2013-08-21 18:55:25

ഫാത്തിമാ നാഥയുടെ തിരുസ്വരൂപം
വത്തിക്കാനിലെത്തും


21 ആഗസ്റ്റ് 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പോര്‍ച്ചുഗലിലെ ഫാത്തിമായില്‍നിന്നും കന്യകാനാഥയുടെ തിരുസ്വരൂപം ഒക്ടോബര്‍ 12-ാം തിയതി വത്തിക്കാനിലെത്തുന്നത്. പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന മരിയന്‍ ശുശ്രൂഷയിലും ദിവ്യബലിയിലും ഫാത്തിമായിലെ ദര്‍ശനസ്ഥാനത്തുനിന്നും കൊണ്ടുവരുന്ന ദൈവമാതാവിന്‍റെ തിരുസ്വരൂപം തീര്‍ത്ഥാടകരുടെ വണക്കത്തിനായി പ്രദര്‍ശിപ്പിക്കപ്പെടും.
ഒക്ടോബര്‍ 12, 13 ശനി, ഞായര്‍ തിയതികളില്‍ വത്തിക്കാനില്‍ നടത്തപ്പെടുന്ന മേരിയന്‍ പരിപാടികളില്‍ പാപ്പായ്ക്കൊപ്പം ലോകത്തുള്ള വിവിധ മേരിയന്‍ സംഘടനകളുടെയും തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

1917-ല്‍ ഒക്ടോബര്‍ 13-ാം തിയതി ദൈവമാതാവ് ഫ്രാന്‍സിസ്, ലൂസി, ജസീന്ത എന്നീ ഇടയബാലകര്‍ക്ക് അവസാനമായി പ്രത്യക്ഷപ്പെട്ടു സന്ദേശം നല്കിയ ‘കൊവ്വാ ദി ഇറിയാ’ എന്ന സ്ഥലത്തെ പുരാതനമായ ദേവാലയത്തിലുള്ള അസ്സല്‍ രൂപമാണ് വത്തിക്കാനിലെത്തുന്നത്. സാധാരണഗതിയില്‍ ലോകപര്യടനത്തിന് കൊണ്ടുപോകുന്ന ഫാത്തിമാ തിരുസ്വരൂപം കൊവ്വായിലെ രൂപത്തിന്‍റെ പതിപ്പു മാത്രമാണ്.
കന്യകാനാഥയ്ക്ക് 1981-മെയ് 13-ന് വത്തിക്കാനില്‍വച്ച് വെടിയേറ്റ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വധശ്രമത്തില്‍നിന്നും രക്ഷപ്പെട്ടത് ഫാത്തിമാനാഥയുടെ സഹായത്താലാണെന്ന് വിശ്വാസിച്ചു, കാരണം അന്ന് ഫാത്തിമാനാഥയുടെ തിരുനാളായിരുന്നു. തന്‍റെ ഉദരഭാഗത്തുനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ബുള്ളറ്റ് ഏദേശം 3 അടി വലുപ്പമുള്ള ഈ തിരുസ്വരൂപത്തിന്‍റെ കിരീടത്തിലാണ് പിന്നീട് ഫാത്തിമാ സന്ദര്‍ശിച്ച പാപ്പാ ചാര്‍ത്തിയത്.

ഫാത്തിമാ തിരുസ്വരൂപ സന്ദര്‍ശനത്തിന്‍റെ കാര്യക്രമം :
ഒക്ടോബോര്‍ 12-ാം തിയതി ശനിയാഴ്ച രാവിലെ 8 മണിക്ക് തീര്‍ത്ഥാടകര്‍ക്കായി പത്രോസ്ലീഹായുടെ സ്മൃതിമണ്ഡപ സന്ദര്‍ശനത്തോടെയാണ് വിശ്വാസവത്സരത്തിലെ മരിയന്‍ ദ്വിദിന പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.
ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വത്തിക്കാനിലും പരസരത്തുമുള്ള ദേവാലയങ്ങളിലുമായി തീര്‍ത്ഥാടകര്‍ക്കായി നടത്തെപ്പെടുന്ന പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനയും അനുരഞ്ജന ശുശ്രൂഷയുമായിരിക്കും. വൈകുന്നേരം 5 മണിക്ക് ഫാത്തിമാ നാഥയുടെ തിരുസ്വാരൂപം വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ പാപ്പാ ഫ്രാന്‍സിസ് സാഘോഷം സ്വീകരിക്കും. തുടര്‍ന്ന് പാപ്പാ മരിയന്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 7 മണി മുതല്‍ ഫാത്തിമാ നാഥയുടെ തിരുസ്വരൂപം പൊതുവണക്കത്തിനും ധ്യാനത്തിനുമായി റോമിലെ ‘ദിവീനോ അമോരെ’ ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. ആ രാത്രി മറിയത്തോടൊപ്പമുള്ള ജാഗരാനുഷ്ഠാനമായി ആഘോഷിക്കും.

ഒക്ടോബര്‍ 13-ാം തിയതി ഞായറാഴ്ച രാവിലെ 8 മണിക്ക് വീണ്ടും
തിരുസ്വരൂപം വത്തിക്കാനിലെത്തും. 10 മണിക്ക് പാപ്പായ്ക്കൊപ്പമുള്ള ജപമാല സമര്‍പ്പണത്തിനു ശേഷം പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തുടര്‍ന്ന് ദിവ്യബലിയുമായിരിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.
Reported : Nellikal, sedoc









All the contents on this site are copyrighted ©.