2013-08-23 12:02:15

ഫാ.ജോസ് പുത്തന്‍വീട്ടില്‍ എറണാകുളം – അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍


23 ആഗസ്റ്റ് 2013,
ഫാ.ജോസ് പുത്തന്‍വീട്ടില്‍ എറണാകുളം – അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്ന സീറോമലബാര്‍ സഭ സിനഡാണ് മാര്‍പാപ്പയുടെ മുന്‍കൂര്‍ അനുമതിയോടെ (പൗരസ്ത്യ കാനോനിക നിയമം, 184) നിയുക്ത മെത്രാനെ തിരഞ്ഞെടുത്തത്. നിയുക്തമെത്രാന്‍റെ സ്ഥാനിക രൂപതയായി റുസുബിക്കാരി (Rusubbicari) രൂപത ഫ്രാന്‍സിസ് മാര്‍പാപ്പ നിശ്ചയിച്ചു നല്‍കി.

എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ തോമസ് ചക്യേത്ത് പ്രായപരിധിയെത്തി (CCEO can. 210 § 1) വിരമിച്ചതിനെതുടര്‍ന്നാണ് അതിരൂപതയുടെ പ്രോ വികാരി ജനറല്‍, ഫാ.ജോസ് പുത്തന്‍ വീട്ടില്‍ തത്സ്ഥാനത്തേക്ക് നിയമിതനായിരിക്കുന്നത്.

എറണാകുളം അതിരൂപതയിലെ ഇടപ്പള്ളി സ്വദേശിയാണ് നിയുക്ത മെത്രാന്‍ ജോസ് പുത്തന്‍വീട്ടില്‍. മംഗലാപുരം സെമിനാരിയിലെ വൈദിക പരിശീലനത്തിനു ശേഷം 1987 ഡിസംബര്‍ 26ന് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചു. ബെല്‍ജിയത്തിലെ വിഖ്യാതമായ ലുവൈന്‍ സര്‍വകലാശാലയിലായിരുന്നു ഉപരിപഠനം. എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകകളില്‍ സഹവികാരിയായി ശുശ്രൂഷചെയ്തിട്ടുള്ള ഫാ.പുത്തന്‍വീട്ടില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിവേദിതയുടെ അസിസ്റ്റന്‍റ് ഡയറക്ടറും (1999-00) വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനും ആയിരുന്ന ഫാ.ജോസ് പുത്തന്‍വീട്ടില്‍ 2011 മുതല്‍ എറണാകുളം – അങ്കമാലി അതിരൂപതയുടെ പ്രോ വികാര്‍ ജനറലാണ്.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.