,’ എന്നായിരുന്നു - അവിടുത്തേയ്ക്ക് സമൂഹത്തില്‍നിന്നും കിട്ടിയ ആരോപണങ്ങളിലൊന്ന്. അതു തന്നെയാണ് ഈ കഥയിലും പ്രകടമാക്കപ്പെടുന്നത്.

സുവിശേഷക്കഥയില്‍, അവിടെ നടന്ന സംഭവത്തില്‍ ആ മനുഷ്യന്‍ മുറിപ്പെട്ടതിന്‍റെ കാരണമൊന്നും ക്രിസ്തു തിരയുന്നില്ല. അതിനെക്കാള്‍ പ്രധാനം ക്ഷതപ്പെട്ടു കിടക്കുന്നവനെ അടിയന്തിരമായി സഹായിക്കുക എന്നതാണ്. നിഷ്ഠകളിലും അനുഷ്ഠാനങ്ങളിലും കുരുങ്ങിപ്പോയ മതത്തിന് മുറിപ്പെട്ട മനുഷ്യനെ ശ്രദ്ധിക്കാന്‍പോലും നേരമോ സ്നേഹമോ ധ്യാനമോ ഇല്ല. അങ്ങനെയുള്ളവര്‍ കഥയിലെ പുരോഹിതനെപ്പോലെയും ദൈവാലയ ശുശ്രൂഷിയെപ്പോലെയും മറുവശംചേര്‍ന്ന്, മറ്റൊരുവശം ചേര്‍ന്ന് കടന്നുപോകുന്നു, വഴിമാറിപ്പോകുന്നു. എന്നാല്‍ എല്ലാത്തരത്തിലും തലത്തിലും മുറിപ്പെട്ടവരെ കൂട്ടിക്കൊണ്ടുപോകാന്‍ ക്രിസ്തു വിഭാവനംചെയ്ത സത്രമാണ് സഭ എന്നോര്‍ക്കണം. തന്‍റെ രണ്ടാം വരവോളം എല്ലാവരെയും കൂട്ടിക്കൊണ്ടു വരാന്‍ ക്രിസ്തു ആഗ്രഹിക്കുന്ന ഈ ലോകത്തെ സ്നേഹസദനം സഭയാണ്. ക്ഷതപ്പെട്ടവര്‍ ശുശ്രൂഷിക്കപ്പെടേണ്ട, സ്നേഹവും സാന്ത്വനവും കണ്ടെത്തേണ്ട സ്നേഹനിലയമാണ്, സ്നേഹഭവനമാണ് ഈ സ്ത്രം, സഭ. “അഴലിന്‍ നിഴലില്‍ ജീവിതവഴിയില്‍
ആശ്രയമായൊരു സത്രമിതാ...” എന്നാണ് കവി പാടിയിരിക്കുന്നത്.

ഇനി രണ്ടു നാണയങ്ങളാണ് സത്രക്കാരനു സമരിയക്കാരന്‍ നല്കുന്നത്.
ഈ നാണയങ്ങള്‍ വചനമായും കൂദാശയായും ഫാദര്‍ ബോബി ജോസ് കട്ടിക്കാട്ട് വ്യാഖ്യാനിക്കുന്നു. സത്രം സൂക്ഷിപ്പുകാരന്‍റെ റോളാണ് സമൂഹത്തിന്‍റെ നന്മ ആഗ്രഹിക്കുന്ന, പക്വമാര്‍ന്ന എല്ലാവരും നിര്‍വ്വഹിക്കേണ്ടത്. പുതിയ നിയമത്തില്‍ ആദിമ ക്രൈസ്തവരുടെ കൂട്ടത്തില്‍ രൂപമെടുത്ത മുതിര്‍ന്നവര്‍, ‘എല്‍ഡര്‍’ എന്നൊരു സങ്കല്പമാണിത്. അതിന്‍റെ അര്‍ത്ഥം, ആത്മീയ പക്വത ലഭിച്ച വ്യക്തി എന്നത്രെ. ആത്മീയ ബലങ്ങളില്‍ ദൃഢപ്പെട്ട ആര്‍ക്കും ഈ സത്രത്തിലെ ശുശ്രൂഷകരാകാം. പുരോഹിതര്‍ക്കും സന്ന്യസ്തര്‍ക്കും മാത്രമല്ലത്. മനുഷ്യത്വവും സ്നേഹവുമുള്ള ആര്‍ക്കും ഇതില്‍ പങ്കുചേരാം. നല്ല സമരിയക്കാരനായ ക്രിസ്തുവിന്‍റെ സ്നേഹാലയത്തില്‍ ആര്‍ക്കും ശുശ്രൂഷചെയ്യാവുന്നതാണ്, സൗഖ്യ ശുശ്രൂഷകരാകാവുന്നതാണ്. രക്തബന്ധങ്ങളെക്കാള്‍ പവിത്രമായ കര്‍മ്മബന്ധങ്ങള്‍ ഈ ഭൂമിയിലുണ്ട്. എന്‍റെ നാമത്തെപ്രതി സ്വന്തം മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരെയും ഉപേക്ഷിക്കുന്നവര്‍ക്ക് ഈ ഭൂമിയില്‍വച്ചുതന്നെ പതിന്മടങ്ങ് പ്രതിഫലം, ബന്ധുജനങ്ങളെ, സഹോദരങ്ങളെ കിട്ടുമെന്ന് ക്രിസ്തു പറയുന്നുണ്ട്.

സമറിയക്കാരനെപ്പോലെ സേവനത്തിന്‍റെ പാതയില്‍ ചരിച്ച വിശുദ്ധ കമിലസിനെ (ജൂലൈ 14-ാം തിയതി) സഭ ഈ വര്‍ഷം പ്രത്യേകമായി അനുസ്മരിക്കുന്നു. രോഗീ പരിചാരകര്‍ക്കായുള്ള (Servants of the Sick or Camillians) സന്ന്യാസ സഭാസ്ഥാപകനും, രോഗികളുടെയും ആതുരശുശ്രൂഷകരുടെയും മദ്ധ്യസ്ഥനുമാണ് ഇറ്റലിക്കാരനായ വിശുദ്ധ കമിലസ്.
ജൂലൈ 14, 1614-ല്‍ അന്തരിച്ച ഈ മഹാസിദ്ധന്‍റെ 4-ാം ചരമശതാബ്ദി വര്‍ഷമാണിത്. രോഗികളും പരിത്യക്തരുമായവരുടെ അനുദിന ശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്ന, വിശുദ്ധ കമിലസിന്‍റെ ആത്മീയമക്കളായ, സന്ന്യസ്തരെയും വൈദികരെയും പ്രത്യേകം അനുസ്മരിച്ച്, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. വിശുദ്ധ കമിലസിനെപ്പോലെ ‘നല്ല സമറിയക്കാരായി’ ജീവിക്കാം. ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരും, നഴ്സുമാരും, മറ്റ് ശുശ്രൂഷകരും ഈ പുണ്യവാന്‍റെ സേവന ചൈതന്യത്താല്‍ പ്രചോദിതരാകട്ടെ. വേദനിക്കുന്നവരുടെ ചാരെ സ്നേഹരൂപനായ ക്രിസ്തുവിന്‍റെ ആത്മീയ ചൈതന്യം പങ്കുവയ്ക്കാന്‍ നമുക്കു പരിശ്രമിക്കാം.
Prepared : nellikal, Radio Vatican








All the contents on this site are copyrighted ©.