2013-08-20 16:46:03

ഈജിപ്തിലെ ക്രൈസ്തവ വിരുദ്ധ ആക്രമണം അപലപനീയം : കര്‍ദിനാള്‍ സാന്ദ്രി


20 ആഗസ്റ്റ് 2013, വത്തിക്കാന്‍
ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് ക്രൈസ്തവര്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ അപലപനീയമെന്ന് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയൊനാര്‍ഡോ സാന്ദ്രി. ഈജിപ്തിലെ സംഘര്‍ഷത്തിന് അയവുവരുന്നതിനും അവിടെ സമാധാനവും അനുരഞ്ജനവും സംസ്ഥാപിക്കപ്പെടുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടര്‍ച്ചയായി അഭ്യര്‍ത്ഥിക്കുന്ന പശ്ചാത്തലത്തില്‍, വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിലൂടേയും അനുരജ്ഞനത്തിലൂടേയുമാണ് ഈജിപ്തില്‍ പ്രശ്നപരിഹാരമുണ്ടാകേണ്ടത്. അതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദിനാള്‍ സാന്ദ്രി അഭ്യര്‍ത്ഥിച്ചു. അതേസമയം, പ്രക്ഷോഭകര്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ചുട്ടെരിക്കുന്നതും ക്രൈസ്തവരെ ആക്രമിക്കുന്നതും അസ്വീകാര്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. മനുഷ്യാന്തസിനോടുള്ള ആദരവും, മതവിഭാഗങ്ങളുടെ പരസ്പരാദരവും, മതസ്വാതന്ത്ര്യവും ഈജിപ്തിന്‍റെ പുനര്‍നിര്‍മ്മിതിയ്ക്ക് അത്യന്താപേക്ഷിതമാണ്. ദൈവവിശ്വാസവും മതവും യുദ്ധത്തിനും അക്രമത്തിനുമുള്ള ഉപകരണങ്ങളല്ല. ദൈവം നല്‍കിയ പരസ്നേഹത്തിന്‍റെ കല്‍പനപ്രകാരം ജീവിക്കേണ്ടവരാണ് ക്രൈസ്തവരും മുസ്ലീമുകളുമെന്നും കര്‍ദിനാള്‍ സാന്ദ്രി പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.