2013-08-17 12:12:44

സമാധനാത്തിന്‍റെ ഇടനാഴികളില്‍
ഉയരുന്ന വചനത്തിന്‍റെ വാള്‍


RealAudioMP3 വിശുദ്ധ ലൂക്കാ 12, 49-53 ആണ്ടുവട്ടം 20-ാം ഞായര്‍
“ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍! എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട്, അതു നിവൃത്തിയാകുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു. ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ. അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേര്‍ ഇനിമേല്‍ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേര്‍ രണ്ടു പേര്‍ക്ക് എതിരായും രണ്ടുപേര്‍ മൂന്നുപേര്‍ക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവു പുത്രനും പുത്രന്‍ പിതാവിനും എതിരായിരും, അമ്മ മകള്‍ക്കും മകള്‍ അമ്മയ്ക്കും എതിരായും അമ്മായിയമ്മ മരുമകള്‍ക്കും മരുമകള്‍ അമ്മായിയമ്മയ്ക്കും എതിരായും ഭിന്നിക്കും.”

ഒരു മഹാപ്രളയത്തിനു മുമ്പുള്ള അവസാനത്തെ പെട്ടകമായിരിക്കും ഭൂമി. നോഹയുടെ നൗകയിലെന്നപോലെ അതിലും നിശ്ചയമായും രണ്ടുതരത്തിലുള്ള മനുഷ്യരുണ്ടാവണം, മലങ്കാക്കകളും അരിപ്രാവുകളും. സംഭവിച്ചതിങ്ങനെയാണ്. മഴയൊന്നു തോര്‍ന്നപ്പോള്‍ പുറത്തെ വിശേഷങ്ങള്‍ അറിയുവാന്‍ നോഹ ആദ്യം പറത്തിവിട്ടത് കാക്കയായിരുന്നു. അത് മടങ്ങിവന്നില്ല. എങ്ങനെവരാന്‍. കൊല്ലപ്പെട്ടവരുടെ ശേഷിപ്പുകളില്‍ അന്നം തിരയുകയാണല്ലോ അതിന്‍റെ രീതി. രാവിലെ ദിനപത്രം വായിക്കുന്ന ഒരാളെ ശ്രദ്ധിക്കുക. ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ അയാള്‍ തിടുക്കത്തില്‍ തിരയുന്നത് ദുരന്തങ്ങളല്ലേ. ചാരുകസേരയില്‍ കണ്ണടയൊക്കെ മടക്കിവച്ച് മലങ്കാക്ക സീരയസായിരുന്നു പത്രം വായിക്കുന്നു. ദുരന്തമൊന്നുമില്ല എന്നു കാണുമ്പോള്‍ പത്രം മടക്കിവച്ച് അയാള്‍ പറയും, “ഇന്ന് വര്‍ത്തയൊന്നുമില്ല!”

തെരുവിലെ വാഗ്വാദം കയ്യേറ്റത്തില്‍ അവസാനിക്കുമെന്നു നിനച്ച് കാത്തുനില്‍ക്കുമ്പോള്‍, അത് രമ്യതയില്‍ കലാശിക്കുന്നു. അപ്പോഴൊന്നോര്‍ക്കണം നമ്മുടെ ഉള്ളിലെ കാക്കയുടെ ഇച്ഛാഭംഗം! ഇരയോടൊപ്പം സഹതപിക്കുകയും വേട്ടക്കാരനോടൊപ്പം സഞ്ചിരിക്കുകയും ചെയ്യുന്ന ഒരസാധാരണ ജീവിയാണ് മനുഷ്യനെന്ന് ആരോ നിരീക്ഷിച്ചിട്ടുണ്ട്. ശരിയല്ലേ, അപരന്‍റെ സഹനങ്ങളിലും ദുരന്തങ്ങളിലും ഗൂഢമായൊരാഹ്ലാദം ഹൃദയത്തിന്‍റെ മനസ്സിന്‍റെ അഗാധങ്ങളിലെവിടെയോ നാം സൂക്ഷിച്ചുവച്ചിട്ടില്ലെന്ന് ആരറിഞ്ഞു?
പിന്നീട്... നോഹ ഒരരിപ്രാവിനെ ജാലകത്തിലൂടെ പറത്തിവിട്ടു. കടലെടുത്ത സംസ്കൃതിയുടെ മീതെ പച്ചില നാമ്പ് കണ്ടെത്തുവോളം അത് സങ്കടപ്പെട്ട് അലഞ്ഞുതിരിഞ്ഞു.. പരതി പറന്നു നടന്നു. അവസാനം, കൊക്കിലതൊരു പച്ചില നുള്ളിയെടുത്ത് പെട്ടകത്തിലേയ്ക്ക് മടങ്ങിയെത്തി. നോഹിനും മക്കള്‍ക്കും സന്തോഷമായി, സമാധാനമായി. ഈ ലോകത്ത് ഓരോ നിമിഷവും എണ്ണത്തില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സമാധാന പ്രേമികളുടെ പ്രതീകമായി പ്രാവ് മാറിയത് ഇങ്ങനെയാവണം. പെരുകുന്നതൊക്കെ മലങ്കാക്കകളാണ്.

ക്രിസ്തു പഠിപ്പിക്കുന്ന സമാധാനം കൈവരിക്കണമെങ്കില്‍ നാം ഒരു വാളെടുക്കണം - ദൈവഭരണമെന്ന വാള്, ദൈവവചനമാകുന്ന വാള്. ദൈവഹിതം നിറവേറ്റുന്നത് വാള്‍കൊണ്ടു ഛേദിക്കപ്പെടുന്നതുപോലെ വേദനാജനകമാണ് പക്ഷേ, അതാണ് ധീരന്മാരുടെ വഴി. ഭീരുക്കള്‍ സ്റ്റീല്‍ കൊണ്ടുള്ള വാള്‍, വടിവാള്‍ എടുക്കുന്നു. ധീരന്മാര്‍ വചനത്തിന്‍റെ വാളും. ദൈവവചനം അഗ്നിയും കണ്ണീരുമായ വാക്കാണ്. ലോകത്തെ
തീപിടിപ്പിക്കുന്ന വാക്കിനെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ദൈവത്തിന്‍റെ സാമാധാനം അഥവാ ക്ഷേമം ഭൂമിയിലേയ്ക്കു കൊണ്ടുവരാനാണല്ലോ ദൈവം മനുഷ്യനായത്. എന്നാല്‍, ഈ സമാധാനം അഥവാ ക്ഷേമം ഒരു ഭിന്നതകൂടി കൊണ്ടുവരുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഇത് വൈരുധ്യമായി തോന്നാം. അതുകൊണ്ടാണ് അവിടുന്നിങ്ങനെ പ്രസ്താവിച്ചത്. “ഞാന്‍ വന്നത് ഭൂമിയില്‍ തീയിടാനാണ്, എനിക്കൊരു ജ്ഞാനസ്നാനം സ്വീകരിക്കാനുണ്ട്. ഞാന്‍ വന്നിരിക്കുന്നത് ഭിന്നതയുളവാക്കാനാണ്.” ‘ഞാന്‍ വന്നിരിക്കുന്നത്,’ എന്ന പദസന്ധികളില്‍ യേശുവിന്‍റെ ജീവിതലക്ഷൃം അവതരിപ്പിച്ചിരിക്കുന്നു. ഭിന്നതിയലും ദൈവരാജ്യത്തിന്‍റെ നന്മ കൈവരിക്കണമെന്ന തീരുമാനത്തിനു മുമ്പിലാണ് ക്രിസ്തു നമ്മെ നിര്‍ത്തിയിരിക്കുന്നത്.

ക്രിസ്തു സന്ദേശത്തിന്‍റെ സംഗ്രഹമെന്നു കരുതേണ്ട അഷ്ഠഭാഗ്യങ്ങളില്‍ ഒന്ന് സമാധാനത്തിന്‍റെ വാഴ്ത്താണ്. “സമാധാനപലകര്‍ അനുഗൃഹീതര്‍, അവര്‍ ദൈവത്തെ കാണും,” (മത്തായി 5, 9). ശ്രദ്ധിക്കണം, സമാധാനപ്രിയര്‍ക്കല്ല സമാധാനത്തിനുവേണ്ടി സര്‍ഗ്ഗാത്മകമായി ഇടപെടുന്നവര്‍ക്കുവേണ്ടിയാണീ ആശീര്‍വാദം. “മലമുകളില്‍നിന്ന് സമാധാനത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ സുന്ദരം,” ഏശയ്യ 52, 7 എന്ന് ഏശയ്യാ പറയുമ്പോള്‍ പ്രവാചകന്‍റെ അകക്കണ്ണില്‍ ക്രിസ്തു ഉണ്ടായിരുന്നിരിക്കണം. സമാധാന പാലകര്‍ക്കുള്ള ഈ വാഴ്ത്ത് അവിടുത്തെ ശിഷ്യസമൂഹത്തില്‍ ചിലരെയെങ്കിലും വല്ലാതെ നടുക്കുകുയും ഉലയ്ക്കുകയും ചെയ്തിട്ടുണ്ടാകും. അവരില്‍ കുറച്ചുപേരെങ്കിലും ‘സെലറ്റുകള്‍’ എന്ന അക്കാലത്തെ തീവ്രവാദികളോട് ആഭിമുഖ്യവും മമതയും ഉള്ളവരായിരുന്നു. പന്ത്രണ്ടുപേരില്‍ ഒരാളുടെ പേരുപോലും അങ്ങനെയാണല്ലോ – തീവ്രവാദിയായ ശിമയോനെന്ന്, അയാള്‍ മാത്രമല്ല, സാക്ഷാല്‍ ശിമയോന്‍ പത്രോസ് പോലും തീവ്രവാദത്തിന്‍റെ ഇഷ്ടക്കാരനായിരുന്നുവെന്ന് കൗതുകകരമായ നിരീക്ഷണമുണ്ട്. ഒലിവു തോട്ടത്തിലെ അന്ത്യയാമത്തില്‍,
ആ വലിയ മുക്കുവന്‍റെ കയ്യില്‍ ചൂണ്ടയോ വീശുവലയോ അല്ല, വാളായിരുന്നെന്നോര്‍ക്കണം. ഉന്നം പിശകുന്നുവെന്നതവിടെ ഇരിക്കട്ടെ, ശിരസ്സ് ലാക്കാക്കി വെട്ടുമ്പോള്‍ കിട്ടയത് ചെവിത്തുണ്ടായിരുന്നു....
ആ വാള്‍ ക്രിസ്തു പറഞ്ഞിട്ടു തന്നെയാണല്ലോ പത്രോസ് എടുത്തതെന്ന കുഴപ്പം പിടിച്ച ചോദ്യമുണ്ട്. എന്തിനാണവന്‍ അങ്ങനെ പറഞ്ഞത്? എന്തായാലും അതു പത്രോസ് മനസ്സിലാക്കിയ രീതിയിലായിരുന്നില്ല, അവിടുന്നു പറഞ്ഞത് എന്നതാണല്ലോ പിന്നീടു സംഭവിച്ച കാര്യങ്ങളില്‍നിന്ന് രൂപപ്പെടുത്താവുന്ന അനുമാനം. ലൂക്കാ 22, 35-38.

“സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്,” എന്ന ക്രിസ്തു മൊഴികളുടെ പൊരുള്‍, പുറം ലോകത്തിന്‍റെ യഥാര്‍ത്ഥ വിചാരമല്ല. അത് ക്രിസ്തു പഠിപ്പിക്കുന്ന ആന്തരിക ജീവിതത്തിന്‍റെ ഉപമയാണ്. സുവിശേഷങ്ങളുടെ ആരംഭത്തില്‍ത്തന്നെ വാളിന്‍റെ പരാമര്‍ശമുണ്ട്. ഇത്തിരിപ്പോന്നൊരു കുഞ്ഞുമായി ഇതാ, അവിടെ ജരൂസലേം ദേവാലയത്തിലൊരു സ്ത്രീ നില്‍ക്കുന്നു. ശിമയോനെന്ന ദീര്‍ഘദര്‍ശി അവളുടെ ചാരെ വന്നു. “നിന്‍റെ ഉള്ളിലൂടെ വാള്‍ കടന്നുപോകും!” എന്തിനാണ് ഈ സാധുസ്ത്രീയുടെ നെഞ്ചിലൂടെ ഈ വാള്‍!! കാരണമുണ്ട്, തോളില്‍ കിടക്കുന്ന കുഞ്ഞ് അപകടകാരിയാണ്. ആരെങ്കിലും അവനെ ഗൗരവമായിട്ടെടുത്താല്‍ നിരന്തരം വിഭജിക്കപ്പെടുക എന്നതായിരിക്കും അവരുടെ തലവര. ചെയ്ത കാര്യങ്ങള്‍ക്കു മീതെയും ചെയ്യാത്ത കാര്യങ്ങള്‍ക്കു മീതെയും ആ വാളുണ്ടായിരിക്കും, എന്നാണ് ശിമയോന്‍ ഓര്‍പ്പിച്ചത്.

ഉദാഹരണത്തിന് ഉച്ചയാണ്. പള്ളിക്കൂടംവിട്ട് കുഞ്ഞുങ്ങളും ഫാക്ട്റിയില്‍നിന്ന് ഭര്‍ത്താവും എത്തേണ്ട നേരമായി. അമ്മ തിടുക്കത്തില്‍ എന്തോ പാകപ്പെടുത്തുമ്പോള്‍ ആരോ വാതിലില്‍ കൊട്ടുന്നു. ഒരു പൈതൃക്കാരനാണ്. “അമ്മാ, വിശക്കുന്നു.” “ഇവിടൊന്നിമില്ല,” എന്നിട്ട് വാതില്‍ കൊട്ടിടയ്ക്കുന്നു. കുട്ടികളെത്തി, ഭര്‍ത്താവും... അവര്‍ക്കുശേഷം ഒരുപിടി അന്നം ഭക്ഷിക്കുവാന്‍ അമ്മയും ഇരുന്നു. പെട്ടെന്ന് ഒരു കൊള്ളിയാന്‍! വചനത്തിന്‍റെ കൊള്ളിയാന്‍.... “ദൈവമേ, അയാള്‍ക്ക് എന്തെങ്കിലും കിട്ടിക്കാണുമോ!? അതോ, എല്ലാ വാതിലും ഇതുപോലെ അയാള്‍ക്കെതിരെ കൊട്ടിയടച്ചിട്ടുണ്ടാകുമോ?” അപ്പോള്‍ തണുത്ത ഒരു പിടിച്ചോറ് ആ സ്ത്രീയുടെ തൊണ്ടയില്‍ കരുങ്ങി. ഇതാണ് വാള്‍!

നമ്മുടെ ജീവിതത്തിന്‍റെ സ്വൈര്യതയുടെ അതിര്‍ത്തികള്‍, ചെറിയ ചെറിയ സ്വാസ്ഥ്യതകള്‍ തകര്‍ത്തുകൊണ്ടായിരിക്കണം പൂര്‍ണ്ണവും ഗാഢവുമായ ശാന്തിയിലേയ്ക്ക് ക്രിസ്തു നമ്മെ വീണ്ടെടുക്കുന്നത്. യഥാര്‍ത്ഥ സമാധാനത്തിന്‍റെ ഇടനാഴിയില്‍ വാളുണ്ട്. അതുകൊണ്ടാവണം ഒരു ഐറിഷ് ബിഷപ്പ് തന്‍റെ ഇടയലേഖനങ്ങള്‍ എപ്പോഴും അവസാനിപ്പിച്ചത് ഇങ്ങനെയാണ്, may the Lord deny you peace, and give you glory. സമാധാനം കെടുത്തി, മഹത്വത്തിലേയ്ക്കു നയിക്കട്ടെ. എന്ന്.

ക്രിസ്തു എപ്പോഴും ഭൂമിയോട് പറയുന്നുണ്ട്, “നിന്‍റെ വാള്‍ ഉറയിലിടുക.” എന്തൊരു മൂര്‍ച്ചയാണ് നമ്മുടെ വാക്കിനും നോക്കിനും നിഷേധത്തിനുമൊക്കെ. കരുവാനെപ്പോലെ അനുനിമിഷം നമ്മളതിനെ രാകിരാകി മിനുക്കുന്നു. “അതു പറയണമോ കൂട്ടുകാരാ, ഇത്രയും വേഗത്തില്‍ നീങ്ങണോ കൂട്ടുകാരി...” വാള്‍ ഉള്ളിലുണ്ടെന്നതു ശരിയാണ്. എങ്കിലും അത് ഉറയില്‍ ഇരിക്കട്ടെ, എന്നായിരിക്കണം ചിന്ത. വെളിപാടിന്‍റെ പുസ്തകത്തില്‍ അതിന്‍റെ പ്രതിധ്വനികളുണ്ട്. “വാളുകൊണ്ട് വധിക്കുന്നവന്‍ വാളിനിരയാകണം”
(വെളി. 13, 10). “വാളെടുത്തവന്‍ വാളാലെ,” എന്ന് അതിനോട് ക്രിസ്തു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ചരിത്രത്തിന്‍റെ കടലിനെ വാക്കിന്‍റെ എത്ര ചെറിയ ചിമിഴിലേക്കാണ്, ചെപ്പിലേയ്ക്കാണ് ക്രിസ്തു സംഗ്രഹിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അവിടുത്തെ തൃപ്പാദങ്ങളില്‍ ഞാന്‍ പ്രണമിക്കാതിരിക്കുന്നതെങ്ങനെ...!!
Prepared : nellikal, Radio Vatican








All the contents on this site are copyrighted ©.