2013-08-23 17:16:31

മനുഷ്യക്കടത്തിനെതിരേ അന്തര്‍ദേശീയ ശില്‍പശാല വത്തിക്കാനില്‍


23 ആഗസ്റ്റ് 2013, വത്തിക്കാന്‍
മനുഷ്യക്കടത്തിനേയും ആധുനിക അടിമത്വത്തെയുംക്കുറിച്ചു പഠിക്കാനായി വത്തിക്കാനില്‍ ഒരു അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23ന് യുനെസ്ക്കോയുടെ ആഭിമുഖ്യത്തില്‍ അടിമത്തനിര്‍മ്മാര്‍ജ്ജന ദിനം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മനുഷ്യക്കടത്തിനേയും ആധുനിക അടിമത്വത്തെയും സംബന്ധിച്ച് വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയെക്കുറിച്ച് സാമൂഹ്യപഠനത്തിനായുള്ള പൊന്തിഫിക്കല്‍ അക്കാഡമി അറിയിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഈ അന്തര്‍ദേശീയ ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നതെന്ന് അക്കാഡമിയുടെ ചാന്‍സലര്‍ ബിഷപ്പ് മാര്‍സെലോ സാന്‍ചെസ് സൊറൊന്‍ഡോ ഒരു വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. കത്തോലിക്കാ മെഡിക്കല്‍ അസോസിയേഷനുകളുടെ ആഗോള സമിതിയുമായി (FIAMC World Federation of the Catholic Medical Associations) സഹകരിച്ചുകൊണ്ടാണ് പൊന്തിഫിക്കല്‍ അക്കാഡമി ഈ ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹ്യപഠനത്തിനായുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ ആസ്ഥാന കേന്ദ്രമായ കാസീന പിയോയില്‍ നവംബര്‍ 2,3 തിയതികളിലാണ് ശില്‍പശാല നടക്കുക. മനുഷ്യക്കടത്തിന്‍റേയും ആധുനിക അടിമത്വത്തിന്‍റേയും വിവിധ തലങ്ങളെക്കുറിച്ച് മനസിലാക്കാനും, അവ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹായകരമായ നടപടികള്‍ ശാസ്ത്രസഹായത്തോടെ ആസൂത്രണം ചെയ്യാനും ശില്‍പശാല സഹായകമാകുമെന്ന് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.